ഇന്ത്യയിലെ ടര്‍ബോ പെട്രോള്‍ കാറുകള്‍
ഓക്‌സിജനില്ലാതെ ജീവിക്കാന്‍ മനുഷ്യനും പരമ്പരാഗത എന്‍ജിനുകള്‍ക്കും കഴിയില്ല. ഒഴിക്കുന്ന എണ്ണ കാര്യക്ഷമമായി കത്തിക്കുക എന്നത് വാഹനനിര്‍മാണത്തിന്റെ തുടക്കം മുതലേയുള്ള ഒരു വലിയ പ്രശ്‌നമാണ്. ആദ്യകാലത്ത് ഒരു ഗിയര്‍ സംവിധാനം ഉപയോഗിച്ച് കൂടുതല്‍ ശക്തിയോടെ വായു എന്‍ജിനിലേക്ക് കടത്തുന്ന ഒരു സംവിധാനം വികസിപ്പിക്കപ്പെട്ടിരുന്നു. ഒരുപക്ഷെ, ആദ്യത്തെ ടര്‍ബോചാര്‍ജര്‍ ഇതായിരിക്കണം. എന്‍ജിന്‍ പുറത്തുവിടുന്ന വായുവിനെ ഒരു ടര്‍ബൈനിലേക്കും അതില്‍ നിന്നുള്ള ശക്തിയേറിയ വായുവിനെ തിരിച്ച് ഇന്റേണല്‍ കംബുസ്റ്റിന്‍ എന്‍ജിനിലേക്കും തിരിച്ചു വിടുന്ന ഇന്നത്തെ ടര്‍ബോചാര്‍ജര്‍ നിര്‍മിച്ചത് ആല്‍ഫ്രഡ് ബുചി എന്ന സ്വിറ്റ്‌സര്‍ലന്‍ഡുകാരനാണ്. 1905ല്‍ ഈ സാങ്കേതികതയ്ക്കുള്ള പേറ്റന്റ് ലഭിച്ചുവെങ്കിലും പിന്നെയും പത്തിരുപത് വര്‍ഷം കഴിഞ്ഞാണ് ടര്‍ബോര്‍ചാര്‍ജര്‍ യാഥാര്‍ത്ഥ്യമായത്.
എന്‍ജിന്‍ പ്രകടനശേഷി വര്‍ധിക്കുന്നു എന്നതാണ് ടര്‍ബോചാര്‍ജര്‍ കൊണ്ടുള്ള പ്രധാന ഗുണം. വല്ലാതെ സമ്മര്‍ദ്ദപ്പെട്ട വായുവിനോടൊപ്പം കൂടുതല്‍ എണ്ണയും സിലിണ്ടറുകളിലേക്ക് പ്രവേശിക്കുകയും കാര്യക്ഷമമായി കത്തുകയും ചെയ്യുന്നു. സാധാരണ അന്തരീക്ഷമര്‍ദ്ദത്തെക്കാള്‍ 50 ശതമാനം അധികം വായുമര്‍ദ്ദം സൃഷ്ടിക്കാന്‍ ടര്‍ബോകള്‍ക്ക് കഴിയും.
ഇന്ത്യയില്‍ ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ച പെട്രോള്‍ കാറുകള്‍ക്ക് ഈയിടെയായി അനുകൂലമായ വിപണിതരംഗം ഉയര്‍ന്നു വരുന്നുണ്ട്. 15 ലക്ഷത്തിന് താഴെ വിലവരുന്ന, ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച പെട്രോള്‍ കാറുകളെക്കുറിച്ചാണ് നമ്മുടെ ഇന്നത്തെ ചര്‍ച്ച. ഈ വിലനിലവാരത്തില്‍, ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ആറ് കാറുകളുണ്ട്.

ഫിയറ്റ് ലിനിയ ടി ജെറ്റ്
ഫിയറ്റ് ലിനിയയാണ് ഇന്ത്യയിലിറങ്ങിയ പത്ത് ലക്ഷത്തില്‍ താഴെ വിലവരുന്ന ടര്‍ബോ പെട്രോള്‍ കാര്‍. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടൊപ്പമാണ് ടര്‍ബോ ഘടിപ്പിച്ചിരിക്കുന്നത്. ലിനിയ ടര്‍ബോ പതിപ്പുകളുടെ തുടക്കവില 7,69,350 രൂപയാണ്.

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടൊപ്പമാണ് പോളോ ജിടിയില്‍ ടര്‍ബോ ചേര്‍ത്തിരിക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 8 ലക്ഷത്തിന്റെ പരിസരത്തില്‍ വാഹനം ലഭ്യമാണ്.

ഫോഡ് ഇക്കോസ്‌പോര്‍ട്
ഇക്കോബൂസ്റ്റ് ടര്‍ബോ പെട്രോള്‍ എന്ന പേരില്‍ ഫോഡ് വികസിപ്പിച്ചെടുത്ത സാങ്കേതികത അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ വലിയ അംഗീകാരങ്ങള്‍ പിടിച്ചുപറ്റി. 1 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ച പതിപ്പിന് വില തുടങ്ങുന്നത് 8.2 ലക്ഷത്തിന്റെ പരിസരത്താണ്.

ഫോക്‌സ്‌വാഗണ്‍ വെന്റോ ടിഎസ്‌ഐ
എല്ലാ കാര്‍ മോഡലുകള്‍ക്കും ചര്‍ബോ ചാര്‍ജര്‍ ഘടിപ്പിക്കുക എന്നൊരു പദ്ധതിക്ക് ഫോക്‌സ്‌വാഗണ്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഫോക്‌സ് മോഡലുകള്‍ ഒന്നൊന്നായി ടര്‍ബോവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വെന്റോ സെഡാനില്‍ ഈയിടെ ടര്‍ബോ ചേര്‍ക്കുകയുണ്ടായി കമ്പനി. 10 ലക്ഷത്തിന്റെ പരിസരത്തില്‍ ഈ വാഹനത്തിന്റെ വില തുടങ്ങുന്നു.

ഫോക്‌സ്‌വാഗണ്‍ ജെറ്റ 1.4 ടിഎസ്‌ഐ
1.4 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച ജെറ്റ പതിപ്പിന് വില 13.60 ലക്ഷം രൂപ വിലവരും.

സ്‌കോഡ ഒക്ടേവിയ
ഈയിടെ വിപണികളിലേക്ക് തിരിച്ചെത്തിയ സ്‌കോഡ ഒക്ടേവിയയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചുപോരുന്നത്. 14 ലക്ഷത്തിന്റെ പരിസരത്തില്‍ വാഹനത്തിന് വില വരും.


Click it and Unblock the Notifications








