കോയമ്പത്തൂരിൽ നിന്ന് ഷിർദ്ദിയിലേക്ക് പോവാം; ഭാരത് ഗൗരവ് ട്രെയിൻ പദ്ധതി ഫ്ലാഗ്ഓഫ് ചെയ്‌ത് ഇന്ത്യൻ റെയിൽവേ
പുതുതായി ആവിഷ്ക്കരിച്ച ഭാരത് ഗൗരവ് ട്രെയിൻ പദ്ധതി ഫ്ലാഗ്ഓഫ് ചെയ്‌ത് ഇന്ത്യൻ റെയിൽവേ. ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നിതിന്റെ ഭാഗമായി കോയമ്പത്തൂരിനും ഷിർദ്ദിക്കുമിടയിൽ സർവീസ് നടത്തുന്ന ആദ്യ ട്രെയിനാണ് ഐആർസിടിസി തുടക്കം കുറിച്ചിരിക്കുന്നത്. സ്വകാര്യ ടൂർ ഓപറേറ്റർമാരുടെ സഹകരണത്തോടെയാണ് സർവീസ് നടത്തുന്നത്.

കോയമ്പത്തൂർ നോർത്തിൽ നിന്ന് ചൊവ്വാഴ്ച്ചകളിൽ വൈകുന്നേരം 6 മണിക്ക് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച്ച രാവിലെ 7.25 ന് ഷിർദിയിലെ സായ് നഗറിലെത്തും. തുടർന്ന് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ട്രെയിൻ വെള്ളിയാഴ്ച്ച സായി നഗറിൽ നിന്ന് യാത്ര പുനരാരംഭിച്ച് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 ന് കോയമ്പത്തൂർ നോർത്തിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ട്രെയിനിന്റെ ആദ്യ യാത്രയുടെ വീഡിയോ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. കഥകളി, പുലികളി എന്നിവകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത് കാണാം. ട്രെയിൻ യാത്ര, താമസസൗകര്യം, കാഴ്ചകൾ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കൽ, യാത്രാ ഗൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഭാരത് ഗൗരവ് സ്കീമിൽ ഒരുക്കുന്നത്.
MOST READ: ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

കോയമ്പത്തൂരിനും സായിനഗർ ഷിർദിക്കുമിടയിലുള്ള ദൂരം പിന്നിടാൻ രണ്ട് ദിവസമെടുക്കും. ഷിർദിയിൽ നിന്ന് മടങ്ങുമ്പോൾ വാഡി, ധരമാവരം, യെലഹങ്ക, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. ഈ ഭാരത് ഗുവാരവ് ട്രെയിനിന്റെ 20 കോച്ചുകളിൽ ഒരു AC 1, AC 2- 2, 3 എന്നിവയുടെ 8 കോച്ചുകൾ, പാൻട്രി കാറോടുകൂടിയ 5 സ്ലീപ്പർനോൺ എസി കോച്ചുകൾ എന്നിവയാണ് ട്രെയിനുള്ളത്.

ഷിർദ്ദിയിൽ എത്തുന്നതിന് മുമ്പ് ട്രെയിനിന് തിരുപ്പൂർ, ഈറോഡ്, സേലം ജോലാർപേട്ട്, ബെംഗളൂരു യെലഹങ്ക, ധർമ്മവര, മന്ത്രാലയം റോഡ്, വാഡി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇന്ത്യൻ റെയിൽവേ ഈടാക്കുന്ന പതിവ് ട്രെയിൻ ടിക്കറ്റ് നിരക്കിന് തുല്യമാണ് നിരക്കുകൾ എന്നതും പദ്ധതിക്ക് മാറ്റേകുന്നുണ്ട്. രാജ്യത്തെ ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ സർവീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
MOST READ: ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

കൂടാതെ ഷിർദ്ദി സായി ബാബ ക്ഷേത്രത്തിൽ പ്രത്യേക വിഐപി ദർശനം നൽകുമെന്നും ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുമുണ്ട്. ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് ഭാരത് ഗൗരവ് ട്രെയിനിന് മന്ത്രാലയം റോഡ് സ്റ്റേഷനിൽ 5 മണിക്കൂർ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേയുടെ എഡിജി പിആർ രാജീവ് ജെയിൻ പറഞ്ഞു.

