പിന്‍ സീറ്റ്ബെല്‍റ്റ് റിമൈന്‍ഡറുകള്‍ നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകട മരണം തീര്‍ത്ത അലയൊലികള്‍ ഇന്ത്യന്‍ ഗതാഗത മേഖലയില്‍ അവസാനിച്ചിട്ടില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും പിന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.

വിജ്ഞാപനമനുസരിച്ച് കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 5 ആണ്. കാര്‍ നീങ്ങുമ്പോള്‍ ആരെങ്കിലും ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ നിരന്തരമായ ബീപ്പ് ശബ്ദം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന സജ്ജീകരണമാണ്.
MOST READ:Bajaj Pulsar N160 vs Hero Xtreme 160R; വില, എഞ്ചിന്‍ സവിശേഷതകള്‍, ഫീച്ചര്‍ താരതമ്യം ഇതാ

മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര എസ്‌യുവിയില്‍ സഞ്ചരിക്കുകയായിരുന്ന മിസ്ത്രി സെപ്റ്റംബര്‍ നാലിന് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികള്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.

മിസ്ത്രിയുടെ ദാരുണ നിര്യാണത്തിന് പിന്നാലെ റോഡ് സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയിരുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് അലാറം സംവിധാനം നിര്‍ബന്ധമാക്കുമെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
MOST READ:പിഴ ലക്ഷം രൂപ വരെ!... കീശ ചോര്‍ത്തുന്ന ട്രാഫിക് നിയമലംഘന ചലാനുകള്‍ ഇവയാണ്

അടുത്ത ആറ് മാസത്തിനുള്ളില്‍ എല്ലാ പുതിയ കാറുകളിലും പിന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ നിര്‍ബന്ധിത ഫീച്ചറായി മാറും. നിര്‍ദ്ദിഷ്ട ഓട്ടോമോട്ടീവ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് പിന്‍സീറ്റില്‍ ഉള്‍പ്പെടെ ഏതെങ്കിലും യാത്രക്കാരന്‍ സുരക്ഷാ-ബെല്‍റ്റ് ബക്കിള്‍ നീക്കം ചെയ്താലും ഓഡിയോ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കും.

കരട് വിജ്ഞാപനത്തില്‍ പറയുന്നത് എന്താണ്?
കരട് വിജ്ഞാപനം അനുസരിച്ച്, ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്‌സ് (എഐഎസ്156) ഭേദഗതികളില്‍ എം, എന്‍ വിഭാഗത്തിലുള്ള വാഹനങ്ങളിലെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഉപകരണങ്ങളുടെ ഭാഗമായി മുന്നോട്ട് ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ നിര്‍ബന്ധമാക്കുന്നു.
MOST READ:മിസ്ത്രി: ആ 100 കിലോമീറ്ററിനുള്ളില്‍ ഈ വര്‍ഷം പൊലിഞ്ഞത് 60-ലധികം ജീവനുകള്‍

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് അധിക പിഴ ചുമത്തുമെന്ന് ഗഡ്കരി പ്രഖ്യാപിച്ചെങ്കിലും ഇത് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2022 ഒക്ടോബര്‍ 1 മുതല്‍ എട്ട് യാത്രക്കാര്‍ക്ക് വരെ ഇരിക്കാവുന്ന എല്ലാ യാത്രാ വാഹനങ്ങളിലും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ ഈ വര്‍ഷം ആദ്യം മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

പിന്‍സീറ്റ് ബെല്‍റ്റ്: ഓലക്ക് പിന്നലെ യൂബറും
പിന്‍സീറ്റ്‌ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കിയതോടെ അമേരിക്കന്‍ മൊബിലിറ്റി സേവനദാതാക്കളായ യൂബര്‍ സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി തങ്ങളുടെ കാറുകളില്‍ പിന്‍സീറ്റ് ബെല്‍റ്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണെന്നും ഉറപ്പാക്കാന്‍ യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. യൂബറിന്റെ മുഖ്യ എതിരാളിയായ ഓല നേരത്തെ തന്നെ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു.

ഡ്രൈവര്‍മാര്‍ സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനി വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. പല ക്യാബുകളിലും സ്വകാര്യ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റുകളും അവയുടെ ആങ്കറുകളും മറയ്ക്കുന്ന സീറ്റ് കവറുകള്‍ ഇടാറുണ്ട്. ഇതോടെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് ബക്കിള്‍ ചെയ്യാന്‍ സാധിക്കാതെ വരും. ബെല്‍റ്റുകള്‍ സീറ്റ് കവറിന് അടിയിലാക്കിയിട്ടുണ്ടെങ്കില്‍ അവ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പുതിയ വാഹനങ്ങളില്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായ സമയം ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ കാറുകളെ യൂറോപ്യന്‍ കാറുകള്‍ക്ക് അനുസൃതമാക്കാന്‍ സാധിക്കുമെന്നാണ് സൂചന. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഉറപ്പാക്കാന്‍ മൂന്ന് തലത്തിലുള്ള മുന്നറിയിപ്പ് സംവിധാനമാണ് ഉണ്ടായിരിക്കേണ്ടത്. വാഹനങ്ങളുടെ അധിക സുരക്ഷാ ഫീച്ചറുകളുമായി ബന്ധപ്പെട്ട ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡിലെ (അകട) നിര്‍ദ്ദിഷ്ട ഭേദഗതി അനുസരിച്ചാണിത്.

ഒന്നാമത്തേത് 'ഫസ്റ്റ് ലെവല്‍ വാണിംഗ്'. ഡ്രൈവര്‍ ഇഗ്‌നിഷന്‍ സ്വിച്ച് ഓണാക്കിയാല്‍ ഉടന്‍ ഒരു വിഷ്വല്‍ വാര്‍ണിംഗ് വരും. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരെക്കുറിച്ചുള്ള വിഷ്വല്‍ വാര്‍ണിംഗ് കണ്‍സോളില്‍ പ്രത്യക്ഷപ്പെടും. യാത്രക്കാരില്‍ ആരെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവര്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്താലുടന്‍ 'സെക്കന്‍ഡ് ലെവല്‍ വാര്‍ണിംഗ്' ദൃശ്യം കേള്‍ക്കാന്‍ സാധിക്കും. തേര്‍ഡ് ലെവല്‍ വാര്‍ണിംഗ് വരുന്നത് യാത്രക്കാര്‍ ആരെങ്കിലും സീറ്റ് ബെല്‍റ്റ് അഴിച്ചാലാണ്.

എല്ലാ യാത്രക്കാരെയും കുറിച്ചുള്ള അലേര്‍ട്ടുകള്‍ ലഭിക്കുമെന്നതിനാല്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ സവിശേഷതകള്‍ ഡ്രൈവറെ സഹായിക്കുമെന്നാണ് വാഹന സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.


Click it and Unblock the Notifications








