ഇനി മടുപ്പുണ്ടാവില്ല, കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കാനുള്ള ചില പൊടികൈകൾ ഇതാ..
ഒരു കാറിലെ ഏറ്റവും അത്യാവശ്യമായ സുരക്ഷാ ഉപകരണമായി സീറ്റ് ബെൽറ്റുകൾ പണ്ടേ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ കാരണം പലരും ഇത് ഉപയോഗിക്കാറില്ലെന്നതാണ് വസ്‌തുത.

ശരിക്കും ഉപയോഗിക്കാറില്ലാത്തതിനാൽ അനുഭവപ്പെടുന്ന ഒരു മടുപ്പ് മാത്രമാണ് പലർക്കും ഈ ബുദ്ധിമുട്ടുകൾ. ഇന്ന് ഡ്രൈവർ ആരാണെങ്കിലും അവർ സീറ്റ് ബെൽറ്റുകൾ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയതു തന്നെ ഇട്ടില്ലെങ്കിൽ പൊലീസ് പിടിക്കും പെറ്റിയടക്കണമല്ലോ എന്നൊക്കെയോർത്താണ്.

റോഡിൽ നിർഭാഗ്യകരമായ ഒരു അപകടമുണ്ടായാൽ പരമാവധി സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗമാണ് സീറ്റ് ബെൽറ്റ് ധരിക്കുന്നത്. എന്നാൽ ഈ ലളിതമായ സമ്പ്രദായം ഒരു പ്രധാന സുരക്ഷയും മുൻകരുതൽ നടപടികളും ആയി സ്ഥാപിതമാണെങ്കിലും, പലരും യാത്ര ചെയ്യുമ്പോൾ അത് അവഗണിക്കുകയാണ് ചെയ്യാറ്.

എന്നാൽ അടുത്തിടെ പ്രമുഖ വ്യവസായിയുടെ മരണത്തിലേക്ക് അപകടം മൂലം രാജ്യത്തെ സീറ്റ് ബെൽറ്റ് സംസ്ക്കാരം തന്നെ പാടെ മാറുകയാണ്. സീറ്റ് ബെൽറ്റുകൾ ധരിച്ച് യാത്ര ചെയ്‌താൽ അപകടമുണ്ടാവുന്ന സമയത്ത് ഉണ്ടാവാനിടയുള്ള ഗുരുതരമായ പരിക്കുകളും മരണവും തടയുന്നുവെന്നും ഓർത്താൽ ആരും ഇവ ഉപയോഗിക്കാൻ തുടങ്ങിയേക്കും.

ഒരു ശീലമെന്ന നിലയിൽ ഇവ ധരിക്കുന്നത് കർശനമായി നടപ്പാക്കേണ്ടതുണ്ടെന്നും തെളിയിക്കുന്ന എണ്ണമറ്റ പഠനങ്ങളും പ്രായോഗിക സംഭവങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നിരുന്നാലും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കാൻ പലരും ഉദ്ധരിക്കുന്ന ഒരു കാരണം ബക്കിൾ ചെയ്യുമ്പോൾ ശ്വാസംമുട്ടൽ അല്ലെങ്കിൽ വിമ്മിഷ്ടം അനുഭവപ്പെടുന്നു എന്നതാണ്.

പെൽവിക് ഏരിയയ്ക്ക് മുകളിലൂടെ മാത്രം പോകുന്ന വിമാനത്തിനുള്ളിലെ സീറ്റ്ബെൽറ്റിൽ നിന്ന് വ്യത്യസ്തമായി, കാർ സീറ്റ്ബെൽറ്റ് ഒരു Y- ആകൃതിയിലുള്ള ബെൽറ്റാണ്. ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ് എന്നും ഇവ പൊതുവെ അറിയപ്പെടാറുണ്ട്. ശരീരത്തിന്റെ മുകൾഭാഗത്തെ ലോക്ക് ചെയ്യുന്നതിന് നെഞ്ചിന് കുറുകെ ഒരു സ്ട്രാപ്പ് വരുന്ന രീതിയാണിത്.

പെട്ടെന്നുള്ള ബ്രേക്കിംഗ് സാഹചര്യത്തിൽ യാത്രികന്റെ ശരീരം മുന്നോട്ടാഞ്ഞ് ചെന്നുള്ള ഉണ്ടാവുന്ന ആഘാതം കുറക്കാൻ ഇവ സഹായിക്കും. അതായത് ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേൽക്കുന്നത്. ഇത് തടയാനാണ് സീറ്റ് ബെൽറ്റ്.

