ബുള്ളറ്റിനെക്കാള്‍ മികച്ചത് ജാവയെന്നു പറയാന്‍ അഞ്ചു കാരണങ്ങള്‍
ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ കാലുകുത്തിയപ്പോള്‍ എതിരാളികള്‍ പറഞ്ഞു, റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ കഴിഞ്ഞെന്നു. പിന്നെ മഹീന്ദ്ര മോജോ എത്തി. ബുള്ളറ്റുകളുടെ വിപണി മോഹിച്ചാണ് യുഎം റെനഗേഡും കമ്മാന്‍ഡോയും വില്‍പ്പനയ്ക്കു വന്നത്. ബുള്ളറ്റുകളുടെ അപ്രമാദിത്വം തകര്‍ക്കാന്‍ ഹൈപ്പര്‍റൈഡിംഗ് സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടി ഡോമിനാറിനെ ബജാജും അവതരിപ്പിച്ചു.

എന്നിട്ടു സംഭവിച്ചതോ? റോയല്‍ എന്‍ഫീല്‍ഡിന്റെ ഏഴയലത്തുവരാന്‍ ഇവരെ കൊണ്ടാര്‍ക്കും സാധിച്ചില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ജാവയ്ക്കും ഇതേ ഗതിയായിരിക്കുമെന്നു ബുള്ളറ്റ് ആരാധകര്‍ വീറോടെ പറയുന്നു. പക്ഷെ ഇതാദ്യമായാണ് ബുള്ളറ്റിന്റെ ജനുസ്സില്‍പ്പെടുന്ന എതിരാളി ഇടത്തരം റെട്രോ ക്ലാസിക് ശ്രേണിയിലേക്കു കടന്നുവരുന്നത്.

ഒത്ത തടി, ഒത്ത വണ്ണം; വിലയിലും തുല്യര്‍. റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകള്‍ക്ക് ഗൗരവ്വമായ ഭീഷണി മുഴക്കാന്‍ ജാവ ബൈക്കുകള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. വിപണിയില്‍ ആദ്യം വില്‍പ്പനയ്ക്കു വരുന്ന ജാവ, ജാവ ഫോര്‍ട്ടി ടു മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യുമായി നേരിട്ടു കൊമ്പുകോര്‍ക്കും.

ഇവരില്‍ ആരെ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്ക് ഇടയിലുണ്ട്. സവിശേഷതകള്‍ വെച്ചു നോക്കുകയാണെങ്കില്‍ പുതിയ ജാവ ബൈക്കുകള്‍ക്കാണ് മത്സരത്തില്‍ നേരിയ മുന്‍തൂക്കം. ബുള്ളറ്റിനെക്കാള്‍ മികച്ചതു ജാവയെന്നു പറയാനുള്ള അഞ്ചു കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം —

ലിക്വിഡ് കൂളിംഗ് സംവിധാനം
ക്ലാസിക് 350 മോഡലുകള്‍ക്ക് എയര്‍ കൂളിംഗ് ശേഷിയുള്ള എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്. എന്നാല്‍ ജാവ ബൈക്കുകളില്‍ തുടിക്കുന്നതാകട്ടെ ലിക്വിഡ് കൂളിംഗ് ശേഷിയുള്ള എഞ്ചിനും. ചെറിയ ഉപയോഗങ്ങള്‍ക്കു എയര്‍ കൂള്‍ഡ് / ലിക്വിഡ് കൂള്‍ഡ് എഞ്ചിനുകള്‍ വലിയ വ്യത്യാസം കുറിക്കില്ല.

പക്ഷെ ദീര്‍ഘദൂര യാത്രകളില്‍ ലിക്വിഡ് കൂളിംഗ് സംവിധാനം എഞ്ചിന്‍ താപം പെട്ടെന്നു കുറയ്ക്കും. ഇക്കാരണത്താല്‍ നീണ്ട യാത്രകളില്‍ ജാവ ബൈക്കുകളായിരിക്കും കൂടുതല്‍ എഞ്ചിന്‍ മികവു പ്രകടമാക്കുക.
Most Read: പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

കൂടുതല്‍ കരുത്ത്
346 സിസി എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യുടെ ഹൃദയം. എഞ്ചിന്‍ 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കും. ജാവയുടെ കാര്യമെടുത്താല്‍ ബൈക്കുകള്‍ക്ക് എഞ്ചിന്‍ ശേഷി ഒരല്‍പ്പം കുറവാണ്. 293 സിസി എഞ്ചിനാണ് ജാവ, ജാവ ഫോര്‍ട്ടി ടു മോഡലുകളില്‍.

