3.5 കിലോമീറ്റർ നീളമുള്ള ട്രെയിൻ, രാജ്യത്തെ നീളംകൂടിയ തീവണ്ടിയായി സൂപ്പർ വാസുകി
ഓഗസ്റ്റ് 15-ന് ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിനും രാജ്യം സാക്ഷ്യംവഹിച്ചു. ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ കൽക്കരിക്കടത്തിനുള്ള ചരക്കുതീവണ്ടിയുടെ പേരാവാട്ടെ 'സൂപ്പർ വാസുകി' എന്നാണ്.

295 വാഗണുകളുള്ള ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടി ‘സൂപ്പർ വാസുകി'യുടെ പരീക്ഷണ ഓട്ടം വിജയകരമായാണ് ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കി പുതുചരിത്രത്തിലേക്ക് ചുവടുവെക്കുന്നത്. നിലവിൽ ഓടുന്ന ചരക്കുതീവണ്ടികളെക്കാൾ മൂന്നിരട്ടി ലോഡ് വഹിക്കാൻ ശേഷിയുണ്ട് ഈ കൂറ്റൻ തീവണ്ടിക്ക് എന്നതാണ് പ്രത്യേകത.
27,000 ടണ്ണിലധികം കൽക്കരി വഹിക്കുന്ന 295 ലോഡഡ് വാഗണുകളുള്ള 3.5 കിലോമീറ്റർ ദൈർഘ്യമാണുള്ളത് എന്നറിയുമ്പോൾ നിങ്ങളുടെ നെറ്റിയൊന്നു ചുളുങ്ങിയേക്കാം. എന്നാൽ ലോകത്തിലെ ഏറ്റവും നീളമേറിയ ചരക്ക് ട്രെയിൻ ഇതല്ല എന്ന വസ്‌തുതയും മനസിൽ കുറിക്കണം.
Recommended Video

ഓസ്‌ട്രേലിയയുടെ BHP ഇരുമ്പയിരിന്റെ നീളം ഏകദേശം 7.352 കിലോമീറ്ററാണ്. ഇത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചരക്ക് ട്രെയിനായി മാറുന്നു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് ഓഗസ്റ്റ് 15-ന് സൂപ്പർ വാസുകി ചരക്കു ട്രെയിനിന്റെ കന്നിയോട്ടം നടത്തിയത്.

രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരം ഉയർത്തിക്കാട്ടുന്നതിനും അതിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിന് പൗരന്മാർ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ ഒരു സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്.
MOST READ: പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

പുരാണത്തിലെ സർപ്പമായ വാസുകിയുടെ പേരാണ് തീവണ്ടിക്കു നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. 3000 മെഗാവാട്ട് താപനിലയം ഒരുദിവസം പ്രവർത്തിപ്പിക്കാൻ ആവശ്യമായ കൽക്കരി വഹിക്കാം ഇതിന്. താപനിലയങ്ങളിൽ കൽക്കരിക്ഷാമം നേരിടുമ്പോൾ ഇവ പരമാവധി ഉപയോഗിക്കാനാണ് പദ്ധതി.

ഛത്തീസ്ഗഡിലെ കോർബയിൽ നിന്ന് നാഗ്പുരിലെ രാജ്നന്ദ്ഗാവോയിലേക്കായിരുന്നു ആദ്യ ഓട്ടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50-ന് പുറപ്പെട്ട ട്രെയിൻ 267 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം 11.20 മണിക്കൂറാണ് സൂപ്പർ വാസുകിക്ക് വേണ്ടിവന്നത്. ആറ് ലോക്കോകളും 295 വാഗണുകളുമുണ്ട് സൂപ്പർ വാസുകിക്ക്.

