പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി Kawasaki
ഈ മാസം അവസാനത്തോടെ പുതിയ 2022 മോഡൽ വെർസിസ് 650 ഇന്ത്യയിൽ പുറത്തിറക്കാൻ തയാറെടുക്കുകയാണ് ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി.

വളരെക്കാലമായി കാര്യമായ പരിഷ്ക്കാരങ്ങളൊന്നും തന്നെയില്ലാതെ മുന്നോട്ടു നീങ്ങുകയായിരുന്ന മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂററിന് പുത്തൻ പതിപ്പ് എത്തുന്നത് പുതുജീവനേകുമെന്നാണ് കരുതപ്പെടുന്നത്. ശ്രദ്ധേയമായ ചില മാറ്റങ്ങളുമായാണ് കവസാക്കി വെർസിസ് 650 എത്തുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ചെറിയ കോസമെറ്റിക് മാറ്റങ്ങൾക്കൊപ്പം കുറച്ച് പുതിയ ഫീച്ചറുകളും ലഭിക്കുന്നുവെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമാവുക. വെർസിസ് 1000 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കവസാക്കി വെർസിസ് 650 പതിപ്പിന് പുതിയതും ഷാർപ്പുമായ ഫെയറിംഗാണ് 2022 ആവർത്തനത്തിന് സമ്മാനിക്കുക.

ട്വിൻ എൽഇഡി ഹെഡ്‌ലൈറ്റുകളും പുതിയ ഫോർ-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌സ്‌ക്രീനും വരെ ഉൾപ്പെടും. അതേസമയം മോട്ടോർസൈക്കിളിന്റെ ബാക്കിയുള്ള ബോഡി വർക്ക് പഴയ പതിപ്പിന് സമാനമായി തന്നെ തുടരും. എന്നിരുന്നാലും നിലവിലെ മോഡലിൽ നിന്നും വേർതിരിച്ചറിയാനായി പുതിയ എഞ്ചിൻ കൗളും പുതിയ ഗ്രാഫിക്‌സും കവസാക്കി വെർസിസ് 650 മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂററിൽ അവതരിപ്പിക്കും.

മറ്റൊരു ശ്രദ്ധേയമായ പരിഷ്ക്കാരം ഇലക്ട്രോണിക് റൈഡർ എയ്‌ഡുകളുടെ രൂപത്തിലാവും പരിചയപ്പെടുത്തുക. മെച്ചപ്പെട്ട സുരക്ഷയ്ക്കായി കവസാക്കി വെർസിസിൽ ഇപ്പോൾ ടൂ ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റമായ 'കവാസാക്കി ട്രാക്ഷൻ കൺട്രോൾ' (KTRC) അവതരിപ്പിക്കും. രണ്ട് തലത്തിലുള്ള ടിസി മോഡുലേഷനും അത് പൂർണ്ണമായും ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും.

കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു പുതിയ TFT ഡിസ്‌പ്ലേ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ വേറിട്ടു നിർത്താനും സഹായിക്കും. ഈ പരിഷ്ക്കാരങ്ങൾക്കൊപ്പം കവസാക്കി 2022 മോഡൽ വെർസിസ് 650 മോഡലിന് ഏകദേശം 50,000 മുതൽ 70,000 രൂപ വരെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മെക്കാനിക്കൽ നവീകരണങ്ങളൊന്നും തന്നെ മിഡിൽവെയിറ്റ് മോട്ടോർസൈക്കിളിനുണ്ടാവില്ല എന്നതാണ് ശ്രദ്ധേയം.

66 bhp കരുത്തിൽ 61 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ ബിഎസ്-VI നിലവാരത്തിലുള്ള 649 സിസി, പാരലൽ ട്വിൻ എഞ്ചിനാണ് കവസാക്കി വെർസിസ് 650 മോഡലിന്റെ ഹൃദയം. നിലവിലെ മോഡലിലുള്ള അതേ ഷാസിയും സസ്‌പെൻഷനും തന്നെയാവും ജാപ്പനീല് ബ്രാൻഡ് മിഡിൽവെയ്റ്റ് ബൈക്കിൽ ഉപയോഗിക്കുക.
MOST READ: R6 മുതൽ SV650 വരെ, ഇന്ത്യൻ നിരത്തുകൾ കാണാൻ ആഗ്രഹിക്കുന്ന പ്രീമിയം മോട്ടോർസൈക്കിളുകൾ

ഷോവയിൽ നിന്നുള്ള ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ വെർസിസ് 650 മോട്ടോർസൈക്കിളിന്റെ ശക്തമായ പോയിന്റുകളിലൊന്നാണ്. പ്രത്യേകിച്ചും ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 പോലുള്ള എതിരാളികളിൽ ക്രമീകരിക്കാവുന്ന ഫോർക്ക് സജ്ജീകരിച്ചിട്ടില്ല എന്നതു കണക്കിലെടുക്കുമ്പോൾ. പുതിയ വെർസിസ് 650-യിലെ ബ്രേക്കിംഗ് ഹാർഡ്‌വെയറും മുൻ ബൈക്കിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്ന യൂണിറ്റുകൾ തന്നെയാണ്.

നിലവിൽ 7.15 ലക്ഷം രൂപയാണ് കവസാക്കിയുടെ വെർസിസ് 650 പതിപ്പിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ശരിക്കും അടുത്തിടെ കവസാക്കി ഇന്ത്യ അടുത്തിടെ 70,000 രൂപയുടെ കിഴിവ് മോട്ടോർസൈക്കിളിൽ പ്രഖ്യാപിച്ചിരുന്നു.

തുടർന്ന് വെർസിസിന്റെ ഈ മോഡലിന്റെ വില 6.45 ലക്ഷമായി കുറഞ്ഞിരുന്നു. പുതിയ വെർസിസ് 650 ഈ മാസം അവസാനത്തോടെ കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഡ്-ബയാസ്ഡ് അഡ്വഞ്ചർ ടൂറിംഗിന് ഏറ്റവും സൗകര്യപ്രദമായ ബൈക്കാണ് കവസാക്കി വെർസിസ് 650. ഈ സെഗ്‌മെന്റിലെ മറ്റ് ശ്രദ്ധേയമായ മോഡലുകൾ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660, ഹോണ്ട CB500X എന്നിവയാണ്.

ഇവയും ഒരേ റോഡ് അധിഷ്ഠിത റൈഡിനെ അടിസ്ഥാനമാക്കി നിർമിച്ചവയാണ്. എന്നിരുന്നാലും വെർസിസിൽ നിന്ന് കുറച്ചുകൂടി ഓഫ്-റോഡ് കഴിവ് വേണമെങ്കിൽ സുസുക്കി V-സ്ട്രോം 650 XT ആയിരിക്കും മികവ് പുലർത്തുക.


Click it and Unblock the Notifications