പക്ഷെ കരുത്തുത്പാദനം വിലയിരുത്തിയാല്‍ ജാവ ബൈക്കുകള്‍ ബുള്ളറ്റുകളെ കടത്തിവെട്ടും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധിയുണ്ട്.

കൂടുതല്‍ കരുത്തു ഉയര്‍ന്ന ആക്‌സിലറേഷന്‍ ഉറപ്പുവരുത്തും. ഇക്കാരണത്താല്‍ റോഡില്‍ ബുള്ളറ്റുകളെക്കാള്‍ വേഗവും ചടുലതയും ജാവയ്ക്കായിരിക്കും കൂടുതല്‍. ടോര്‍ഖിന്റെ കാര്യത്തില്‍ ജാവയും ബുള്ളറ്റും തുല്യരാണ്.

കുറഞ്ഞ ഭാരം
ക്ലാസിക് 350 -യ്ക്ക് 192 കിലോയാണ് ഭാരം. ജാവയ്ക്ക് 170 കിലോയും. ബുള്ളറ്റുമായുള്ള താരതമ്യത്തില്‍ കുറഞ്ഞ ഭാരവും കൂടുതല്‍ കരുത്തും ജാവയുടെ പ്രകടനം മികവുറ്റതാക്കും.
Most Read: ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

നൂതന ഇന്ധന സംവിധാനം
സ്റ്റാന്‍ഡേര്‍ഡ് കാര്‍ബ്യുറേറ്റര്‍ ആധാരമായുള്ള ഇന്ധന വിതരണ സംവിധാനമാണ് ബുള്ളറ്റുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ജാവയില്‍ നൂതനമായ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം കമ്പനി ഉപയോഗിക്കുന്നു. എഞ്ചിന്‍ മികവു വര്‍ധിക്കാന്‍ ഇതും കാരണമായി മാറും. ഭേദപ്പെട്ട ത്രോട്ടില്‍ പ്രതികരണവും ആക്‌സിലറേഷന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉറപ്പുവരുത്തും.

ആറു സ്പീഡ് ഗിയര്‍ബോക്‌സ്
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യില്‍ അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ജാവ ബൈക്കുകളിലാകട്ടെ ഗിയര്‍ബോക്‌സ് ആറു സ്പീഡും. ദീര്‍ഘദൂര യാത്രകളില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് കൂടുതല്‍ അനുയോജ്യമാവുക.

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുള്ള ക്ലാസിക് 350 മോഡലുകളില്‍ 80 - 90 കിലോമീറ്റര്‍ വേഗത്തിനപ്പുറം യാത്ര ദുസ്സഹമായി മാറും. എന്നാല്‍ ജാവയില്‍ ഈ പ്രശ്‌നമുണ്ടാകില്ല.
Most Read: ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

ആധുനിക എഞ്ചിനുമായി താളം കണ്ടെത്തുന്ന ആറു സ്പീഡ് ഗിയര്‍ബോക്‌സ്, നൂറു കിലോമീറ്ററിനും മുകളില്‍ ഒഴുക്കോടെ കുതിക്കാന്‍ ബൈക്കിനെ പിന്തുണയ്ക്കും. ഉയര്‍ന്ന വേഗത്തിലും എഞ്ചിന്‍ കാര്യക്ഷമമായി നിലകൊള്ളാന്‍ ആറാം ഗിയര്‍ സഹായിക്കും.

ബ്രേക്കിംഗ്
ബ്രേക്കിംഗിന്റെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യാണ് ജാവ ബൈക്കുകളെക്കാള്‍ മുമ്പില്‍. ബുള്ളറ്റില്‍ ഇരട്ട ചാനല്‍ എബിഎസ് ഒരുങ്ങുമ്പോള്‍ ജാവയില്‍ ഒറ്റ ചാനല്‍ എബിഎസ് മാത്രമെ മുന്‍ ടയറിലുള്ളൂ. എന്നാല്‍ കുറഞ്ഞ ഭാരം ജാവയുടെ നിയന്ത്രണ മികവു കൂട്ടും. കമ്പനി കാഴ്ച്ചവെച്ച മൂന്നാമത്തെ മോഡല്‍ പെറാക്കില്‍, ഇരട്ട ചാനല്‍ എബിഎസാണ് ഇടംപിടിക്കുന്നത്.


Click it and Unblock the Notifications








