ഏപ്രില്‍ മുതല്‍ എബിഎസ്/സിബിഎസ് ഇല്ലാത്ത ഇരുചക്ര വാഹനം വാങ്ങരുത്, കാരണമിതാണ്
ഏപ്രിലിന് ഒന്നുമുതല്‍ എബിഎസ് അല്ലെങ്കില്‍ സിബിഎസ് സുരക്ഷയില്ലാതെ ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ കഴിയില്ല. പുതിയ സുരക്ഷാ ചട്ടം പ്രകാരം 125 സിസിയില്‍ മുകളിലുള്ള ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും നിര്‍മ്മാതാക്കള്‍ എബിഎസ് സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. എഞ്ചിന്‍ ശേഷി 125 സിസിയില്‍ താഴെയെങ്കില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനം മോഡലുകളില്‍ നിര്‍ബന്ധമായും ഒരുങ്ങണം.

നിലവില്‍ വിപണിയില്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ്, സിബിഎസ് സംവിധാനങ്ങള്‍ ലഭിച്ചുകഴിഞ്ഞു. എന്നാല്‍ ഡീലര്‍ഷിപ്പുകളില്‍ വിറ്റുതീരാത്ത പഴയ മോഡലുകളില്‍ ഈ സംവിധാനങ്ങളില്ല. ഏപ്രില്‍ ഒന്നുമുതല്‍ പഴയ സ്റ്റോക്കുകളിലും എബിഎസ്, സിബിഎസ് സംവിധാനങ്ങള്‍ ഘടിപ്പിക്കേണ്ട ചുമതല നിര്‍മ്മാതാക്കള്‍ക്കുണ്ട്.

രജിസ്‌ട്രേഷന്‍ സമയത്ത് ഇരുചക്ര വാഹനത്തില്‍ എബിഎസ് അല്ലെങ്കില്‍ സിബിഎസ് സംവിധാനം നിര്‍ബന്ധമായും വേണമെന്നാണ് നിര്‍ദ്ദേശം. അല്ലാത്തപക്ഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടക്കില്ല. ഇരുചക്ര വാഹന യാത്രികരുടെ സുരക്ഷയെ സംബന്ധിച്ച് എബിഎസ്, സിബിഎസ് സംവിധാനങ്ങള്‍ നിര്‍ണായകമാണ്.
Most Read: സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ — വില 54,682 രൂപ മുതല്‍

മുന്‍ പിന്‍ ബ്രേക്കുകള്‍ സംയോജിതമായി പ്രവര്‍ത്തിപ്പിക്കുകയാണ് കോമ്പി ബ്രേക്കിംഗ് സംവിധാനത്തിന്റെ ലക്ഷ്യം. ഒറ്റ ബ്രേക്ക് മാത്രം പിടിച്ചാല്‍ പോലും ഇരു ടയറുകളിലും തുല്യമായി ബ്രേക്കിംഗ് ശക്തി സൃഷ്ടിക്കപ്പെടും. സിബിഎസ് സംവിധാനമെങ്കില്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ തെന്നി മാറാനുള്ള സാധ്യത കുറയും; വാഹനം അതിവേഗം നിശ്ചലാവസ്ഥയിലേക്ക് വരും.

ഇതേസമയം എബിഎസിന്റെ മികവ് സിബിഎസിനില്ല. ചിലവ് കുറഞ്ഞ സുരക്ഷാ നടപടി മാത്രമാണ് കോമ്പി ബ്രേക്കിംഗ് സംവിധാനം. മറുഭാഗത്ത് എബിഎസിന്റെ ഒരുക്കം കുറച്ചേറെ സങ്കീര്‍ണമാണ്. വീല്‍ സെന്‍സറുകളും ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും ഹൈട്രോളിക് മോട്ടോറും എബിഎസ് സംവിധാനത്തിന്റെ ഭാഗമാവുന്നു.

പെട്ടെന്നുള്ള ബ്രേക്കിംഗില്‍ വീലുകള്‍ ലോക്ക് ചെയ്യപ്പെട്ടെന്ന് സെന്‍സറുകള്‍ തിരിച്ചറിയുന്ന പക്ഷം ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് ക്ഷണനേരത്തില്‍ ഇടപെടും. ബ്രേക്ക് സമ്മര്‍ദ്ദം ഉചിതമായി കുറയ്ക്കപ്പെടും. ഇക്കാരണത്താല്‍ ബ്രേക്കിംഗിനിടെ ടയറുകള്‍ ഗ്രിപ്പ് നഷ്ടപ്പെട്ട് തെന്നിമാറില്ല. സെക്കന്‍ഡില്‍ 15 തവണയോളം ബ്രേക്ക് സമ്മര്‍ദ്ദത്തില്‍ വ്യതിയാനം വരുത്താന്‍ എബിഎസ് സംവിധാനങ്ങള്‍ക്ക് കഴിവുണ്ട്.
Most Read: 'വലിയ' ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്

എബിഎസിന്റെ തുടക്കം
1920 ല്‍ ഫ്രഞ്ച് വിമാനനിര്‍മ്മതാക്കളായ ഗബ്രിയേല്‍ വോയിസിനാണ് എബിഎസിന്റെ ആദ്യ രൂപം നല്‍കിയത്. തുടക്കകാലത്ത് എബിഎസ് സംവിധാനം വിമാനങ്ങളില്‍ ഉപയോഗിക്കപ്പെട്ടു. വ്യോമയാന മേഖലയില്‍ ഈ സംവിധാനം പ്രചാരം നേടിയതോടെയാണ് റോഡ് വാഹനങ്ങള്‍ക്കും എബിഎസ് നല്‍കാമെന്ന ചിന്ത നിര്‍മ്മാതാക്കളില്‍ ഉദിച്ചത്.

1958 -ല്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ സൂപ്പര്‍ മെറ്റീരിയര്‍ മോഡലാണ്, എബിഎസ് ഘടിപ്പിച്ച് വിപണിയില്‍ വന്ന ആദ്യ വാഹനം. 1971 മുതല്‍ ഇലക്ട്രോണിക് എബിഎസ് സംവിധാനം കാറുകളില്‍ ഒരുങ്ങാന്‍ തുടങ്ങി.
Source: ET Auto


Click it and Unblock the Notifications