സൗത്ത് സ്റ്റാർ റെയിൽ ആണ് ഈ സേവനം നൽകുന്നത്. കൂടാതെ ട്രെയിനിൽ വെജ് മീൽ, സ്നാക്ക്സ്, ഭക്തി മാഗസിനുകൾ, ബെഡ്‌ടൈം കിറ്റ്, ഇൻ-ഹൗസ് ഡോക്ടർ സപ്പോർട്ട് എന്നിവയും ഹൗസ്‌കീപ്പിംഗ് സർവീസ് ദാതാക്കൾ നൽകുന്നുണ്ട്. ട്രെയിൻ പരിപാലിക്കുന്ന ഹൗസ്‌കീപ്പിംഗ് സർവീസ് ദാതാക്കൾ ഇടയ്‌ക്കിടെ യൂട്ടിലിറ്റി ഏരിയകൾ വൃത്തിയാക്കും.
MOST READ: വിമാനങ്ങൾക്ക് ഹെഡ്‌ലൈറ്റുകൾ ഉണ്ടോ? ഉണ്ടെങ്കിൽ അവയുടെ യഥാർഥ ഉപയോഗം എന്താണ്?

കൂടാതെ പരമ്പരാഗത വെജിറ്റേറിയൻ മെനു തയാറാക്കുന്നതിൽ പരിചയസമ്പന്നരായ കേറ്ററിംഗ് ആളുകളും ഈ പദ്ധതിയുടെ ഭാഗമായി ട്രെയിനിൽ പ്രവർത്തിക്കുന്നുണ്ട്. റെയിൽവേ പോലീസ് സേനയ്‌ക്കൊപ്പം ഒരു ട്രെയിൻ ക്യാപ്റ്റൻ, ഒരു ഡോക്ടർ, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ട്രെയിനിലുണ്ടാവും.

അതേസമയം ഈ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ട്രെയിൻ സർവീസുകൾക്കെതിരെ പ്രതിഷേധിച്ച് ദക്ഷിണ റെയിൽവേ മസ്ദൂർ യൂണിയനിൽ പെട്ട ഒരു കൂട്ടം റെയിൽവേ ജീവനക്കാർ സിറ്റി റെയിൽവേ സ്റ്റേഷനിൽ പ്രകടനം നടത്തിയത് പദ്ധതിക്ക് തിരിച്ചടിയാവുമോ എന്ന് സംശയമുണ്ട്.
MOST READ: ഒറ്റ ചാർജിൽ ഏഴു മാസം വരെ ഓടിക്കാം; വമ്പൻ പ്രതീക്ഷയുമായി 'Lightyear 0' ഇലക്‌ട്രിക് കാർ
വിനോദസഞ്ചാര മേഖലയിൽ റെയിൽവേ പങ്കാളിത്തത്തിന്റെ ഭാഗമായുള്ള ഈ ട്രെയിനുകൾ റെയിൽവേക്കൊപ്പം സ്വകാര്യമേഖലക്കും സർവിസിനായി നൽകുന്നതാണ് ഈ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ട്രെയിനുകൾ സമയക്രമമനുസരിച്ച് സ്ഥിരം സർവീസ് നടത്തുന്നവയല്ല. ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിക്കായി റെയിവേ 3033 കോച്ചുകൾ അഥവാ 190 ട്രെയിനുകൾ കണ്ടെത്തിയിട്ടുണ്ട്.

എന്തായാലും ഭാരത് ഗൗരവ് ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിച്ചത് 1100 യാത്രക്കാരുടെ ബുക്കിംഗുകളോടെയാണെന്ന് റെയിൽവേ വ്യക്തമാക്കുന്നുണ്ട്. ഈ ട്രെയിനിന്റെ പ്രവർത്തനത്തിലൂടെ പ്രതിവർഷം 3.34 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭ്യമാവുന്നതെന്നും. യാത്രാവേളയിൽ യാത്രക്കാരെ രസിപ്പിക്കാൻ റേഡിയോ ജോക്കിയുടെ സേവനവും ഈ ട്രെയിനിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ 2021 നവംബറിൽ ഭാരത് ഗൗരവ് ട്രെയിൻ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്ക്കാരിക പൈതൃകവും മഹത്തായ ചരിത്ര സ്ഥലങ്ങളും പ്രദർശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയിൽ നിന്നും നേപ്പാൾ വരെ പോകാൻ ഒരു ട്രെയിൻ സർവീസും പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ചിരുന്നു.

ഇന്ത്യയുടെ ടൂറിസം മേഖലയെ കൂടുതൽ സഹായിക്കാൻ എന്തായാലും ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നു തന്നെയാണ് വിലയിരുത്തൽ. ആദ്യ ഘട്ടങ്ങളിൽ മികച്ച സർവീസ് നൽകി യാത്രക്കാരെ തൃപ്‌തിപ്പെടുത്താനായാൽ ഭാവിയിൽ ഈ പദ്ധതികൾക്ക് കൂടുതൽ കരുത്താവും. എന്നാൽ തുടക്കത്തിൽ മികച്ച സ്വീകരണം ലഭിച്ചില്ലെന്നു കരുതി പാതിവഴിയിൽ ഇത്തരം പുതിയ സാധ്യതകളെ ഇല്ലാതാക്കരുതെന്നു മാത്രം.


Click it and Unblock the Notifications








