450X ഇലക്ട്രിക് സ്കൂട്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Ather വരുന്നു, അവതരണം ജൂലൈ 11-ന്
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഏഥർ എനർജി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ 450X ഇലക്ട്രിക് സ്കൂട്ടർ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇവി സെഗ്മെന്റിലെ മത്സരം അതിവേഗം വർധിക്കുന്നതിനാലാണ് പുതുമയോടെ സ്‌കൂട്ടറിനെ വിൽപ്പനയ്ക്ക് എത്തിക്കാനൊരുങ്ങുന്നത്.

ജൂലൈ 11-ന് പുത്തൻ 450X ഇലക്ട്രിക് സ്കൂട്ടർ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് ഏഥർ എനർജി ഇപ്പോൾ സ്ഥിരീകരിച്ചത്. ഏറ്റവും പുതിയ പതിപ്പ് വലിയ ബാറ്ററി പായ്ക്കോടെ വരുമെന്നാണ് ലഭിക്കുന്ന സൂചനയെങ്കിലും കമ്പനി ഇതുവരെ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നിലവിൽ 2.9 kwh ബാറ്ററി പായ്ക്കുമായി എത്തുന്ന ഏഥർ 450X സ്കൂട്ടറിന്റെ എക്സ്ഷോറൂം വില 1.38 ലക്ഷം രൂപയാണ്. കൂടാതെ നിലവിൽ ഇത് ഒറ്റ ചാർജിൽ 116 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
MOST READ: RSA സേവനം ഇനി മൊബൈല്‍ ആപ്പ് വഴി; പുതിയ പദ്ധതിക്ക് തുടക്കമിട്ട് Royal Enfield

നിലവിലുള്ള ഏഥർ 450X മോഡലിൽ കാണുന്ന അതേ ത്രീ ഫേസ് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ സിസ്റ്റം ഏറ്റവും പുതിയ മോഡലിൽ അവതരിപ്പിക്കും. ഒരു വലിയ ബാറ്ററി പായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന പുതിയ 450X ഒറ്റ ചാർജിൽ ഏകദേശം 146 കിലോമീറ്ററിന്റെ ഉയർന്ന റേഞ്ച് നൽകുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

നിലവിലുള്ള മോഡലിന്റെ 116 കിലോമീറ്റർ റേഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ഉയർന്ന ശ്രേണിയാണ്. പുതിയ 450X ഇലക്ട്രിക് സ്‌കൂട്ടർ നിർമിക്കാനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ARAI സർട്ടിഫിക്കേഷൻ ലഭിച്ചതായി റിപ്പോർട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ പെർഫോമൻസ് വർധിപ്പിക്കുന്ന വ്യത്യസ്ത റൈഡിംഗ് മോഡുകളുമായി പുതിയ ഏഥർ 450X വരുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. വാർപ്, സ്പോർട്ട്, റൈഡ്, സ്മാർട്ട് ഇക്കോ, ഇക്കോ തുടങ്ങിയവയാകും ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് എത്തുന്ന പുതിയ റൈഡിംഗ് മോഡുകൾ.

ഏറ്റവും പുതിയ ഏഥർ 450X ഇവി ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓല ഇലക്‌ട്രിക്, ഒഖിനാവ തുടങ്ങിയ എതിരാളികളേക്കാൾ മുന്നിട്ടുനിൽക്കാനാണ് ശ്രമിക്കുന്നത്. കൂടാതെ ഓല S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിലും ലഭ്യമായ ഫീച്ചറിനെ പ്രതിരോധിക്കാനാണ് വാർപ്പ് മോഡ് പ്രത്യേകം ചേർത്തിട്ടുണ്ടെന്ന് തോന്നുന്നു.
MOST READ: Nissan Magnite എസ്‌യുവിയുടെ ഈ വേരിയന്റുകളും ഫീച്ചറുകളും ഇനിയില്ല, കാരണം ഇതാണ്

പുറത്തിറങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും 25,000 യൂണിറ്റുകളുടെ വിൽപ്പനയാണ് കൈവരിച്ചിരിക്കുന്നത്. 8 bhp കരുത്തിൽ 26 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള വലിയ 2.9 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് നിലവിൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ പ്രവർത്തിക്കുന്നത്. വെറും 3.3 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗതയാണ് ഏഥര്‍ അവകാശപ്പെടുന്നത്. അതേസമയം 0-60 കിലോമീറ്റര്‍ കൈവരിക്കാൻ ഇവിക്ക് 6.5 സെക്കന്‍ഡ് മതിയാവും.

2018-ലാണ് ഏഥർ രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിലേക്ക് കടന്നുവരുന്നത്. തുടർന്ന് പ്രീമിയംനെസ്, സുരക്ഷ, പെർഫോമൻസ് എന്നിവയ്‌ക്കിടയിൽ മികച്ച സന്തുലിതാവസ്ഥ കൈവരിച്ച ആദ്യത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇവി നിർമാതാവായി ഏഥർ എനർജി കണക്കാക്കപ്പെട്ടു. നിലവിൽ രണ്ട് വേരിയന്റുകളിലായി ഏഥർ 450X ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുന്ന കമ്പനിക്ക് ഗംഭീര ഡിമാന്റാണ് ലഭിക്കുന്നത്.

എസ്‌യുവികളിലും കാറുകളിലും വലിയ ബൈക്കുകളിലും കാണപ്പെടുന്ന TPMS എന്ന ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം അടുത്തിടെ 450X മോഡലിലേക്ക് ചേർത്ത് ബ്രാൻഡ് ഞെട്ടിച്ചിരുന്നു. പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നതോടെ വിപണിയിൽ കൂടുതൽ മികവ് നേടാനും ഏഥറിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ഇവി പതിപ്പ് 74 Ah ശേഷിയുള്ള വലിയ 3.66 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








