വിപണിയിലെത്തി ആദ്യ 19 ദിവസത്തിൽ വാങ്ങിയത് 16,359 പേർ, സൂപ്പർഹിറ്റായി യമഹയുടെ പുത്തൻ ബൈക്ക്
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയ്ക്ക് ഇന്ത്യയിൽ പ്രത്യേക സ്ഥാനമാണുള്ളത്. RX 100, RX-Z, FZ, R-15, MT-15 എന്നിങ്ങനെ ഒട്ടേറെ കിടിലൻ മോട്ടോർസൈക്കിളുകൾ നമ്മുടെ രാജ്യത്തിന് സമ്മാനിച്ചിട്ടുള്ള ബ്രാൻഡ് പക്ഷേ ഏറെക്കാലമായി ഇന്ത്യയിൽ പുത്തനൊരു ബൈക്ക് പുറത്തിറക്കിയിട്ട്. നിലവിലുണ്ടായിരുന്ന മോഡലുകളെല്ലാം പുതുക്കിപുതുക്കി വെറുപ്പിച്ചുകൊണ്ടിരുന്ന യമഹ പക്ഷേ അടുത്തിടെ കിടിലനൊരു നിയോ റെട്രോ മോട്ടോർസൈക്കിളിനെ രാജ്യത്തിനായി സമ്മാനിക്കുകയുണ്ടായി. ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന XSR 155 (Yamaha XSR 155) എത്തിയതോടെ ഷോറൂമിലെല്ലാം വീണ്ടും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
2025 നവംബർ 11-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച യമഹ XSR 155 ആദ്യമാസം തന്നെ വലിയ വിൽപ്പന സംഖ്യയാണ് ബ്രാൻഡിനായി പിടിച്ചത്. വിൽപ്പന ആരംഭിച്ച നവംബറിലെ ആദ്യ 19 ദിവസത്തിൽ XSR വാങ്ങിപ്പോയത് 16,359 പേരാണ്. കേരളത്തിൽ ഡിസംബർ 5-ാം തീയതിയാണ് ഔദ്യോഗികമായി ഡെലിവറി തുടങ്ങിയതെന്ന് കണക്കിലെടുക്കുമ്പോൾ ബൈക്ക് വലിയ വിജയമായിട്ടുണ്ടെന്ന് പറയാം. ഡിസംബറിലെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വിൽപ്പന ഇനിയും ഉയരാം.

യമഹയുടെ 150 സിസി നിയോ റെട്രോ റോഡ്‌സ്റ്ററിന് ഇന്ത്യയിൽ 1,49,990 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. എന്നാൽ കേരളത്തിലെത്തുമ്പോൾ എക്സ്ഷോറൂം വില 1.52 ലക്ഷമായി ഉയരുന്നുണ്ട്. റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോണിൻ എന്നിവയോട് നേരിട്ട് മുട്ടാൻ എത്തിയിരിക്കുന്ന യമഹ XSR 155 ആദ്യമാസം തന്നെ വിൽപ്പന വാരിയപ്പോൾ കമ്പനിയുടെ പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. R15, MT-15 എന്നിവയിൽ നിന്ന് വ്യത്യസ്തമായി XSR155 ഒരൊറ്റ വേരിയൻ്റിലാണ് വാഗ്ദാനം ചെയ്യുന്നത്.
എന്നിരുന്നാലും നാല് വ്യത്യസ്‌ത കളർ ചോയ്‌സുകൾ ബൈക്കിലുണ്ട്. മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീൻ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നീ നാല് ഫാക്ടറി കളർ ഓപ്ഷനുകളിലാണ് യമഹ XSR 155 വാങ്ങാനാവുക. നിറം അനുസരിച്ച് വിലയിൽ മാറ്റമില്ലാത്തതും രസകരമായ കാര്യമാണേ. വൃത്താകൃതിയിലുള്ള എൽഡി ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, സിംഗിൾ-പീസ് സ്‌ക്രാംബ്ലർ-സ്റ്റൈൽ സീറ്റ് എന്നിവയാണ് ഡിസൈനിലെ ഹൈലൈറ്റുകൾ.

