നിരത്തിലൂടെ കുതിക്കാൻ ബിഎസ്-VI നിഞ്ച 300, ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കവസാക്കി
അടുത്തിടെ പുതുക്കി വിപണിയിൽ എത്തിച്ച ബിഎസ്-VI കംപ്ലയിന്റ് നിഞ്ച 300 സ്പോർട്‌സ് ബൈക്കിനായുള്ള ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന കവാസക്കി മോഡലാണ് നിഞ്ച 300. 2020 ഏപ്രിൽ മുതൽ രാജ്യത്ത് നിലവിൽ വന്ന പുതിയ ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ കാരണം വിപണിയിൽ നിന്നും താത്ക്കാലികമായി വിട്ടുനിന്നതിനു ശേഷമാണ് സ്പോർട് ബൈക്ക് ഇപ്പോൾ നിരത്തിലേക്ക് ഓടിയെത്താൻ ഒരുങ്ങുന്നത്.

3.18 ലക്ഷം രൂപ എക്സ്ഷോറൂം വിലയാണ് പുതിയ നിഞ്ച 300 പതിപ്പിനായി കവസാക്കി നിശ്ചയിച്ചിരിക്കുന്നത്. മുൻഗാമിയേക്കാൾ 20,000 രൂപ അധികമാണ് ഇത് എന്നതും ശ്രദ്ധേയമാണ്. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള മെക്കാനിക്കൽ പുനരവലോകനങ്ങൾ ബിഎസ്-VI മോഡലിലെ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
MOST READ: 75-ന്റെ നിറവിൽ വെസ്പ; ആഘോഷമായി പ്രത്യേക പതിപ്പ് വിപണിയിൽ

കൂടുതൽ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ചിട്ടും ബൈക്കിന്റെ പവർ ഔട്ട്പുട്ട് കണക്കുകൾ അതേപടി നിലനിർത്താൻ കവസാക്കിക്ക് സാധിച്ചിട്ടുണ്ട്. 296 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

ഇത് പരമാവധി 38.4 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെക്കാനിക്കൽ നവീകരണങ്ങൾക്ക് പുറമെ ബിഎസ്-VI മോഡലിൽ ചെറിയ ചില കോസ്മെറ്റിക് നവീകരണങ്ങളും കവസാക്കി ചേർത്തിട്ടുണ്ട്.
MOST READ: 890 ഡ്യൂക്കിന്റെ പുതിയ ടെക് 3 മോട്ടോജിപി എഡിഷൻ പുറത്തിറക്കി കെടിഎം

മുൻഗാമിയിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പുതുക്കിയ ഗ്രാഫിക്സാണ് ജാപ്പനീസ് സ്പോർട്സ് ബൈക്കിന് സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ കെആർടി ഗ്രാഫിക്സുള്ള ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, എബോണി എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാനും സാധിക്കും.

ഇവ കൂടാതെ രൂപകൽപ്പനയിൽ മാറ്റങ്ങളൊന്നും തന്നെയില്ല. ബിഎസ്-VI നിഞ്ച 300 ഇരട്ട-പോഡ് ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്റ്റെപ്പ്-അപ്പ് സാഡിൽ എന്നിവ ഉപയോഗിക്കുന്നത് തുടരുന്നു.

രാജ്യത്തുടനീളമുള്ള കവസാക്കി ഡീലർഷിപ്പുകൾക്ക് പുറമെ പുതിയ നിഞ്ച 300 മോഡലിനായുള്ള ബുക്കിംഗ് കമ്പനി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. ഒരു പ്രീമിയം മോട്ടോർസൈക്കിൾ ബ്രാന്‍ഡ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴി ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത് ഇത് ആദ്യമായാണ്.

പുതുക്കിയ 2021 നിഞ്ച 300 ഇതിനകം രാജ്യമെമ്പാടുമുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഉടൻ തന്നെ കവസാക്കിക്ക് ബൈക്കിനായുള്ള ഡെലിവറി ആരംഭിക്കാനും എളുപ്പമുണ്ട്.


Click it and Unblock the Notifications








