ഒറ്റ ചാർജിൽ താണ്ടിയത് 1,000 കിലോമീറ്റർ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച് BYD e6 ഇലക്‌ട്രിക്
വാറൻ ബഫറ്റിന്റെ പിന്തുണയുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ BYD ഇന്ത്യയിൽ പുതുചരിതം എഴുതി മുന്നോട്ടു കുതിക്കുകയാണ്. വാണിജ്യ ആവശ്യത്തിന് മാത്രമായി പുറത്തിറക്കിയ e6 എന്ന അഞ്ചു സീറ്റർ എംപിവിയിലൂടെ പുതിയ റെക്കോർഡിട്ടാണ് ചൈനീസ് ബ്രാൻഡ് വാർത്തകളിൽ നിറയുന്നത്.

ഒറ്റ ചാർജിൽ 1,000 കിലോമീറ്റർ പിന്നിട്ട് e6 ഇവിയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് കമ്പനി. BYD e6 മുംബൈ മുതൽ ന്യൂഡൽഹി വരെ 2203 കിലോമീറ്ററിലധികമാണ് ഈ യാത്രയിൽ സഞ്ചരിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലായി ഒമ്പത് നഗരങ്ങൾ പിന്നിട്ടാണ് ഈ യാത്ര കമ്പനി എംപിവിയിലൂടെ പൂർത്തിയാക്കിയത്.

ആറ് ദിവസം കൊണ്ടാണ് ഈ റെക്കോർഡ് നേട്ടം കൈവരിക്കാൻ BYD ബ്രാൻഡിന് സാധിച്ചത്. BYD (ബിൾഡ് യുവർ ഡ്രീംസ്) 'സസ്റ്റൈനബിൽ ഡ്രൈവ് ഫോർ എ സസ്റ്റൈനബിൽ ഇന്ത്യ' എന്ന പദ്ധതിയുടെ ഭാഗമായാണ് കമ്പനി അതിന്റെ ഏറ്റവും പുതിയ e6 ഇലക്ട്രിക് വാഹനത്തിൽ പര്യടനം പൂർത്തിയാക്കിയത്.

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഇലക്ട്രിക് വാഹന യാത്രയെന്ന നിലയിൽ നാല് സംസ്ഥാനങ്ങളിലായി ഒമ്പത് നഗരങ്ങൾ ഉൾക്കൊള്ളുന്ന പരിപാടി മുംബൈ മുതൽ ന്യൂഡൽഹി വരെ ആറ് ദിവസം കൊണ്ട് 2203 കിലോമീറ്റർ പിന്നിട്ടു. യാത്രയ്ക്കിടയിൽ ദേശീയ പാർക്കുകൾക്ക് ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളിലൂടെ e6 കടന്നുപോയി.

ഇതുവരെ BYD e6 തങ്ങളുടെ പങ്കാളികളോടൊപ്പം ഇന്ത്യയിലുടനീളം 47,957,202 കിലോമീറ്ററുകൾ പൂർത്തിയാക്കിയിട്ടുമുണ്ട്. ഇത് മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള 10,883 റൗണ്ട് ട്രിപ്പുകൾക്ക് തുല്യമാണെന്ന് കമ്പനി പറയുന്നു. BYD e6 കമ്പനിയുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എംപിവി ആണ്.

കൂടാതെ കമ്പനിയുടെ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ ഇന്ത്യയിൽ അവലംബിച്ച ആദ്യത്തെ മോഡലുമാണിത്. 2020-ൽ ആരംഭിച്ച ഈ സാങ്കേതികവിദ്യ അതിന്റെ സുരക്ഷ, ഫേഞ്ച്, ദീർഘായുസ് എന്നിവയ്ക്കായി ആഗോളതലത്തിൽ ഏറെ പ്രശംസ നേടിയിട്ടുമുണ്ട്. വളരെ സുരക്ഷിതമായ ലിഥിയം അയേൺ ഫോസ്ഫേറ്റ് (LFP) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്.

വോള്യൂമെട്രിക് ഊർജ്ജ സാന്ദ്രതയിൽ 50 ശതമാനം മെച്ചപ്പെടുത്തലും ഇതിനുണ്ട്. ബാറ്ററികളുടെ തെർമൽ റൺവേ പരിശോധിക്കുന്നതിനുള്ള ഒരു മാർഗമായ നെയിൽ പെനട്രേഷൻ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കാനും BYD e6 എംപിവിക്ക് സാധിച്ചിട്ടുണ്ട്. 71.7 കിലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് വാണിജ്യ അടിസ്ഥാനത്തിൽ പുറത്തിറക്കിയിരിക്കുന്ന എംപിവിയുടെ ഹൃദയം.

ഭാരം കുറയ്ക്കുന്നതിനും കാര്യക്ഷമത ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് പവർട്രെയിൻ ഘടകങ്ങളെ സമന്വയിപ്പിക്കുന്നു. ഒറ്റ ചാർജിൽ 415 കിലോമീറ്റർ മുതൽ 520 കിലോമീറ്റർ വരെ റേഞ്ച് നൽകും ഈ ബാറ്ററിയെന്നാണ് കമ്പനി പറയുന്നത്. ഇതിന് പരമാവധി 95 bhp കരുത്തിൽ 180 Nm torque വരെ നൽകുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിൽ.

ഇതിലൂടെ പരമാവധി 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും എംപിവിക്ക് സാധിക്കും. 45000 രൂപ അധികം നൽകിയാൽ 7 കിലോവാട്ടിന്റെ ചാർജറും BYD ഉപഭോക്താക്കൾക്കായി നൽകും. ഇലക്‌ട്രിക് എംപിവി ചാർജ് ചെയ്യാൻ ഡിസി ചാർജർ ഉപയോഗിച്ചാൽ 35 മിനിറ്റിൽ 80 ശതമാനം ചാർജു ചെയ്യാൻ സാധിക്കും. ബിവൈഡിയുടെ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് e6 നിർമിച്ചിരിക്കുന്നത്.

നിലവിലെ ആദ്യ ഘട്ടത്തിൽ ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, അഹമ്മദാബാദ്, കൊച്ചി, ചെന്നൈ എന്നീ സ്ഥലങ്ങളിലാണ് വാഹനത്തിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നതും മുന്നോട്ടുകൊണ്ടുപോവുന്നതും.

2021 നവംബറിലാണ് BYD ഇന്ത്യ e6 ഇലക്ട്രിക് എംപിവി രാജ്യത്ത് അവതരിപ്പിക്കുന്നത്. രാജ്യത്തെ എംപിവി വിഭാഗത്തിലെ ഏറ്റവും വലിയ 580 ലിറ്റർ ബൂട്ട് സ്പേസോടെയാണ് ഇത് വരുന്നത്. എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ആറു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാണ് മോഡലിന്റെ പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications








