റൊണാള്‍ഡോയുടെ 14 കോടി രൂപ വില വരുന്ന Bugatti Veyron അപകടത്തില്‍പ്പെട്ടു
ബുഗാട്ടി വെയ്‌റോൺ സൂപ്പർകാർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വാഹനങ്ങളുടെ അത്ഭുതകരമായ ശേഖരത്തിന്റെ ഉടമയാണ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോർച്ചുഗലിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മുന്നേറ്റ താരമയായ റൊണാൾഡോയുടെ 14 കോടിരൂപ വിലവരുന്ന കാർ അപകടത്തിൽപ്പെട്ടുവെന്ന വാർത്തയാണ് സ്പെയിനിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.

14 കോടി രൂപയോളം വിലവരുന്ന റൊണാള്‍ഡോയുടെ ബുഗാട്ടി വെയ്‌റോണിന് സ്‌പെയിനിലെ മയ്യോര്‍ക്കയില്‍വെച്ചാണ് അപകടമുണ്ടായത്. എല്‍ പീരിയോഡിക്കോ എന്ന സ്പാനിഷ് മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി സ്‌പെയിനിലെത്തിയ റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിന്ന് കാര്‍ മയ്യോര്‍ക്കയിലേക്ക് എത്തിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസമയത്ത് വെയ്‌റോൺ സൂപ്പർകാർ റൊണാൾഡോയുടെ ജീവനക്കാരിൽ ഒരാളായിരുന്നു ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. അതിവേഗത്തില്‍ വന്ന റൊണാള്‍ഡോയുടെ കാര്‍ ഒരു വീടിന്റെ ഗെയ്റ്റ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് സൂപ്പർകാറിന് വലിയ കേടുപാടുകൾ സംഭവിച്ചതായാണ് സ്ഥിരീകരിക്കാനാവുന്നത്. പ്രത്യേകിച്ച് കാറിന്റെ മുൻവശത്ത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മറ്റൊരു വാഹനവും അപകടത്തിൽ പെട്ടിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും ബുഗാട്ടി വെയ്‌റോണിന്റെ മുൻഭാഗം പൂർണമായും തകർന്നതായാണ് കരുതപ്പെടുന്നത്. വാഹനത്തിനെ പഴയപടിയിൽ ആക്കണമെങ്കിൽ താരത്തിന് വലിയ തുക മുടക്കേണ്ടിയും വന്നേക്കും.

ബുഗാട്ടി വെയ്‌റോണിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു മെർസിഡീസ്-ബെൻസ് ജി-ക്ലാസും അവധിക്കാലത്തിനായി സ്പാനിഷ് ദ്വീപിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ കാറുകൾ ഫുട്ബോൾ താരത്തിന്റെ പ്രശസ്തമായ ശേഖരത്തിന്റെ ഭാഗമാണ്. ഫുട്ബോൾ പോലെ തന്നെ വിലകൂടിയ സൂപ്പർകാറുകളോട് എപ്പോഴും താത്പര്യമുള്ള കായികതാരങ്ങളിൽ പ്രധാനിയാണ് ക്രിസ്റ്റ്യാനോ.

ബുഗാട്ടി വെയ്‌റോൺ EB 16.4 ഒരു മിഡ് എഞ്ചിൻ സ്‌പോർട്‌സ് കാറാണ്. ഇത് ഫോക്‌സ്‌വാഗൺ ഗ്രൂപ്പും ബുഗാട്ടിയും ചേർന്ന് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‌ത മോഡലാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളായ ബുഗാട്ടി ഫ്രാൻസിലെ തങ്ങളുടെ മോൾഷൈമിലാണ് ഈ ലക്ഷ്വറി സ്പോർട്‌സ് കാർ നിർമിക്കുന്നത്.

റേസിംഗ് ഡ്രൈവർ പിയറി വെയ്‌റോണിനുള്ള ആദരസൂചകമായാണ് ബുഗാട്ടി മോഡലിനായി ഈ പേരു സമ്മാനിച്ചതും. വെയ്‌റോണിന് പരമാവധി 407 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വെയ്‌റോണിന്റെ സൂപ്പർ സ്‌പോർട്ട് പതിപ്പ് ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ്-ലീഗൽ പ്രൊഡക്ഷൻ കാറുകളിൽ ഒന്നാണ്.
MOST READ: കാറിൽ വൈഫൈ വേണോ? ഇൻ-കാർ വൈഫൈ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികൾ ഇതാ

ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 431.072 കിലോമീറ്ററുമാണ്.റൊണാൾഡോയുടെ ഗാരേജിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ കാറായ ബുഗാട്ടി ലാ വോയിച്ചർ നോയർ വരെയുണ്ട്. തന്റെ മുൻ ക്ലബ്ബായ യുവെന്റസിനെ 36-ാമത് സീരി എ കിരീടം നേടാൻ സഹായിച്ചതിനുള്ള സമ്മാനമായാണ് 2020 ഓഗസ്റ്റിൽ റൊണാൾഡേ ഈ മോഡൽ വാങ്ങുന്നത്.

ലോകമെമ്പാടുമായി ബുഗാട്ടി ലാ വോയിച്ചർ നോയറിന്റെ വെറും പത്ത് യൂണിറ്റുകൾ മാത്രമാണ് നിർമിച്ചിരിക്കുന്നത്. ഈ കാറിന് ഏകദേശം 8.5 ദശലക്ഷം യൂറോ അതായത് ഏകദേശം 75 കോടി രൂപ വിലയുണ്ട്. റൊണാൾഡോയുടെ ഗാരേജിന്റെ ഭാഗമായ മറ്റ് സൂപ്പർകാറുകളിൽ ഫെറാറി 599 GTO, ലംബോർഗിനി അവന്റഡോർ, മക്ലാരൻ MP4 12C എന്നിവ ഉൾപ്പെടുന്നു.

സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമായി ഇടയ്ക്കിടെ തന്റെ കാറുകളുടെ ഫോട്ടോകൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. കാറുകൾ കൂടാതെ പോർച്ചുഗീസ് താരത്തിന് 5.5 ദശലക്ഷം പൗണ്ട് ആഡംബര നൗകയും സ്വന്തമായുണ്ട്. ഇതിന് ഏകദേശം 88 അടി ഉയരവും അഞ്ച് വ്യത്യസ്ത ആഡംബര ക്യാബിനുകളും ആറ് പ്രത്യേകം അലങ്കരിച്ച ബാത്ത്റൂമുകളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏഴ് ലീഗ് കിരീടങ്ങൾ, അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗുകൾ, ഒരു യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ഒരു യുവേഫ നേഷൻസ് ലീഗ് എന്നിവയുൾപ്പെടെ 32 ട്രോഫികൾ താരം കരിയറിൽ നേടിയിട്ടുണ്ട്.

നിലവിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ റൊണാള്‍ഡോ അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്‌പെയിനിലെത്തിയത്. 37 കാരനായ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന് വേണ്ടി ആകെ 24 ഗോളുകളാണ് നേടി തിളങ്ങിയിരുന്നെങ്കിലും ടീമിന്റെ മോശം പ്രകടനത്തിൽ താരം നിരാശനായിരുന്നു.


Click it and Unblock the Notifications








