എല്ലാത്തിനും കാരണം എഞ്ചിൻ, ഹൈബ്രിഡ് സ്‌കൂട്ടറിനെ വെട്ടി യമഹയുടെ ടോപ്പ് സെല്ലറായി XSR155
ഒരു എഞ്ചിൻ കാരണം മാത്രം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡിൻ്റെ ബൈക്കായി മാറാൻ അധികം സമയമൊന്നും വേണ്ടെന്ന് തെളിയിച്ച് തന്നിരിക്കുകയാണ് യമഹയുടെ ഏറ്റവും പുതിയ നിയോ റെട്രോ മോഡലായ XSR 155. ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന മോട്ടോർസൈക്കിൾ അൽപം വൈകിയാണ് വിപണനത്തിന് എത്തിയതെങ്കിലും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആളുകൾ. അതിനുള്ള പ്രധാന കാരണം ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ തന്നെയാണ്. ഒപ്പം നല്ല സ്റ്റൈലുള്ള രൂപവും കൂടിയായപ്പോൾ വാങ്ങാനായി ആളുകൾ വരി നിൽക്കുകയാണിപ്പോൾ. യമഹയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലായി മാറാനും XSR-ന് സാധിച്ചിരിക്കുകയാണ്.
2025 ഡിസംബർ മാസത്തിലാണ് ഈയൊരു നേട്ടം XSR 155 കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 14,951 യൂണിറ്റുകളുടെ വിൽപ്പന നേടിയാണ് ആശാൻ ഈയൊരു സ്ഥാനം റേ ZR ഹൈബ്രിഡ് സ്‌കൂട്ടറിൽ നിന്നും അടിച്ചെടുത്തിരിക്കുന്നത്. 2025 നവംബർ 11-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച യമഹ XSR 155 ആദ്യമാസം തന്നെ വലിയ വിൽപ്പന സംഖ്യയാണ് ബ്രാൻഡിനായി കൊണ്ടുവന്നിരുന്നത്. പിന്നാലെ തൊട്ടടുത്ത മാസവും മികച്ച രീതിയിൽ വിറ്റഴിക്കാനായത് കമ്പനിക്ക് മൈലേജായി.

വിൽപ്പന ആരംഭിച്ച നവംബറിലെ ആദ്യ 19 ദിവസത്തിൽ XSR വാങ്ങിപ്പോയത് 16,359 പേരാണ്. യമഹയുടെ 155 സിസി നിയോ റെട്രോ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 1,49,990 രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെത്തുമ്പോൾ എക്സ്ഷോറൂം വില 1.52 ലക്ഷമായി ഉയരുന്നുണ്ട്. ജനുവരി മാസത്തോട് അനുബന്ധിച്ച് ബൈക്കിൻ്റെ വിലയിൽ 1,000 രൂപയുടെ വർധനവും സംഭവിച്ചിട്ടുണ്ട്.
ടാക്‌സും ഇൻഷുറൻസും 10 വർഷത്തെ വാറണ്ടിയും എല്ലാം കൂടി വരുമ്പോൾ യമഹ XSR 155 ഓൺ-റോഡിലിറക്കാൻ കേരളത്തിൽ 1.94 ലക്ഷം രൂപയോളമാണ് മുടക്കേണ്ടി വരുന്നത്. R15, MT-15 എന്നിവയിൽ നിന്ന് വ്യത്യസ്തമായി XSR155 ഒരൊറ്റ വേരിയൻ്റിലാണ് വാഗ്ദാനം ചെയ്യുന്നത്. കൂട്ടിന് 4 കിടിലൻ കളർ ഓപ്ഷനും കമ്പനി ബൈക്കിൽ അവതരിപ്പിക്കുന്നു. മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീൻ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നീ നിറങ്ങളാണ് ബൈക്കിലുള്ളത്.

അതേസമയം ഏവരും കൊതിച്ചിരുന്ന ബ്ലാക്ക് കളർ ഓപ്ഷൻ യമഹ അവതരിപ്പിക്കാതിരുന്നത് പലർക്കും നിരാശ സമ്മാനിച്ചിട്ടുമുണ്ട്. വൃത്താകൃതിയിലുള്ള എൽഡി ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, സിംഗിൾ-പീസ് സ്‌ക്രാംബ്ലർ-സ്റ്റൈൽ സീറ്റ് എന്നിവയാണ് ഡിസൈനിലെ ഹൈലൈറ്റുകൾ. വ്യത്യസ്ത തരത്തിലുള്ള ആളുകളെ ആകർഷിക്കുന്നതിന് രണ്ട് ആക്‌സസറി പാക്കേജുകളിലൂടെ യമഹ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും XSR155-ൽ ലഭ്യമാക്കിയിട്ടുണ്ട്.
വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) ഉള്ള പരിചിതമായ 155 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് XSR155 നിയോ റെട്രോ മോട്ടോർസൈക്കിളിൻ്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 18.1 bhp കരുത്തിൽ പരമാവധി 14.2 Nm ടോർക്ക് വരെ നിർമിക്കാനാവും. 137 കിലോഗ്രാം ഭാരമുള്ള ഇതിന് 50 കിലോമീറ്ററോളം മൈലേജ് വരെ നൽകാനാവും.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ SMS, കോൾ നോട്ടിഫിക്കേഷനുകൾ, നാവിഗേഷൻ എന്നിവയ്ക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ കൺസോളാണ് യമഹ XSR 155 അവതരിപ്പിക്കുന്നത്. എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട്, ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ബൈക്കിൽ ലഭിക്കുന്നുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ ഒരു ശരാശരി ഇന്ത്യക്കാരന് കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്ന മോഡസായി ഇത് മാറുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








