കാര്‍മേഖലയിലെ ചില ഞെട്ടിപ്പിക്കുന്ന നവീനാശയങ്ങള്‍
പുതിയ ആശയങ്ങളെ എന്നും നമ്മള്‍ വലിയ ആഹ്ലാദത്തോടെ സ്വീകരിച്ചിട്ടുണ്ട്. പുത്തന്‍ ആശയങ്ങളുടെ ഒരു പ്രത്യേകത, അത് ആദ്യം നമ്മെ അതിശയിപ്പിക്കും എന്നതാകുന്നു. എന്നാല്‍, ചില പുത്തന്‍ ആശയങ്ങള്‍ ഏതുകാലത്തും നമ്മളെ അതിശയിപ്പിച്ചോണ്ടിരിക്കും. ഈ ടൈപ്പ് ആശയങ്ങള്‍ ഒരുകാലത്തും പ്രായോഗികമാകില്ല എന്നതാണ് ഈ നിത്യാതിശയത്തിന് നിദാനം.
ഇങ്ങനെ നിത്യാതിശയത്തിന് വകതരുന്ന നിരവധി കണ്ടുപിടിത്തങ്ങളുടെ ഒരു കേന്ദ്രമാണ് കാറുകളുടേത്. ഇവിടെ ചില അതിശയിപ്പിക്കുന്ന നവീനാശങ്ങളെ പരിചയപ്പെടാം.

08. അപാര വഴക്കം!
ഫോഡിന്റെ ടി ബേഡ് എന്ന കാര്‍ വിപണിയിലെത്തിയത് തികച്ചും പുത്തനായ ഒരു ആശയവുമായിട്ടായിരുന്നു. സ്റ്റീയറിങ് കോളം മൊത്തത്തില്‍ വലത്തോട്ട് 10.5 ഇഞ്ച് വരെ നീക്കാന്‍ കഴിയുമായിരുന്നു. കാറിനകത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും സ്റ്റീയറിങ് വീല്‍ ഒരു തടസ്സമാകില്ല എന്നതായിരുന്നു ഇതിന്റെ ഗുണം. 1961ലായിരുന്നു ഈ ഇന്നവേഷന്‍ സംഭവിച്ചത്.

07. തിരിയുന്ന സീറ്റുകള്‍
1961ല്‍ തന്നെയാണിതും സംഭവിച്ചത്. ബ്യൂക്ക് ഫ്‌ലമിംഗോ മോട്ടോരമ കാറിലെ സീറ്റുകള്‍ 180 ഡിഗ്രിയില്‍ തിരിക്കാന്‍ സാധിക്കുമായിരുന്നു!

06. സ്റ്റീയറിങ് വീലിലെ പരീക്ഷണം
വട്ടത്തിലുള്ള വലിയ സ്റ്റീയറിങ് വീലുകള്‍ തിരിക്കുന്നത് വലിയ പാടാണെന്നായിരുന്നു ഫോഡിന്റെ എന്‍ജിനീയര്‍മാരുടെ കണ്ടുപിടിത്തം. ചക്രങ്ങളെ നിയന്ത്രിക്കാന്‍ വെറുതെ കൈപ്പത്തി ചെറുതായി തിരിച്ചാല്‍ മാത്രം മതിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ നിനിര്‍മിക്കപ്പെട്ട കാറാണ് ചിത്രത്തില്‍. സംഗതി പാളിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

05. ഓട്ടോറിക്ഷ പോലെയൊരു കാര്‍
1970കളില്‍ പുറത്തിറങ്ങിയ മൂന്ന് ചക്രമുള്ള കാറാണ് റിലൈയന്റ് റോബിന്‍. നഗരത്തില്‍ ചുറ്റിയടിക്കാന്‍ പറ്റിയ, ഒരു ബജറ്റ് കാര്‍ എന്നതായിരുന്നു ഉദ്ദേശ്യം. സംഗതി ക്ലച്ചായി. ഏതാണ്ട് പത്തിരുപത് കൊല്ലക്കാലം ഇത്തരം കാറുകള്‍ നിരത്തിലുണ്ടായിരുന്നു.

