ടോപ്പ് സെല്ലിംഗ് മോഡലിൽ നിന്നും മൂക്കുംകുത്തി വീണ് യമഹയുടെ നിയോ റെട്രോ ബൈക്ക്; വിൽപ്പന കുറഞ്ഞു
മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയ്ക്ക് ഒരു പ്രത്യേക ഇമേജും സ്നേഹവുമാണുള്ളത്. അതിന് കാരണക്കാരായത് ടൂ സ്ട്രോക്ക് യുഗത്തിലെ ഇതിഹാസങ്ങളാണെങ്കിൽ പിന്നീട് ഈയൊരു സ്നേഹം കാത്തുസൂക്ഷിക്കാൻ സഹായിച്ചത് FZ, R-15, MT-15 തുടങ്ങിയ യൂത്തൻമാരാൻ. ഒപ്പം സാധാരണക്കാർക്കായി ഫാസിനോ, റേ ZR എന്നീ രണ്ട് സ്‌കൂട്ടറുകളും കൂടിയെത്തിച്ചപ്പോൾ യമഹയുടെ വിൽപ്പന വാനോളം ഉയർന്നു. എന്നാൽ വിദേശത്തുള്ളൊരു ബൈക്ക് 6 കൊല്ലത്തോളം ഇന്ത്യക്കാർക്ക് തരാതിരുന്നതിൽ പലർക്കും വലിയ പരാതികളുണ്ടായിരുന്നു. മറ്റേതുമല്ല, XSR 155 എന്ന നിയോ റെട്രോ മോട്ടോർസൈക്കിളിൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്.
നവംബറിൽ എത്തിയ മോഡൽ ആദ്യ രണ്ട് മാസങ്ങളിലും ഗംഭീര വിൽപ്പന കണക്കുകളുമായി ഞെട്ടിച്ചു. കിടിലൻ സ്റ്റൈലിനൊപ്പം വേരിയബിൾ വാൽവ് ആക്ച്വേഷനുള്ള ആ ഐക്കണിക് എഞ്ചിനുള്ളത് തന്നെയാണ് ബൈക്കിനെ ആളുകളിലേക്ക് അടുപ്പിച്ചത്. നവംബർ 11-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച യമഹ XSR 155 ആദ്യമാസം തന്നെ 16,359 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കിയിരുന്നു. പിന്നീട് ഡിസംബറിൽ 14,951 യൂണിറ്റും വിറ്റഴിക്കാൻ യമഹയ്ക്ക് സാധിച്ചു.

എന്നാൽ 2026 കലണ്ടർ വർഷത്തിലെ ആദ്യ മാസത്തിൽ നിയോ റെട്രോ നിരാശപ്പെടുത്തുന്ന കണക്കുകളോടെയാണ് വിൽപ്പന അവസാനിപ്പിച്ചത്. ജനുവരിയിൽ ബൈക്കിൻ്റെ 4,087 യൂണിറ്റുകൾ മാത്രമാണ് യമഹയ്ക്ക് വിപണനം ചെയ്യാനായിരിക്കുന്നത്. കഴിഞ്ഞ മാസം ബ്രാൻഡിൻ്റെ ടോപ്പ് സെല്ലിംഗ് മോഡലാണ് ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി വീണിരിക്കുന്നത്. യമഹയുടെ 155 സിസി നിയോ റെട്രോ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 1,49,990 രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെത്തുമ്പോൾ എക്സ്ഷോറൂം വില 1.52 ലക്ഷമായി ഉയരുന്നുണ്ട്. ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി എത്തുമ്പോൾ യമഹ XSR 155 മോഡലിന് 1.94 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരും. ഫെബ്രുവരി മാസത്തോടെ ആമുഖ വിലയുടെ ഓഫറും അവസാനിക്കാനാരിക്കുകയാണ്. ഇതിന് ശേഷം മോഡലിന് എത്രരൂപയോളം കൂടുമെന്നത് വ്യക്തമായിട്ടില്ല. എങ്കിലും പുതിയ കളർ ഓപ്ഷനുകളെല്ലാമായി ബൈക്കിനെ ഒന്ന് നവീകരിക്കാൻ കമ്പനിക്ക് പ്ലാനുണ്ടെന്നാണ് ഡീലർഷിപ്പുകളിൽ നിന്നും ലഭിക്കുന്ന വിവരം.

മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീൻ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളാണ് യമഹ XSR 155 നിയോ റെട്രോ മോട്ടോർസൈക്കിളിലുള്ളത്. വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) ഉള്ള പരിചിതമായ 155 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകാൻ എത്തുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 18.1 bhp കരുത്തിൽ പരമാവധി 14.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
137 കിലോഗ്രാം ഭാരമുള്ള ഇതിന് 50 കിലോമീറ്ററോളം ആവറേജ് മൈലേജ് വരെ നൽകാനാവും. ഫീച്ചറുകളുടെ കാര്യത്തിൽ വലിയ ആഡംബരങ്ങളൊന്നുമില്ലെങ്കിലും SMS, കോൾ നോട്ടിഫിക്കേഷനുകൾ, നാവിഗേഷൻ എന്നിവയ്ക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ കൺസോളാണ് യമഹ ഒരുക്കിയിട്ടുണ്ട്. കൂടാതെ എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട്, ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ബൈക്കിലുണ്ട്.

വ്യത്യസ്ത തരത്തിലുള്ള ആളുകളെ ആകർഷിക്കുന്നതിന് രണ്ട് ആക്‌സസറി പാക്കേജുകളിലൂടെ യമഹ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും XSR155-ൽ ലഭ്യമാക്കിയിട്ടുണ്ട്. പരുക്കൻ സ്റ്റൈൽ ഇഷ്ടപ്പെടുന്നവർക്ക് യമഹ സ്‌ക്രാംബ്ലർ പാക്കേജും കൂടുതൽ സ്‌പോർട്ടിയർ, പെർഫോമൻസ് അധിഷ്ഠിത ഡിസൈൻ ആഗ്രഹിക്കുന്നവർക്കായി യമഹയുടെ കഫേ റേസർ പാക്കേജ് തെരഞ്ഞെടുക്കാം. ഇതിന് അധിക തുക നൽകേണ്ടി വരുമെന്ന് മാത്രം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








