Storm 125 സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ജൂലൈ മുതൽ വാങ്ങാനാവില്ല, നിർത്തലാക്കുന്നുവെന്ന് Aprilia
അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് 2022 ജൂലൈ ഒന്നു മുതൽ നിർത്തലാക്കുമെന്ന് അറിയിച്ച് പിയാജിയോ ഇന്ത്യ. അപ്രീലിയയുടെ എൻട്രി ലെവൽ സ്‌കൂട്ടർ ഇനി മുതൽ 1.01 ലക്ഷം രൂപ വിലയുള്ള ഡ്രം ബ്രേക്ക് പതിപ്പിൽ മാത്രമേ ലഭ്യമാവൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2020-ൽ ബിഎസ്-VI ട്രാൻസിഷനോടെയാണ് സ്റ്റോം ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നിലവിൽ 1.12 ലക്ഷം രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഹോണ്ട ഗ്രാസിയ, ടിവിഎസ് എൻടോർഖ് 125, സുസുക്കി അവെനിസ്, യമഹ റേ ZR 125 എന്നിവയുൾപ്പെടെയുള്ള സെഗ്‌മെന്റിലെ മറ്റ് സ്‌പോർട്ടി 125 സിസി മോഡലുകളുമായാണ് ആഭ്യന്തര വിപണിയിൽ ഇറ്റാലിയൻ പാരമ്പര്യമുള്ള സ്‌കൂട്ടർ മാറ്റുരയ്ക്കുന്നത്.
MOST READ: റോയൽ ഷമി! പുത്തൻ Continental GT 650 സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

7,500 rpm-ൽ പരമാവധി 9.78 bhp കരുത്തും 5,500 rpm-ൽ 9.60 Nm torque ഉം ഉത്പാദിപ്പിക്കുന്ന 124.45 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് അപ്രീലിയ സ്റ്റോം 125 മോഡലിന് തുടിപ്പേകുന്നത്. എഞ്ചിൻ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നതും.

മോഡലിന് ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ സിംഗിൾ കോയിൽ റിയർ സ്‌പ്രിംഗുമാണ് ലഭിക്കുന്നത്. ഡിസ്‌ക് ബ്രേക്ക് പതിപ്പ് ഇല്ലാതായതോടെ സിബിഎസിനൊപ്പം (കോമ്പി-ബ്രേക്കിംഗ് സിസ്റ്റം) സ്റ്റാൻഡേർഡായി രണ്ടറ്റത്തും ഡ്രം ബ്രേക്കുകൾ മാത്രമേ മോഡലിൽ ഇനി മുതൽ ലഭ്യമാകൂ.

വില കൂടിയ അപ്രീലിയ SR 125 പതിപ്പിനെ അപേക്ഷിച്ച് അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടറിന് നോബി വീ ടയറുകളാണ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 6 ലിറ്റർ ഫ്യുവൽ ടാങ്കും അപ്രീലിയ സ്റ്റോം 125 വേരിയന്റിലെ മറ്റ് പ്രധാന സവിശേഷതകളാണ്.

ആപ്രോൺ മൗണ്ടഡ് ഹെഡ്‌ലൈറ്റ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, സിംഗിൾ കോയിൽ റിയർ സ്‌പ്രിംഗ് എന്നിവയും അപ്രീലിയ സ്റ്റോം 125 പതിപ്പിനെ വേറിട്ടു നിർത്താനും സഹായിച്ചിട്ടുണ്ട്. റെഡ്, വൈറ്റ്, ബ്ലൂ, യെല്ലോ, ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനുകളിൽ മോഡൽ തെരഞ്ഞെടുക്കാനും സാധിക്കുമായിരുന്നു.

അടുത്തിടെ പിയാജിയോ ഇന്ത്യ അതിന്റെ സ്‌കൂട്ടർ ശ്രേണിയിലുടനീളം മോഡലിനെ ആശ്രയിച്ച് 6,728 രൂപ വരെ വില വർധനവും നടപ്പിലാക്കിയിരുന്നു. ഇറ്റാലിയൻ ബ്രാൻഡിന്റെ ഇന്ത്യൻ ശ്രേണി സ്‌ട്രോം 125-ൽ ആരംഭിക്കുമ്പോൾ SXR 160 ബ്രാൻഡിന്റെ ഏറ്റവും ചെലവേറിയ മോഡലായും തുടരുന്നു. ഇതിന് 1.43 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില.

ഭാവിയിൽ അപ്രീലിയ ഇവിടെ ഇലക്ട്രിക് സ്‌കൂട്ടറുകളും രാജ്യത്ത് പുറത്തിറക്കിയേക്കും. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കാനുള്ള പിയാജിയോയുടെ പദ്ധതികൾ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന അപ്രീലിയ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വെസ്പയുട പവർട്രെയിൻ കടമെടുത്തേക്കാം.

പുതിയ ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും ഡിസൈൻ, കൂടുതൽ എയറോഡൈനാമിക് ഫ്രണ്ട് ഏപ്രോൺ, ഒരു പുതിയ ഗ്രാഫിക്‌സ്, സ്‌പോർട്ടി സ്‌പ്ലിറ്റ് സീറ്റ്, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ നേരിയ കോസ്മെറ്റിക് മാറ്റങ്ങളുമായി അടുത്തിടെയാണ് 2022 മോഡൽ SR 125 വിപണിയിൽ എത്തിയത്.

പഴയ മോഡലിൽ നിന്നുള്ള 2,000 രൂപയുടെ അധിക വിലയ്ക്ക് സ്കൂട്ടറിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്യാം. കൂടാതെ, സ്കൂട്ടറുകളിൽ ബൂട്ട് ലാമ്പും യുഎസ്ബി ചാർജറും വരെ അപ്രീലിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്തായാലും സ്റ്റോം 125 സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് നിർത്തലാക്കിയത് ബ്രാൻഡിന്റെ വിൽപ്പനയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിക്കില്ല.


Click it and Unblock the Notifications








