ഒരുകാലത്തെ മഹീന്ദ്രയുടെ തുറുപ്പുചീട്ട്, സെക്കൻഡ് ഹാൻഡ് സൈലോ വാങ്ങണോ?
എംപിവി സെഗ്മെന്റിലെ തുറുപ്പുചീട്ടായി മഹീന്ദ്ര പുറത്തിറക്കിയ വാഹനമായിരുന്നു സൈലോ. ശരിക്കും പറഞ്ഞാൽ മറാസോ എത്തും വരെ ഇന്ത്യൻ വിപണിയിൽ തരക്കേടില്ലാതെ പറന്നുനടന്ന മോഡലായിരുന്നു സൈലോ. 2009-ൽ പുറത്തിറക്കിയ ഈ മൾട്ടി പർപ്പസ് വാഹനത്തെ കമ്പനി ഔദ്യോഗികമായി പിൻവലിക്കുന്നത് 2019-ലാണ്.

ഷെർവലെ ടവേരയായിരുന്നു പ്രധാന എതിരാളിയെങ്കിലും സാധാരണക്കാരന്റെ ഇന്നോവ എന്നറിയപ്പെടാനായിരുന്നു മഹീന്ദ്ര സൈലോയ്ക്കിഷ്‌ടം. ടാക്‌സിയായി ഏറെ വിലസിയിട്ടുണ്ടെങ്കിലും അത്ര പ്രതാപിയൊന്നുമല്ലായിരുന്നു മഹീന്ദ്രയുടെ ഈ എംപിവി എന്നതാണ് വസ്‌തുത. എങ്കിലും സ്വകാര്യ ആവശ്യങ്ങൾക്കായും ഒരു 7 സീറ്റർ മോഡൽ തിരയുന്നവരിൽ ഭൂരിഭാഗവും സൈലോയിലേക്ക് എത്തിയിട്ടുണ്ട്.

ഈ ഓപ്ഷനല്ലാതെ 9 സീറ്റർ സെറ്റപ്പിലും സൈലോ വിപണിയിലെത്തിയിട്ടുണ്ട്. ഇപ്പോൾ വാഹനം സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും അത്ര ഡിമാന്റൊന്നുമില്ലാതെ തളർന്നുകിടക്കുകയാണ്. പ്രീ-ഓൺഡ് കാർ വിപണിയിൽ ഒരു 9 സീറ്റർ വാഹനം തേടുന്നയാളുകൾക്ക് വേണമെങ്കിൽ പരിഗണിക്കാവുന്ന ഒരു വാഹനമാണ് സൈലോ.

എങ്കിലും വാങ്ങുന്നതിനു മുൻപ് മോഡലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട മേൻമകളും പോരായ്മകളുമുണ്ട്. അവ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെടുത്തി തരാം.

ആദ്യം മേൻമകളിൽ നിന്ന് തുടങ്ങാം
വളരെ വിശാലമായ വാഹനമായിരുന്നു മഹീന്ദ്ര സൈലോ എന്നതാണ് ആദ്യ മേൻമ. മുതിർന്ന ഏഴു പേർക്ക് വരെ അതിഗംഭീരമായി യാത്ര ചെയ്യാൻ സാധക്കും വിധമാണ് കമ്പനി എംപിവിയെ അണിയിച്ചൊരുക്കിയിരുന്നത്. ഒരു നീണ്ട യാത്രയിൽ പോലും അവർക്കെല്ലാം സുഖകരമായി യാത്ര ചെയ്യാനുമാവും.
MOST READ: പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

ശരിക്കും പറഞ്ഞാൽ മുതിർന്നവർക്ക് അനുയോജ്യമായ മൂന്നാമത്തെ വരിയുള്ള ചുരുക്കം ചില മൾട്ടി പർപ്പസ് വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര സൈലോ. വളരെ കഴിവുറ്റ രണ്ട് എഞ്ചിൻ ഓഫറുകളായിരുന്നു ഈ എംപിവിയുടെ മറ്റൊരു പ്രധാന ഘടകമായി പ്രവർത്തിച്ചത്. ഇവ രണ്ടും ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായിരുന്നു.

2.5 ലിറ്റർ mDI CRDe ഡീസൽ, 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിൻ എന്നിവയായിരുന്നു സൈലോയ്ക്ക് തുടിപ്പേകാൻ എത്തിയിരുന്നത്. ആദ്യത്തേത് 94 bhp പവറിൽ പരമാവധി 218 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. അതേസമയം കൂടുതൽ ശക്തമായ mHawk യൂണിറ്റ് 120 bhp കരുത്തിൽ 280 Nm torque വരൊയായിരുന്നു വാഗ്‌ദാനം ചെയ്‌തിരുന്നത്.

രണ്ടും ശക്തവും കാര്യക്ഷമവുമായിരുന്നുവെന്നതാണ് ശ്രദ്ധേയം. എങ്കിലും സെക്കൻഡ് ഹാൻഡ് സൈലോ വാങ്ങാൻ തീരുമാനിച്ചാൽ 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിൻ മോഡൽ തന്നെ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കൂടാതെ മഹീന്ദ്ര സെലോയുടെ നിർമാണ നിലവാരം തികച്ചും ദൃഢമായിരുന്നുവെന്നതാണ് മേൻമ നൽകുന്ന മറ്റൊരു കാര്യം. അതും അക്കാലത്തുപോലും ഇത്രയും മികവുറ്റ രീതിയിൽ ബോഡി നിലവാരം കാക്കാൻ കമ്പനിക്കായി എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. അതേസമയം എംപിവിയെ ലാഡർ-ഓൺ-ഫ്രെയിം ഷാസിയിൽ നിർമിച്ചിരിക്കുന്നതിനാൽ മോശമായ റോഡുകളെ പോലും വളരെ എളുപ്പത്തിൽ മറികടക്കാൻ സൈലോയ്ക്ക് സാധിക്കുമായിരുന്നു.

പോരായ്‌മകൾ
മഹീന്ദ്ര സെലോയുടെ പ്രധാന പ്രശ്‌നം ഹാൻഡിലിംഗിലായിരുന്നു. വളരെയധികം ബോഡി റോൾ അനുഭവപ്പെടുന്നതിനാൽ യാത്രക്കാർ പലപ്പോഴും ഈ എംപിവിയിൽ നിന്നും ഒന്നു മാറിനിൽക്കാൻ താത്പര്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് വളവുകൾ വീശുമ്പോൾ ചില സമയങ്ങളിൽ യാത്രക്കാർക്ക് അരോചകമുണ്ടാക്കുന്ന പ്രകടനമാണ് സൈലോയുടെ പരാജയ വശം.

ഇന്നു വാങ്ങിയാൽ ആധുനിക എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോൾ മഹീന്ദ്ര സൈലോയുടെ ഇന്റീരിയർ തികച്ചും കാലഹരണപ്പെട്ടതാണെന്ന് തോന്നിയേക്കാം. പുറമേയുള്ള ഡിസൈൻ വശങ്ങളുടെ കാര്യവും അങ്ങനെ തന്നെ.

എംപിവിയുടെ എക്സ്റ്റീരിയർ നിർമാണ നിലവാരം മികച്ചതായിരുന്നെങ്കിലും ഇന്റീരിയറിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഗുണനിലവാരം വളരെ താഴ്ന്നതും വളരെ ദുർബലവുമാണെന്ന് പറയാതെ വയ്യ.

വാസ്തവത്തിൽ ചില ഉപഭോക്താക്കൾ കുറച്ച് വർഷങ്ങൾക്ക് ശേഷം ഇവയിൽ നിന്നും മടുപ്പുളവാക്കുന്ന ശബ്ദം പുറത്തുവരുന്നുണ്ടെന്ന പരാതിയും ഉയർന്നുവന്നിരുന്നു. മഹീന്ദ്ര സൈലോ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് വന്നത്. അതിനാൽ നിങ്ങൾ ഒരു ഓട്ടോമാറ്റിക് എംപിവിയാണ് തിരയുകയാണെങ്കിൽ മറ്റേതെങ്കിലും ഓപ്ഷനിലേക്ക് പോവുന്നതായിരിക്കും ഉചിതം.


Click it and Unblock the Notifications








