XPulse 200 4V റാലി എഡിഷനായുള്ള ഡെലിവറി ആരംഭിച്ച് Hero, ആദ്യ 100 യൂണിറ്റുകൾ കൈമാറി
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എക്‌സ്‌പൾസ് 200 4V റാലി എഡിഷനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ മോട്ടോകോർപ്. വിപണിയിൽ അവതരിപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഉപഭോക്താക്കൾക്കായുള്ള വിതരണം കമ്പനി ആരംഭിച്ചത്.

1.52 ലക്ഷം രൂപ വിലയുള്ള പുതിയ എക്‌സ്‌പൾസ് 200 4V റാലി എഡിഷൻ ബൈക്കുകൾ ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലാണ് ഉപഭോക്താക്കൾക്ക് കൈമാറിയത് എന്ന കാര്യവും ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇതുവരെ ആദ്യത്തെ 100 യൂണിറ്റുകളാണ് ഒരുമിച്ച് ഡെലിവറി ചെയ്‌തിരിക്കുന്നത്.
Recommended Video

ഇരുചക്ര വാഹന നിർമാതാക്കളുടെ ഇന്ത്യയിലെ ആദ്യത്തെ എക്‌സ്‌പൾസ് എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടന ചടങ്ങിനിടെയാണ് ഓഫ് റോഡ് ബൈക്കിന്റെ വിതരണം പൂർത്തിയാക്കിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഹീറോ മോട്ടോകോർപ് ഇന്ത്യയിലുടനീളം ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ ഉടൻ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഹീറോ എക്‌സ്‌പൾസ് 200 4V റാലി എഡിഷൻ എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്ക് ഫാക്ടറിയിൽ ഘടിപ്പിച്ച റാലി കിറ്റോടെയാണ് വരുന്നത് എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഡിആർഎൽ യൂണിറ്റുകളോട് കൂടിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന് ലഭിക്കുന്നുണ്ട്.

പൂർണമായി ക്രമീകരിക്കാവുന്ന 250 mm ഫ്രണ്ട് സസ്പെൻഷനും പൂർണമായി ക്രമീകരിക്കാവുന്ന 10-സ്റ്റെപ്പ് 220 mm പിൻ സസ്പെൻഷനുമാണ് എക്‌സ്‌പൾസ് 200 4V റാലി എഡിഷനിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഫലമായി ഓഫ് റോഡ് ബൈക്കിന് 270 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുന്നതും.
MOST READ: ലുക്കിലും വിലയിലും കൊള്ളാം; Etryst 350 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Pure

ഇത് സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ 50 മില്ലീമീറ്റർ കൂടുതലാണ്. ഇതിന് 1,426 മില്ലീമീറ്റർ നീളമുള്ള വീൽബേസും 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിൻ സ്‌പോക്ക് വീലുകളും ഡ്യുവൽ പർപ്പസ് ടയറുകളും ഹീറോ നൽകിയിരിക്കുന്ന കാര്യവും ഏറെ ശ്രദ്ധേയമായ ഒന്നാണ്.

ഹീറോ എക്‌സ്‌പൾസ് 200 4V റാലി എഡിഷനിൽ 200 സിസി സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്റ്റഡ്, 4-സ്ട്രോക്ക് എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ ഉപയോഗിക്കുന്ന അതേ യൂണിറ്റാണിത്.

ഈ എഞ്ചിന് പരമാവധി 18.9 bhp കരുത്തിൽ 17.35 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സാഹസിക ബൈക്കിംഗ് വിഭാഗത്തിലെ ഒരു പയനിയർ എന്ന നിലയിൽ, സാഹസികത ആഗ്രഹിക്കുന്ന മോട്ടോർസൈക്കിൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഉൽപ്പന്നങ്ങളും സംരംഭങ്ങളും കമ്പനി തുടർച്ചയായി മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് ഹീറോ മോട്ടോകോർപ് ചീഫ് ഗ്രോത്ത് ഓഫീസർ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

ഹീറോ മോട്ടോകോർപ്പിന്റെ എക്സ്പൾസ് എക്സ്പീരിയൻസ് സെന്റർ അതിന്റെ ഉപഭോക്താക്കൾക്ക് പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്യുന്നതിനായാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ബുദ്ധിമുട്ടുള്ള തലങ്ങളെ അടിസ്ഥാനമാക്കി മൂന്ന് വിഷയങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പരിശീലനം പങ്കെടുക്കുന്നവർക്ക് റൈഡിംഗ് കഴിവുകൾ നൽകുമെന്ന് രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

ആവേശകരമായ ബൈക്ക് യാത്രക്കാരുടെ റൈഡിംഗ് അഭിനിവേശം നിറവേറ്റുന്നതിനായി നിർമിച്ച എക്സ്പൾസ് എക്സ്പീരിയൻസ് സെന്റർ ഐക്കണിക് ഹീറോ എക്സ്പൾസ് 200-ന്റെ സാരാംശം ഉൾക്കൊള്ളുന്നു. ആയതിനാൽ ഇത് ആവേശകരമായ ഓഫ്-റോഡ് അനുഭവമാണ് പ്രദാനം ചെയ്യുകയെന്നും രഞ്ജിവ്ജിത് അഭിപ്രായപ്പെട്ടു.

പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഓഫ്-റോഡ് സജ്ജീകരണം, ബോഡി പോസ്ച്ചർ, സ്ലാലോം, ബ്രേക്കിംഗ്, ഇൻക്ലെയിനും ഡിക്ലെയിനും, ഫോളൻ ബൈക്ക് റിക്കവറി, ബാലൻസ് പോയിന്റുകൾ, ഗാരേജ് ടേണുകൾ, ബ്രേക്ക് സ്ലൈഡ്, ബൈക്ക് നടത്തം തുടങ്ങിയ അവശ്യ ഓഫ്-റോഡ് റൈഡിംഗ് കഴിവുകളാണ് നേടാനാവുക.

ലിമിറ്റഡ് എഡിഷനായതുകൊണ്ട് തന്നെ പരിമിതമായ മോഡലുകള്‍ മാത്രമേ നിര്‍മ്മിക്കുകയുള്ളുവെന്നും ഹീറോ നേരത്തെ തന്നെ അറിയിച്ചിരുന്നു. പുതിയ എക്‌സ്‌പൾസ് 200 4V റാലി എഡിഷനായുള്ള ബുക്കിംഗ് 2022 ജൂലൈ 22 മുതല്‍ 2022 ജൂലൈ 29 വരെ രാത്രി 12 മണി വരെയായിരുന്നു സ്വീകരിച്ചിരുന്നത്.

ഈ നിശ്ചിത സമയത്തിനുള്ളിൽ ബൈക്കിന്റെ എല്ലാ യൂണിറ്റുകളും വിറ്റഴിക്കാനും ഹീറോയ്ക്ക് സാധിച്ചു. എന്നാൽ എക്‌സ്‌പൾസ് 200 4V റാലി എഡിഷന്റെ കൂടുതൽ യൂണിറ്റുകൾ കൂടി വിപണിയിലെത്തിക്കാനുള്ള പദ്ധതിയുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








