സി സെഗ്മന്റ് സെഡാനുകളില്‍ ആരും പരീക്ഷിക്കാത്ത ഒരുപിടി സൗകര്യങ്ങള്‍ നല്‍കിയാണ് യാരിസിനെ ടൊയോട്ട വിപണിയിലെത്തിക്കുന്നത്. രാജ്യാന്തര വിപണിയിലെ യാരിസ് അറ്റിവ് മോഡലാണ് (ചില വിപണികളില്‍ വയോസ് എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ യാരിസിന് ആധാരം. ഇരുപതു ലക്ഷം രൂപയ്ക്ക് താഴെ ഏഴു എയര്‍ബാഗുകളുമായി വില്‍പ്പനയ്ക്ക് എത്തുന്ന അപൂര്‍വം കാറുകളില്‍ ഒന്നുകൂടിയാണ് യാരിസ്. ASEAN NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ ടൊയോട്ട യാരിസ് കാഴ്ച്ചവെച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ടാറ്റയുടെ ഏറ്റവും പ്രചാരമേറിയ എസ്യുവികളില് ഒന്നാണ് നെക്സോണ്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ സുരക്ഷ രേഖപ്പെടുത്തിയിട്ടുള്ള ഏക ഇന്ത്യന്‍ കാറും നെക്സോണ്തന്നെ. കമ്പനിയുടെ ഇംപാക്ട് ഡിസൈന്‍ ഭാഷ്യമാണ് നെക്സോണ്‍ പിന്തുടരുന്നത്.
ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള എസ്യുവിയാണ് മാരുതി വിറ്റാര ബ്രെസ്സ. ഡീസല്‍ പതിപ്പില്‍ മാത്രമേ വിറ്റാര ബ്രെസ്സയെ മാരുതി വില്‍ക്കുന്നുള്ളൂ. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ കുറിച്ച ചരിത്രമാണ് ബ്രെസ്സയ്ക്ക് പറയാനുള്ളത്. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ മുതലായ സുരക്ഷാ സജ്ജീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്യുവിയിലുണ്ട്.
യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ നേട്ടമാണ് ജീപ്പ് കോമ്പസ് കാഴ്ച്ചവെച്ചിട്ടുള്ളത്. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ പുറത്തിറക്കുന്ന ഏറ്റവും വില കുറഞ്ഞ എസ്യുവിയാണ് കോമ്പസ്. ബേബി ജീപ്പെന്നു അഞ്ചു സീറ്റര്‍ കോമ്പസ് വിപണിയില്‍ അറിയപ്പെടുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോവുന്ന ജീപ്പ് എസ്യുവി കൂടിയാണ് കോമ്പസ്. ഉയര്‍ന്ന ബില്‍ട്ട് ക്വാളിറ്റിയും മേന്മയേറിയ അകത്തളവും കോമ്പസിന്റെ വിശേഷങ്ങളാണ്.
ഇന്ത്യന്‍ വിപണിയ്ക്കായി ടൊയോട്ട പ്രത്യേകം ആവിഷ്കരിച്ച കാറാണ് എത്തിയോസ്. 2010 മുതല്‍ ടൊയോട്ട എത്തിയോസ് വിപണിയിലുണ്ട്. ഇന്ത്യയില്‍ കുറിച്ച വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ എത്തിയോസിനെ അവതരിപ്പിക്കാന്‍ ടൊയോട്ട ധൈര്യം കാട്ടിയത്. വില്‍പ്പനയില്‍ വന്നിട്ട് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കാര്യമായ പരിഷ്കാരങ്ങള്‍ എത്തിയോസിന് ഇപ്പോഴും സംഭവിച്ചിട്ടില്ല. ടാക്സി മേഖലയിലാണ് എത്തിയോസ് കൂടുതലായും കണ്ടുവരുന്നത്.