ഇന്ത്യക്കായി പുതിയ 155 സിസി മാക്‌സി സ്‌കൂട്ടറുമായി യമഹ വരുന്നു; ഹീറോയ്ക്കും ഹോണ്ടയ്ക്കും ഉറക്കം പോവും
പുതിയ മോഡലുകളിലൂടെ ഇന്ത്യൻ ടൂവീലർ വിപണി കൈപ്പിടിയിലാക്കാനുള്ള തയാറെടുപ്പുകളെല്ലാം ആരംഭിച്ചിരിക്കുകയാണ് യമഹ. കഴിഞ്ഞ വർഷം അവസാനത്തോടെ XSR 155 ഇന്ത്യയിൽ പുറത്തിറക്കിയ കമ്പനി അധികം വൈകാതെ കിടിലനൊരു മാക്‌സി സ്‌കൂട്ടറിനെ കൂടി ഇന്ത്യക്കായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യമഹയിൽ നിന്നും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന എൻമാക്‌സ് 155 ആണ് ഇത്തവണ പിറവിയെടുക്കാൻ പോവുന്നത്. ആഗോള തലത്തിൽ വമ്പൻ വിജയമായതിന് ശേഷമാണ് നമ്മുടെ നിരത്തുകളിലേക്കും ഇവൻ എത്തുന്നത്. 2024 ഓട്ടോ എക്സ്പോയിൽ മോഡലിന്റെ പ്രദർശനം നടന്നിരുന്നുവെങ്കിലും പദ്ധതി മനപൂർവം യമഹ വൈകിപ്പിക്കുകയായിരുന്നു.
എന്തായാലും ഇനി ആളുകളെ കാത്തിരുത്തി മുഷിപ്പിക്കാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ തയാറല്ലെന്നാണ് വിവരം. അടുത്ത വർഷത്തോടെ എൻമാക്‌സ് 155 പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിലവിൽ മാക്‌സി സ്‌കൂട്ടർ രംഗത്ത് എയ്റോക്‌സ് 155 ഉണ്ടെങ്കിലും അതിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്‌മായിരിക്കും പുതിയ മോഡൽ. അതായത് രൂപത്തിലും ഭാവത്തിലുമെല്ലാം അടിമുടി മാറ്റമുണ്ടാവുമെന്ന് സാരം.

എന്നാൽ എയ്റോക്‌സിലെ അതേ വിവിഎ ടെക്‌നോളജിയുള്ള 155 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയായിരിക്കും യമഹ എൻമാക്‌സും ഉപയോഗിക്കുക. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 15hp കരുത്തും 6,500 ആർപിഎമ്മിൽ 14 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരിക്കുന്നതാണ്. എയറോക്സിനെപ്പോലെ എൻമാക്‌സിലും ഒരു അണ്ടർബോൺ ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്.
അതിൽ സ്പൈൻ സെക്ഷൻ വളരെ വ്യക്തമാകുന്നതിനാൽ ഫ്ലോർബോർഡിൽ സ്റ്റോറേജ് സ്പേസ് ഉണ്ടാകില്ല. എന്നാൽ 25 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് യമഹയുടെ വരാനിരിക്കുന്ന എൻമാക്‌സ് 155 മാക്‌സി സ്‌കൂട്ടറിലുണ്ടാവും. അതുമാത്രമല്ല, ഫീച്ചറുകളാലും സമ്പന്നമായിരിക്കും കക്ഷി. 4.2 ഇഞ്ച് കളർ TFT ഡിസ്‌പ്ലേ, കീലെസ് ഇഗ്നിഷൻ, പൂർണ എൽഇഡി ലൈറ്റിംഗ്, സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജി, ഫ്രണ്ട് ആപ്രോണിൽ രണ്ട് ക്യൂബിക് സ്പേസുകൾ എന്നിവയെല്ലാം ഇതിനെ ആളുകളിലേക്ക് ആകർഷിക്കും.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഗ്യാസ്-ചാർജ്ഡ് ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് യമഹ തങ്ങളുടെ മാക്സി സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് അറ്റത്തും ചെറിയ 13 ഇഞ്ച് അലോയ് വീലുകളായിരിക്കും എൻമാക്‌സിലുണ്ടാവുക. 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റാവും മോഡലിനുണ്ടാവുക. 1340 mm വീൽബേസ്, 125 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് മറ്റ് കാര്യങ്ങൾ.
7.1 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുള്ള എൻമാക്‌സിന് 135 കിലോഗ്രാം ഭാരമാണുള്ളത്. ഇന്ത്യൻ പതിപ്പായ എയറോക്സിൽ നിന്ന് എൻമാക്‌സിനെ വ്യത്യസ്തമാകുന്ന മറ്റൊരു ഘടകം ഫ്രണ്ടിന് പുറമെ പിന്നിലും മോഡൽ ഡിസ്ക് ബ്രേക്ക് ഉപയോഗിക്കുന്നുവെന്നതാണ്. വിദേശ വിപണികളിൽ ഡ്യുവൽ-ചാനൽ എബിഎസും എൻമാക്‌സ് 155 വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയിലെത്തുമ്പോൾ ഉപേക്ഷിക്കപ്പെടുമോ എന്നതാണ് കണ്ടറിയേണ്ടത്.

അടുത്ത വർഷത്തോടെ എൻമാക്‌സ് 155 വിപണിയിലെത്തിക്കാൻ യമഹ മോട്ടോർ ഇന്ത്യ സജീവമായി പ്രവർത്തിക്കുകയാണ്. അധിക എക്യുപ്മെന്റുകൾ, ഫീച്ചറുകൾ, സെഗ്മെന്റ് എന്നിവ കണക്കിലെടുക്കുമ്പോൾ എയ്റോക്സിനേക്കാൾ വില അൽപം കൂടുതലായിരിക്കുമെന്നാണ് അനുമാനം. എയ്റോക്‌സിന് നിലവിൽ 1.43 ലക്ഷം രൂപ മുതൽ 1.46 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില മുടക്കേണ്ടതായി വരുന്നത്. എന്തായാലും സ്കൂട്ടർ വിപണി പിടിക്കാനുള്ള യമഹയുടെ പുതിയ തന്ത്രങ്ങൾ എതിരാളികളും അടുത്ത് വീക്ഷിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications