'മോശം റോഡുകളില്‍ അപകടം കുറവ്'; അറ്റകുറ്റപ്പണിയെ കുറിച്ച് ചോദിച്ചപ്പോള്‍ വിചിത്ര പ്രസ്താവനയുമായി മന്ത്രി
നല്ല റോഡുകള്‍ എന്നത് പലപ്പോഴും വികസനത്തിന്റെ അടയാളമായി ചൂണ്ടിക്കാണിക്കാറുണ്ട്. നല്ല രീതിയില്‍ പരിപാലിക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യാതെ വളരേ ശോചനീയമായ അവസ്ഥയിലുള്ള റോഡുകള്‍ നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും കാണാം.

ഇനി റോഡുകള്‍ എങ്ങാനും നന്നാക്കിയാലോ പിറ്റേ ദിവസം തന്നെ വല്ല കേബിള്‍ പണിക്കാരും വന്ന് കുത്തിപ്പൊളിച്ചിടും. അടുത്തിടെ ഒരു സിനിമയുടെ പരസ്യവാചകം നാട്ടിലെ റോഡിലെ കുഴികളെ കുറിച്ചാണെന്ന് പറഞ്ഞുണ്ടായ പുകില് കേരളത്തില്‍ കെട്ടടങ്ങിയതേ ഉള്ളൂ. ഇപ്പോള്‍ താറുമാറായി കിടക്കുന്ന റോഡുകളെ കുറിച്ച് ഒരു സംസ്ഥാനത്തെ മന്ത്രി പറഞ്ഞ വിചിത്ര പ്രസ്താവനയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

റോഡ് അറ്റകുറ്റപ്പണികളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു ഛത്തീസ്ഗഢ് മന്ത്രി പ്രേംസായ് സിംഗ് ടെകമിന്റെ വളരെ വിചിത്രമായ പ്രസ്താവന. മോശം റോഡുകളുള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

'അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഞങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ ലഭിക്കുന്നു. പക്ഷേ റോഡുകള്‍ മോശമായിരിക്കുന്നിടത്തെല്ലാം അപകടങ്ങള്‍ കുറവാണ്. നല്ല റോഡുകളുള്ളിടത്തെല്ലാം ദിവസവും അപകടങ്ങള്‍ ഉണ്ടാകുന്നു. റോഡുകള്‍ നല്ലതായിരിക്കണം, പക്ഷേ എല്ലാവരും സംയമനം പാലിക്കണം'-ഛത്തീസ്ഗഢ് മന്ത്രി പ്രേംസായ് സിംഗ് ടെകം പറഞ്ഞു.
MOST READ: ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഡീ അഡിക്ഷന്‍ ഡ്രൈവില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ റോഡിന്റെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയായിരുന്നു. വദഫ് നഗറിലെ റോഡുകളുടെ അവസ്ഥയെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രത്യേകം ചോദിച്ചത്.

എന്നാല്‍ റോഡ് നല്ല നിലയില്‍ കിടക്കുന്ന സ്ഥലങ്ങളില്‍ അമിതവേഗത മൂലം ദിവസവും അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്നും റോഡുകള്‍ മോശമായ പ്രദേശങ്ങളില്‍ അപകടങ്ങളും മരണങ്ങളും കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
MOST READ: 50000 രൂപ വരെ ഡിസ്‌കൗണ്ട്; വമ്പന്‍ ഓഫറുകളിൽ സ്വന്തമാക്കാം Renault കാറുകൾ

മോശം റോഡുകളെ ഒരു തരത്തിലും താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. റോഡുകള്‍ എല്ലായിടത്തും നല്ലതായിരിക്കണം, എന്നാല്‍, അത്തരം നല്ല റോഡുകളിലെ അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് വേഗപരിധിക്ക് കീഴില്‍ വാഹനം ഓടിക്കുന്നത് എങ്ങനെയെന്ന് ആളുകള്‍ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മോശം റോഡുകളില്‍ ആളുകള്‍ക്ക് വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും യാത്രക്കാരെ സുരക്ഷിതരാക്കാനും സാവധാനം ഓടിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. വദഫ് നഗര്‍ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും കരാറുകാരന് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചില കാരണങ്ങളാല്‍ കരാറുകാരന്‍ ഇതുവരെ പണി തുടങ്ങിയിട്ടില്ലെന്നും മഴയായതുകൊണ്ടാകാം കാലതാമസമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
MOST READ:വിൽപ്പന ഉയർത്തണം, സെപ്റ്റംബറിൽ 49,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് Maruti Suzuki

'മറ്റൊരു കാരണവുമുണ്ട്, മോശം അവസ്ഥയില്‍ റോഡുകള്‍ ഉള്ളിടത്ത് നിന്നെല്ലാം അത് നന്നാക്കാന്‍ ഞങ്ങള്‍ക്ക് കോളുകള്‍ വരുന്നു. പക്ഷേ അവിടെ അപകടങ്ങള്‍ കുറവാണ്. ഇത്തരം റോഡുകളില്‍ മരണങ്ങള്‍ കുറവാണ്. നല്ല റോഡ് സ്ഥിതി ചെയ്യുന്നിടത്ത്, എല്ലാ ദിവസവും റോഡപകടങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ അമിത വേഗതയുണ്ടെന്ന് നിങ്ങള്‍ക്ക് കാണാം. അതിനാല്‍, റോഡുകള്‍ നല്ലതായിരിക്കണം. പക്ഷേ വേഗതയില്‍... മൊബൈല്‍, മയക്കുമരുന്ന് അല്ലെങ്കില്‍ മദ്യം എന്നിവയുടെ ആസക്തിയില്‍ നിയന്ത്രണം ഉണ്ടായിരിക്കണം'മന്ത്രി പ്രേംസായ് സിംഗ് ടെകം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. 2019-ല്‍ അസമിലെ തേസ്പൂരില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാംഗമായ പല്ലബ് ലോചന്‍ ദാസ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. തേകം ഇപ്പോള്‍ പറഞ്ഞതിന് സമാനമായ വിശദീകരണമായിരുന്നു പലബ്ബ് ലോചന്‍ ദാസും നല്‍കിയത്.

സുഗമമായ റോഡുകള്‍ കാണുമ്പോള്‍ ആളുകള്‍ കൂടുതലായി ആക്‌സിലേറ്റര്‍ ചവിട്ടുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെ അപകടങ്ങള്‍ കൂടുന്നതിന് പിന്നില്‍ നല്ല റോഡുകളാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കാര്‍ജോള്‍ പറഞ്ഞത്.

മന്ത്രി പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ?
ഇന്ത്യയിലെ പല അപകടങ്ങള്‍ക്കും അമിതവേഗത ഒരു പ്രധാന കാരണമാണെങ്കിലും, നല്ല അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കാന്‍ അധികാരികള്‍ക്ക് ഇത് ഒരു കാരണമായി പറയാന്‍ ഒക്കില്ല.

റോഡിലെ കുഴികളും പൊട്ടിപ്പൊളിഞ്ഞ പാടുകളും മുന്‍പും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗപരിധിയുള്ള നിരവധി ഹൈവേകളും എക്‌സ്പ്രസ് വേകളും ഇന്ത്യയില്‍ ഉണ്ട്. റോഡിന്റെ ശാസ്ത്രീയ രൂപകല്പന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന വശമാണ്.

മിക്ക ഹൈവേകളിലും നഗര റോഡുകളിലും, ആളുകള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുവെന്ന കാര്യം ഉറപ്പാക്കുന്നതിനും വേഗപരിധി പാലിക്കുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നല്ല റോഡുകള്‍ വന്നാല്‍ ആളുകള്‍ വേഗത്തില്‍ വാഹനമോടിക്കും. മോശമായി പരിശീലിച്ച ഡ്രൈവര്‍മാരും റൈഡര്‍മാരും ഉള്ളതിനാലും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനാലും അപകടങ്ങളും ഉണ്ടാകും.

അതിനാല്‍ ട്രാഫിക് അപകടങ്ങളുടെ കൂടെ റോഡിന്റെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത് സാധുവായ ഒരു വാദമാണെങ്കിലും, നല്ല മനസ്സുള്ള ആരും റോഡുകള്‍ തകരാന്‍ അനുവദിക്കില്ല. റോഡുകള്‍ നല്ല നിലയിലാണെന്നും അപകടങ്ങള്‍ കുറയ്ക്കുന്നതിന് ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നും ജനങ്ങള്‍ നിയമം ലംഘിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നില്ലെന്നും ഫലപ്രദമായ നിയമ നിര്‍വ്വഹണത്തിലൂടെ ഉറപ്പാക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരം.


Click it and Unblock the Notifications








