പെട്രോളിന്റെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം? അതും വീട്ടിൽ തന്നെ!
ലോകത്തിലെ വാഹന വ്യവസായം അതിവേഗം വൈദ്യുതീകരണത്തിലേക്ക് നീങ്ങുമ്പോൾ പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഇപ്പോഴും വാഹന വ്യവസായത്തിന്റെ ജീവനാഡിയായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.

അതിനാൽ തന്നെ നാം ഉപയോഗിക്കുന്ന അല്ലെങ്കിൽ പൈസ മുടക്കി വാങ്ങുന്ന പെട്രോളിയം ഉൽപ്പന്നങ്ങളെ കുറിച്ച് നമ്മുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഇതിനോടകം തന്നെ കിടപ്പുണ്ടാവും. അടുത്ത കാലത്തായി പെട്രോൾ, ഡീസൽ വിലകൾ വൻതോതിൽ വർധിച്ച് എക്കാലത്തെയും ഉയർന്ന നിലയിലെത്തുകയും ചെയ്‌തു.

ഇന്ത്യയിൽ ഫോസിൽ-ഇന്ധന ശേഖരം പരിമിതമായതിനാൽ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നും മറ്റും ചില രാജ്യങ്ങളിൽ നിന്ന് ഇന്ധന ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ് ചെയ്യാറ്.
MOST READ: ഇതൊക്കെ ചെയ്‌തില്ലെങ്കിൽ പണിയാവും; യൂസ്‌ഡ് കാർ വാങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

ഇറക്കുമതി തീരുവ, ചരക്ക് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന ഗവൺമെന്റുകളുടെ വാറ്റ്, ഡീലർമാരുടെ മാർജിൻ എന്നിവയെല്ലാം കൂടി ചേരുന്നതാണ് നാം മുടക്കുന്ന ഇന്ധന വില.

ഇപ്പോൾ പെട്രോളോ ഡീസലോ വാങ്ങുന്നതിന് ഭീമമായ തുക നൽകുമ്പോൾ ഇന്ധന പമ്പുകൾ നമുക്ക് മലിനീകരണ രഹിത എണ്ണ നൽകുന്നുവെന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ അവകാശമാണ്. വാഹനങ്ങളുടെ പെർഫോമൻസ്, മൈലേജ്, വാഹനത്തിന്റെ മെഷീൻ ഭാഗങ്ങളുടെ ദീർഘായുസ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു.

അതിനാൽ വാഹന ഉടമകൾ അവരുടെ വാഹനങ്ങൾക്കായി വാങ്ങുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കുറച്ച് എളുപ്പമുള്ള പരിശോധനകൾ നടത്താനും നമുക്കാവും. പെട്രോളിന്റെയും ഡീസലിന്റെയും പ്യൂരിറ്റി പരിശോധന നടത്താൻ ചില ഉപകരണങ്ങൾ ആവശ്യമാണ്. അത് പലർക്കും വാങ്ങാൻ ബുദ്ധിമുട്ടുള്ള കാര്യവുമാണ്.

പ്രത്യേതിച്ച് മെഷീനുകളുടെയോ മറ്റു സംവിധാനങ്ങളുടെയോ ആവശ്യമില്ലാതെ ഇത് നടത്താനും സാധിക്കും. ഒരു ഉപകരണവുമില്ലാതെ പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കാൻ നമ്മെ സഹായിക്കുന്ന ചില എളുപ്പവഴികളെ കുറിച്ച് നമുക്ക് ഒന്നു പരിശോധിച്ചാലോ?
MOST READ: ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മുടക്കേണ്ടി വരും; ചേതക് ഇവിയുടെ വില വർധിപ്പിച്ചു

നോസൽ ക്ലീനിംഗ്
പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കാൻ ആദ്യം ചെയ്യേണ്ട കാര്യം അഴുക്കിന്റെ അംശം ഉണ്ടാകാതിരിക്കാൻ നോസൽ ശരിയായി വൃത്തിയാക്കുക എന്നതാണ്.

ഫിൽട്ടർ പേപ്പർ ടെസ്റ്റ്
നോസൽ വൃത്തിയാക്കിയതിനു ശേഷം നോസിലിൽ നിന്ന് ഫിൽട്ടർ പേപ്പറിലേക്ക് ഒരു തുള്ളി പെട്രോൾ ഒഴിക്കുക. സാധാരണയായി 2 മിനിറ്റിനുള്ളിൽ ഡ്രോപ്പ് അപ്രത്യക്ഷമാകും. അതായത് പെട്രോൾ രണ്ട് മിനിറ്റിനുള്ളിൽ ബാഷ്പീകരിക്കപ്പെടുകയും പേപ്പറിൽ കറ ഉണ്ടാകാതിരിക്കുകയും വേണം.

പെട്രോൾ വീണ സ്ഥലം പിങ്ക് നിറത്തിലാണോ എന്നാണ് അടുത്തതായി പരിശോധിക്കേണ്ടത്. പേപ്പർ പിങ്ക് നിറമാവുകയാണെങ്കിൽ ഇന്ധനം ശുദ്ധമാണ് മായം ചേർക്കൽ സംഭവിച്ചിട്ടില്ല എന്നാണ് അർഥമാക്കുന്നത്. അതേസമയം പേപ്പറിൽ മറ്റെന്തെങ്കിലും നിറങ്ങൾ കണ്ടാൽ പെട്രോളിൽ മായം ചേർക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.

പെട്രോൾ മായം കലർന്നതാണെന്ന് മനസിലാക്കിയാൽ ഇന്ധനം വാങ്ങിയ പെട്രോൾ പമ്പിലെ തുടർ നടപടികൾക്കായി നിങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ വകുപ്പുമായി ബന്ധപ്പെടാം. ഈ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പരാതികളും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ നിയുക്ത നോഡൽ ഓഫീസർക്കാണ് കൈമാറുന്നത്.

ഇന്ത്യയിൽ 58000-ൽ അധികം പെട്രോൾ പമ്പുകൾ ഉണ്ടെന്നാണ് കണക്കുകൾ. അതിൽ 95 ശതമാനവും സർക്കാർ എണ്ണക്കമ്പനിയുടെതാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇന്ത്യ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് ഇവയിൽ പ്രധാനമെങ്കിലും സ്വകാര്യ ഉടമസ്ഥതയിലുള്ള പമ്പുകളും ഇന്ന് ധാരാളമായി കണ്ടുവരുന്നുണ്ട്.

ആയതിനാൽ ഉയർന്ന വിലയ്ക്ക് നാം വാങ്ങി ഉപയോഗിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കേണ്ടതും വളരെ പ്രധാനമായൊരു കാര്യമാണ്. ഓരോ പെട്രോൾ പമ്പിലും പെട്രോളിന്റെയോ ഡീസലിന്റെയോ അളവ് പരിശോധിക്കുന്നതിന് 5 ലിറ്റർ അളക്കുന്ന ജഗ് സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. ഇത്തരം പല കാര്യങ്ങളും പമ്പുടമകളും പാലിക്കേണ്ടതാണ്.


Click it and Unblock the Notifications