04. ഇടിച്ചിടുന്നവര്‍ക്കുള്ള പണി!
1931ലാണ് ഈ ആശയം വരുന്നത്. വഴിയാത്രക്കാരെ ഇടിച്ചിട്ട് പായുന്ന ഡ്രൈവര്‍മാര്‍ക്കിട്ട് പണി കൊടുക്കുന്നതായിരുന്നു പോപ്പുലാര്‍ മെക്കാനിക്‌സ് എന്ന മാഗസിന്‍ അവതരിപ്പിച്ചത്. കാറിന്റെ ബംപറില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക സംവിധാനം, വാഹനം ആരെയെങ്കിലും ഇടിച്ചാല്‍ അത് തിരിച്ചറിയുന്നു. പിന്നാലെ കാറിന്റെ വിശദാംശങ്ങളടങ്ങിയ ഡിസ്‌കുകള്‍ പുറത്തേക്കെറിയുകയും ചെയ്യുന്നു!

03. വെള്ളമടിക്കാര്‍ക്കായി
ഒരു മിനി ബാറുമായിട്ടാണ് 1957ലെ കാഡില്ലാക് എല്‍ഡൊറാഡോ കാര്‍ വിപണി പിടിച്ചത്. ഇക്കാലത്ത് മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നത് കുറ്റകരമായിരുന്നില്ല.

02. പട്ടികള്‍ക്കായി
മനെക ഗാന്ധിയും രഞ്ജിനി ഹരിദാസുമെല്ലാം രംഗത്തു വരുന്നതിനു മുമ്പ് പട്ടികള്‍ക്കുവേണ്ടി സംസാരിക്കാന്‍ പോപ്പുലര്‍ മെക്കാനിക്‌സ് മെനക്കെട്ടിരുന്നു. കാറിനു പുറത്തു ഘടിപ്പിക്കാവുന്ന ഒരു ചാക്ക് നായയ്ക്ക് നല്ലൊരു യാത്ര പ്രദാനം ചെയ്യുന്നു. മുള്ളിയാലും അപ്പിയിട്ടാലും അത് കാറിനകത്തിരിക്കുന്നവരെ ബാധിക്കുകയില്ല എന്ന ഗുണവുമുണ്ട്.

01. വെളിച്ചം പരത്തുന്ന ടയര്‍!
1961ല്‍ ഗുഡ്ഇയര്‍ അവതരിപ്പിച്ച ഒരു ടയര്‍ വലിയ ജനശ്രദ്ധയാകര്‍ഷിച്ചു. പ്രകാശം പരത്തുന്ന ടയറുകളായിരുന്നു ഇത്. എന്നാല്‍, ടയറിനകത്ത് ഘടിപ്പിച്ച ബള്‍ബുകള്‍ ഗ്ലാസ് കൊണ്ടു നിര്‍മിച്ചതായിരുന്നു. ഇലക്ട്രിക് വയറിങ്ങുകളും പ്രശ്‌നമുണ്ടാക്കി. ചുരുക്കത്തില്‍ ഗട്ടറുകളില്‍ വീഴുമ്പോഴെല്ലാം ലൈറ്റുകള്‍ക്ക് പണി കിട്ടുകയോ വയറിങ് തകരാറിലായി കത്തിപ്പിടിക്കുകയോ ചെയ്തുപോന്നു!

കൂടുതല്‍
ലംബോര്‍ഗിനിയുടെ ജീവിതം; ഒരു ഫ്‌ലാഷ്ബാക്ക്
നൂറ്റാണ്ട് നീണ്ട സുസൂക്കിയുടെ യാത്ര


Click it and Unblock the Notifications








