ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ അർഹതയുള്ള ഒരേയൊരാൾ, എലിസബത്ത് രാജ്ഞിയുടെ ഐതിഹാസിക കാർ ശേഖരം
എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടി അന്ത്യമായിരിക്കുകയാണ്. ഏറ്റവും കൂടുതൽ കാലം (70 വർഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞി 96-ാം വയസിലാണ് വിടവാങ്ങിയത്.

ബ്രിട്ടനെ കൂടാതെ 14 കോമണ്‍വല്‍ത്ത് രാജ്യങ്ങള്‍ക്കും കൂടിയാണ് അവരുടെ രാജ്ഞിയെ നഷ്ടമാവുന്നത്. പ്രോട്ടോക്കോൾ അനുസരിച്ച്, രാജ്ഞിയുടെ മൂത്ത മകൻ ചാൾസ് രാജകുമാരൻ അടുത്ത രാജാവായി സ്ഥാനാരോഹിതനായി. ഇനി നീണ്ട പത്ത് ദിനങ്ങൾ, രാജ്ഞിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള സംസ്കാര ചടങ്ങുകൾ ഓരോ ദിവസങ്ങളിലായിട്ടാണ് നടക്കുക.

ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് സിംഹാസനത്തിൽ കയറിയ എലിസബത്ത് വലിയൊരു സമ്പത്തിന്റെ ഉടമ കൂടിയാണ്. ബ്രിട്ടന്റെ ഹൃദയഭാഗത്തുള്ള വെസ്റ്റ്മിൻസ്റ്റർ പള്ളിയിലെ ഗ്രാൻഡ് ഹാളിൽവെച്ച് ഭൗതികശരീരം അടക്കം ചെയ്യും.

മഹത്തായ കോട്ടകളും മറ്റ് സ്വത്തുക്കളും സ്വന്തമാക്കിയതിനു പുറമേ, ആഡംബര കാറുകളുടെ ശ്രദ്ധേയമായ ശേഖരവും രാജ്ഞിക്കുണ്ടായിരുന്നു. വാസ്തവത്തിൽ ക്വീൻസിന്റെ ആഡംബര കാറുകളുടെ ശേഖരം ഏതൊരു കാർ പ്രേമിയേയും അസൂയപ്പെടുത്തുന്ന ഒന്നാണെന്നതും ശ്രദ്ധേയമാണ്.

എലിസബത്ത് രാജ്ഞി രണ്ടാമൻ മിക്ക സമയത്തും സ്വന്തമായി വാഹനം ഓടിക്കാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലാൻഡ് റോവർ എസ്‌യുവിയും ഡ്രൈവ് ചെയ്‌തുള്ള യാത്രകളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സാധുവായ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കാൻ യുകെയിൽ യോഗ്യതയുള്ള ഒരേയൊരു വ്യക്തി രാജ്ഞി മാത്രമായിരുന്നു എന്നതും രസകരമായൊരു കാര്യമായി തോന്നിയേക്കാം.

96-കാരിയായ രാജ്ഞിക്ക് ലാൻഡ് റോവേറുകൾ, ജാഗ്വറുകൾ, ഡൈംലേഴ്‌സ് തുടങ്ങിയ ബെസ്‌പോക്ക് കാറുകളിൽ കൺട്രി റിട്രീറ്റായ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലൂടെ ചുറ്റുന്നതായിരുന്നു ഏറ്റവും കൂടുതൽ ആസ്വദിച്ചിരുന്നത്. വലിയ ആഡംബര കാറുകൾ ഉപേക്ഷിച്ച് മരണത്തിലേക്ക് യാത്രയായ ക്വീൻ എലിസബത്തിന്റെ കാർ ശേഖരം ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഡൈംലർ
രാജ്ഞിയുടെ ഏറ്റവും ആകർഷകമായ കാറുകളിലൊന്നാണ് ഡൈംലർ സൂപ്പർ V8 LWB. റീഗൽ കാറിന് കസ്റ്റമൈസ് ചെയ്‌ത വീലുകളായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ഒരു സ്ലൈഡ്-ഔട്ട് കമ്പാർട്ട്‌മെന്റുള്ള ഒരു സെൻട്രൽ ആംറെസ്റ്റും ഇതിനുണ്ടായിരുന്നു. അത് ഒരു രാജകീയ ഹാൻഡ്‌ബാഗിന് അനുയോജ്യമായ വലുപ്പമുള്ളതായിരുന്നു.