സീറ്റ് ബെൽറ്റ് ഇടുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള ചില ടിപ്പുകളും പറഞ്ഞുതരാം. സുരക്ഷിതമായ രീതിയിൽ സീറ്റ് ബെൽറ്റ് ധരിക്കാനാകുമെന്ന് ഉറപ്പാക്കാൻ ചില എളുപ്പമുള്ള നുറുങ്ങുവിദ്യകളും തന്ത്രങ്ങളും ഇതാ...

സ്റ്റെപ്പ് 1
എപ്പോഴും സീറ്റുകളിൽ കഴിയുന്നത്ര നിവർന്ന് ഇരിക്കാൻ ശ്രദ്ധിക്കണം. ഇത് സീറ്റ് ബെൽറ്റ് കഴുത്തിന്റെ ഭാഗത്തിലൂടെ കടന്നുപോകുന്നതിനു പകരം നെഞ്ചിനു കുറുകെ വരുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

സ്റ്റെപ്പ് 2
അധികം ഉയരമില്ലാത്ത ഡ്രൈവർമാർക്കും യാത്രക്കാർക്കും, സീറ്റ് ഉയരം ക്രമീകരിക്കുന്നത് പലപ്പോഴും ശരീരത്തിന്റെ മധ്യ ഭാഗത്ത് സീറ്റ് ബെൽറ്റ് സുഖകരമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും. സൗകര്യം ഉറപ്പാക്കാൻ സീറ്റ് ഉയരം മുകളിലേക്കോ താഴേക്കോ ക്രമീകരിക്കുക. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ഡ്രൈവ് സൗകര്യവും കൂടി പരിഗണിക്കേണ്ടതുണ്ട്.

സ്റ്റെപ്പ് 3
ആധുനിക കാലത്തെ മിക്ക വാഹനങ്ങളും സീറ്റ് ബെൽറ്റിനായി ബി പില്ലറിൽ ഒരു അഡ്ജസ്റ്റ്മെന്റ് പോയിന്റുകൾ വരുന്നുണ്ട്. നിങ്ങളുടെ കാറിൽ അത് ഉണ്ടോ എന്ന് കണക്കാക്കുകയും സീറ്റ് ബെൽറ്റിന് അനുയോജ്യമായി മാറുന്നത് വരെ അതിന്റെ സ്ഥാനം ക്രമീകരിക്കുകയും വേണം.

സ്റ്റെപ്പ് 4
ഒരു സീറ്റ് ബെൽറ്റ് റാപ് കുഷ്യൻ വാങ്ങുക എന്നതാണ് സീറ്റ് ബെൽറ്റ് ധരിക്കൽ കൂടുതൽ സുഖകരമാക്കാൻ കഴിയുന്ന മറ്റൊരു കാര്യം. സുഖസൗകര്യങ്ങളുടെ ഒരു ഗ്യാരണ്ടി അല്ലെങ്കിലും, ഇത്തരം ഉൽപ്പന്നങ്ങളുടെ സോഫ്റ്റ്-ടച്ച് സാമഗ്രികൾ സീറ്റ് ബെൽറ്റ് ധരിക്കലിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായകരമാവും.

സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർണായകമാണെങ്കിലും ശരിയായ രീതിയിൽ സീറ്റ് ബെൽറ്റ് ധരിക്കുക എന്നതാണ് കൂടുതൽ നിർണായകം. കാർ സ്റ്റാർട്ട് ചെയ്യുന്നതിനു മുമ്പ് സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുറഞ്ഞ വേഗതയിൽ നീങ്ങിയാൽ സീറ്റ് ബെൽറ്റ് ആവശ്യമില്ലെന്ന തെറ്റിദ്ധാരണയ്ക്ക് ഇരയാകാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അപകടം നടക്കുമ്പോള്‍ എയര്‍ബാഗ് ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ സീറ്റ് ബെല്‍റ്റൊക്കെയെന്ന് ചിലരെങ്കിലും ചോദിച്ചുകാണും. ഈ ചോദ്യവും തെറ്റാണ്. സീറ്റ് ബെൽറ്റും എയർബാഗും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ഇതു രണ്ടും.


Click it and Unblock the Notifications