വ്യത്യസ്ത തരത്തിലുള്ള ആളുകളെ ആകർഷിക്കുന്നതിന് രണ്ട് ആക്‌സസറി പാക്കേജുകളിലൂടെ യമഹ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും XSR155-ൽ ലഭ്യമാക്കിയിട്ടുണ്ട്. പരുക്കൻ സ്റ്റൈൽ ഇഷ്ടപ്പെടുന്നവർക്ക് യമഹ സ്‌ക്രാംബ്ലർ പാക്കേജ് നൽകുന്നുണ്ട്. വിൻഡ് പ്രൊട്ടക്ഷനായി ചെറിയ ഫ്ലൈസ്‌ക്രീൻ, ഹെഡ്‌ലൈറ്റ് കവർ, ബാർ-എൻഡ് മിററുകൾ, അധിക ഗ്രിപ്പിനായി ടാങ്കിലെ നീ പാഡുകൾ തുടങ്ങിയ പ്രായോഗിക ഘടകങ്ങൾ ചേർത്താണ് ഇത് വരുന്നത്.
സ്‌ക്രാംബ്ലർ-സ്റ്റൈൽ സീറ്റ് കവറും സൈഡ്-മൗണ്ടഡ് നമ്പർ പ്ലേറ്റും മോട്ടോർസൈക്കിളിൻ്റെ പരുക്കൻ സ്റ്റൈൽ മെച്ചപ്പെടുത്തുവാനായി കൊടുത്തിട്ടുണ്ട്. അഡ്‌ജസ്റ്റബിൾ ക്ലച്ച്, ബ്രേക്ക് ലിവറുകൾ, സൈഡ് റേഡിയേറ്റർ ഗാർഡുകൾ, പുതിയ ലൈസൻസ് പ്ലേറ്റ് ഹോൾഡർ തുടങ്ങിയ പ്രവർത്തനപരമായ നവീകരണങ്ങളും യമഹ XSR155 നിയോ റെട്രോ ബൈക്കിൻ്റെ സ്‌ക്രാംബ്ലർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാമായി 25,450 രൂപയാണ് അധികമായി മുടക്കേണ്ടി വരിക.

കൂടുതൽ സ്‌പോർട്ടിയർ, പെർഫോമൻസ് അധിഷ്ഠിത ഡിസൈൻ ആഗ്രഹിക്കുന്നവർക്കായി യമഹയുടെ കഫേ റേസർ പാക്കേജ് തെരഞ്ഞെടുക്കാം.സ്റ്റാൻഡേർഡ് സീറ്റിന് പകരം റിയർ സീറ്റ് ഹമ്പ് ഉള്ള ഒരു കഫേ-റേസർ-സ്റ്റൈൽ സാഡിൽ കിറ്റാണ് യമഹ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൈഡ് റേഡിയേറ്റർ ഗാർഡുകൾ, അഡ്‌ജസ്റ്റബിൾ ക്ലച്ച്, ബ്രേക്ക് ലിവറുകൾ, ലൈസൻസ് പ്ലേറ്റ് ഹോൾഡർ തുടങ്ങിയ ആക്‌സസറികളും ഈ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
XSR 155 കഫേ റേസർ കിറ്റിന് 28,180 രൂപയാണ് വില വരുന്നത്. വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) ഉള്ള പരിചിതമായ 155 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് XSR155-ന് കരുത്ത് പകരുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 18.1 bhp പവറിൽ പരമാവധി 14.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 137 കിലോഗ്രാം ഭാരമുള്ള ഇതിന് 50 കിലോമീറ്ററോളം മൈലേജ് വരെ നൽകാനാവും.


Click it and Unblock the Notifications