ലാൻഡ് റോവർ
ലാൻഡ് റോവർ ഡിഫെൻഡറാണ് രാജ്ഞിയുടെ പ്രിയപ്പെട്ട കാർ എന്നാണ് പരക്കെയുള്ള സംസാരം. എലിസബത്ത് രാജ്ഞി രണ്ടാമൻ പഴയ സീരീസ് 1 മുതൽ പുതിയ ഡിഫെൻഡർ വരെ ഏകദേശം 30 എണ്ണം വരെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

റോൾസ് റോയ്‌സ്
റോൾസ് റോയ്‌സ് ഫാന്റം V, VI എന്നിവ 1950-കളിലും 1960-കളിലും രാജ്ഞിയുടെ ഗാരേജിന്റെ ഭാഗമായിരുന്നു. ലക്ഷ്വറി വാഹനങ്ങളുടെ അവസാന വാക്കായാണ് ബ്രിട്ടീഷ് ആഡംബര ബ്രാൻഡിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. 1998 സ്ഥാപിതമായ റോൾസ് റോയ്‌സ് ഇപ്പോൾ ജർമ്മൻ ഗ്രൂപ്പിന്റെ ബിഎംഡബ്ല്യുവിന്റെ പൂർണ്ണമായുള്ള അനുബന്ദ കമ്പനിയാണ്.

ആസ്റ്റൺ മാർട്ടിൻ
ചാൾസ് രാജകുമാരന്റെ 21-ാം ജന്മദിനത്തിൽ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും 1965-ലെ ഒരു വിശിഷ്ടമായ ആസ്റ്റൺ മാർട്ടിൻ DB6 വോലാന്റെ സമ്മാനമായി നൽകി. ഒരു കാര്‍ എന്നതിലുപരി ഇതിലുപയോഗിക്കുന്ന ഇന്ധനം എന്താണെന്നുള്ളതാണ്. ചീസും വൈനുമാണ് ഈ കാറിന്റെ ഇന്ധനം. മാലിന്യവസ്തുക്കളില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജമാണ് ഈ കാറിന്റെ ഇന്ധത്തിന്റെ പ്രധാന സ്രോതസ്.

ബോണ്ട് ചിത്രങ്ങളിലെ സന്തതസഹചാരി കൂടിയാണിത്. ആസ്‌റ്റൺ മാർട്ടിന്റെ തന്നെ DBS V 8 വിന്റേജ്, V12 വാൻക്വിഷ് തുടങ്ങിയ മോഡൽ കാറുകളും ബോണ്ട് സിനിമകളിലെ പ്രധാന താരങ്ങള്‍ തന്നെ.

ബെന്റ്ലി
2002-ൽ എലിസബത്തിന്റെ സുവർണ ജൂബിലിക്ക് മുന്നോടിയായി ഹെർ മജസ്റ്റിക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഒരു രാജകീയ ബെന്റ്‌ലി ലിമോസിൻ രാജ്ഞിയുടെ പക്കലുണ്ട്. 400 bhp കരുത്തേകുന്ന 6.75 ലിറ്റർ V8 എഞ്ചിനാണ് മികച്ച വാഹനത്തിന് തുടിപ്പേകുന്നത്. ഇത് പരമാവധി 130 mph വേഗത കൈവരിക്കാനും ശേഷിയുള്ളതാണ്. 10 മില്യൺ പൗണ്ടാണ് ഈ ഗംഭീര വാഹനത്തിന്റെ വില.


Click it and Unblock the Notifications