ഏകദേശം 27,000 ടൺ കൽക്കരിയാണ് പരീക്ഷണ ഓട്ടത്തിൽ സൂപ്പർ വാസുകി വഹിച്ചത്. ഈ കൽക്കരി കൊണ്ട് ഒരു ദിവസം മുഴുവനും 3000 മെഗാവാട്ട് പവർ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പറ്റുമെന്ന് പറയുന്നു. ഒരു യാത്രയിൽ 9,000 ടൺ കൽക്കരി കൊണ്ടുപോകുന്ന നിലവിലുള്ള റെയിൽവേ റേക്കുകളുടെ (ഓരോന്നിലും 100 ടൺ വീതമുള്ള 90 കാറുകൾ) മൂന്നിരട്ടിയാണിത്.

അഞ്ച് ഗുഡ്സ് ട്രെയിനുകൾ ഒരു യൂണിറ്റായി സംയോജിപ്പിച്ചാണ് സൂപ്പര്‍ വാസുകിയുടെ നിർമാണം റെയിൽവേ പൂർത്തിയാക്കിയിരിക്കുന്നത്. 3.5 കിലോമീറ്റർ നീളമുള്ള ട്രെയിനിന് ആറ് എഞ്ചിനുകളാണുള്ളതും. നല്ല വേഗതയിൽ ഓടുമ്പോൾ ഒരു സ്റ്റേഷൻ പിന്നിടാൻ വാസുകിക്ക് ഏകദേശം നാല് മിനിറ്റ് സമയമെടുക്കുമെന്നാണ് കണക്ക്.

ഈ വർഷമാദ്യം കൽക്കരി ക്ഷാമം രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. പവർ സ്റ്റേഷനുകളിൽ കൽക്കരി പോലുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഉണ്ടാകാതിരിക്കാൻ സൂപ്പർ വാസുകി സഹായിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. അതുപോലെ തന്നെ കൽക്കരി ദൌർലഭ്യം അടക്കമുള്ള സാഹചര്യം കണക്കിലെടുത്ത് സൂപ്പർ വാസുകിയെപ്പോലെ കൂടുതൽ തീവണ്ടികൾ രാജ്യത്തിന്റെ പല ഭാഗത്തേക്കായി അവതരിപ്പിക്കാനും റെയിവേ തയാറെടുക്കുന്നുണ്ടെന്നാണ് വിവരം.

എന്താണ് ഒരു ചരക്ക് ട്രെയിൻ?
ആളുകൾകക് പകരം ചരക്ക് കൊണ്ടുപോകുന്ന ട്രെയിനിനെയാണ് സാധാരണ ചരക്ക് ട്രെയിൻ എന്ന് വിളിക്കുന്നത്. 1966-ൽ ബോംബെയ്ക്കും അഹമ്മദാബാദിനും ഇടയിലാണ് ആദ്യത്തെ കണ്ടെയ്നറൈസ്ഡ് ചരക്ക് സർവീസ് ആരംഭിച്ചതും. ഇത് ഇന്ത്യയിലെ ഒരു സുപ്രധാന ഗതാഗത മാർഗമാണ്. അതിൽ റെയിൽ കാറുകൾ ട്രാക്കുകളിലൂടെ ചരക്ക് കൊണ്ടുപോവാനായി ഉപയോഗിക്കുന്നു.

ലോകത്തിലെ നാലാമത്തെ വലിയ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേയുടേത്. രാജ്യത്തുടനീളം 1.2 ലക്ഷം കിലോമീറ്ററിലധികമാണ് റെയിൽവേ ലൈൻ വ്യാപിച്ചു കിടക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു റെയിൽവേ സംവിധാനം സ്ഥാപിക്കുക എന്ന ആശയം ആദ്യമായി നിർദ്ദേശിച്ചത് 1832-ലാണ്. അസംസ്‌കൃത വസ്തുക്കളെ നിർമാതാക്കളുമായി ബന്ധിപ്പിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ചരക്ക് ട്രെയിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് വിവിധതരം ഇന്ധനങ്ങളും ഫിനിഷ്ഡ് ഗുഡ്‌സുകളും വഹിക്കുന്നു.


Click it and Unblock the Notifications








