സ്മാർട്ഫോൺ നിർമാതാവ് ഷവോമിയുടെ സെൽഫ് ബാലൻസിങ് സ്കൂട്ടർ
ചൈനീസ് സ്മാർട്ഫോൺ കമ്പനിയായ ഷവോമി സെൽഫ് ബാലൻസിങ് സ്കൂട്ടർ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നു. സെഗ്‌വേ പിടി സെൽഫ് ബാലൻസിങ് സ്കൂട്ടറിന് സമാനമായ ഡിസൈനിലും സാങ്കേതികതയിൽ പ്രവർത്തിക്കുന്ന വാഹനം പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ശക്തമായ വിപണി അടിത്തറ സൃഷ്ടിക്കാൻ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. ചൈനീസ് ബ്രാൻഡുകൾക്ക് പൊതുവിൽ നിലവിലുള്ള നെഗറ്റീവ് ഇമേജിനെ മറികടന്നാണ് ഷവോമി വിശ്വാസ്യത ആർജിച്ചത്. ഷവോമിയുടെ പുതിയ സ്കൂട്ടറിനെ അടുത്തറിയാം താഴെ.

നൈൻബോട്ട് എന്ന കമ്പനിയാണ് ഈ ഇലക്ട്രിക് സെൽഫ് ബാലൻസിങ് സ്കൂട്ടറിന്റെ നിർമാതാവ്. നൈൻബോട്ടിൽ സാരമായ ഒരു നിക്ഷേപമുണ്ട് ഷവോമിക്ക്. ഏതാണ്ട് 80 ദശലക്ഷം ഡോളറോളം.

ഏതാണ്ട് 1500 ഡോളറോളം വിലയിൽ ഈ സ്കൂട്ടർ വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് ഷവോമിയും സഖ്യക്കാരും കരുതുന്നത്. ഒരു സെഗ്‌വേ സ്കൂട്ടറിന് ആറായിരം ഡോളറിന്റെ പരിസത്ത് വിലവരും എന്നോർക്കുക.

നൈൻബോട്ട് മിനി എന്നാണ് ഷവോമി സ്കൂട്ടറിന് പേര്. ഈ സ്കൂട്ടറിന് ഹാൻഡിൽ ഇല്ല. റൈഡറുടെ ശരീരത്തിന്റെ നീക്കങ്ങളെ ശ്രദ്ധയോടെ ഡിറ്റക്ട് ചെയ്താണ് സ്കൂട്ടർ നീങ്ങുക.

ഷവോമിയുടെ ഒരു സ്മാർട്ഫോൺ ആപ്ലിക്കേഷനുപയോഗിച്ചും സ്കൂട്ടറിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്.

12.8 കിലോഗ്രാം ഭാരമാണ് ഈ സ്കൂട്ടറിനുള്ളത്. ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിൽ ചേർത്തിട്ടുള്ളത്. ഒരുതവണ ചാർജ് ചെയ്താൽ 22 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും ഈ സ്കൂട്ടറിൽ.

15 ഡിഗ്രി വരെ ചെരിവിലൂടെ കയറാനുള്ള ശേഷി ഈ സ്കൂട്ടറിനുണ്ട്. മണിക്കൂറിൽ 16 കിലോമീറ്റർ വേഗത പിടിക്കാനും സാധിക്കും.

ലഭ്യമായ വിവരങ്ങൾ പ്രകാരം, ഷവോമി ഓട്ടോമൊബൈൽ മേഖലയിലേക്ക് ശ്രദ്ധാപൂർവം കടക്കുകയാണ് നൈൻബോട്ടിലൂടെ എന്ന് മനസ്സിലാക്കണം. യുൻമെയ്ക്ക് എന്ന സ്മാർട്ട് ബൈക്ക് നിർമാതാവുമായും സഖ്യത്തിലേർപെട്ടിട്ടുണ്ട് ഈ കമ്പനി. ഇലക്ട്രിക് കാറുകൾ നിർമിക്കാൻ ഇരുവർക്കും പദ്ധതിയുണ്ടത്രെ!

കൂടുതൽ
തകര്‍ന്നുപോയ അഞ്ച് അമേരിക്കന്‍ സ്വപ്നങ്ങള്‍
ടൊയോട്ട ഐ റോഡ് നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു?


Click it and Unblock the Notifications








