മോഡൽ നിരയിൽ ആദ്യം നാല് മോട്ടോർസൈക്കിളുകൾ, Moto Morini കളത്തിലേക്ക് ഇറങ്ങുന്നു
ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ച് മോട്ടോർസൈക്കിൾ പ്രേമികളെ ആവേശത്തിലാഴ്‌ത്തിയ ഇറ്റാലിയൻ ബ്രാൻഡായ മോട്ടോ മോറിനി ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുന്ന മോഡലുകൾ ഏതെല്ലാമാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായി (AARI)പങ്കാളിത്തത്തോടെ ഈ വർഷം ഇന്ത്യയിൽ അരങ്ങേറുന്ന ബ്രാൻഡ് 650 സിസി മോട്ടോർസൈക്കിളുകളെയാവും പ്രധാനമായും പരിചയപ്പെടുത്തുക. ഉൽപ്പന്ന നിരയിൽ നാല് 650 സിസി ബൈക്കുകൾ ഉൾപ്പെടുമെന്ന് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X, സീമെസോ 6 ½ റെട്രോ സ്ട്രീറ്റ്, സ്ക്രാംബ്ലർ എന്നിവയായിരിക്കും രാജ്യത്തേക്ക് എത്തുക.

മോട്ടോ മോറിനി എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X
മോട്ടോ മോറിനിയുടെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളാണ് എക്‌സ്-കേപ്പ് നിരയിലുള്ളത്. 650, 650X എന്നിവയിൽ ഒരേ 649 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ ട്വിൻ എഞ്ചിനാവും ഈ മോഡലുകളിൽ പ്രവർത്തിക്കുക.

6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 8,250 rpm-ൽ 60 bhp കരുത്തും 7,000 rpm-ൽ 54 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് പൂർണമായും ക്രമീകരിക്കാവുന്ന 50 mm മർച്ചോസി USD ഫോർക്കും പിന്നിൽ പ്രീലോഡും ഡാംപിംഗ് അഡ്ജസ്റ്റ് ചെയ്യാവുന്ന KYB മോണോഷോക്ക് സസ്പെൻഷനുമാണ് രണ്ട് അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലും ഇടംപിടിച്ചിരിക്കുന്നത്.
MOST READ: റോളിംഗ് റോളിംഗ് റോണിൻ, ടിവിഎസിന്റെ പുത്തൻ റെട്രോ ബൈക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

7 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, എൽഇഡി ഹെഡ്‌ലൈറ്റ്, പിറേലി സ്‌കോർപിയൻ റാലി STR ടയറുകൾ, ഡ്യുവൽ ചാനൽ എബിഎസ് ഉള്ള ബ്രെംബോ ബ്രേക്കുകൾ, വലിയ 18 ലിറ്റർ ഫ്യുവൽ ടാങ്ക്, 175 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയും മോട്ടോ മോറിനി എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X മോഡലുകളുടെ മറ്റ് സവിശേഷതകളാണ്.

മുന്നിൽ 110/80-19 സൈസ് ടയറും പിന്നിൽ 150/70-17 സൈസ് ടയറും ബ്രാൻഡ് നൽകുമ്പോൾ ബ്രേക്കിംഗിനായി മുന്നിൽ ഡ്യുവൽ 298 mm ഡിസ്‌കുകളും പിന്നിൽ ഒരു സിംഗിൾ 255 mm ഡിസ്‌ക്കുമാണ് ഇറ്റാലിയൻ ബ്രാൻഡ് മോട്ടോർസൈക്കിളുകൾക്ക് സമ്മാനിച്ചിരിക്കുന്നത്.
MOST READ: XPulse 200 മോഡലുകൾക്ക് വില വർധിപ്പിച്ച് Hero, ഇനി അധികം മുടക്കേണ്ടത് 3,628 രൂപ

എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തേതിന് 810 mm സീറ്റ് ഹൈറ്റും അലോയ് വീലുകളും ഉണ്ട്.

രണ്ടാമത്തേതിന് 835 mm സീറ്റ് ഹൈറ്റും വയർ-സ്‌പോക്ക് വീലുകളും ഉണ്ട് എന്നതാണ്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ അടുത്തിടെ വിപണിയിലെത്തിയ കവസാക്കി വെർസിസ് 650, ട്രയംഫ് ടൈഗർ സ്‌പോർട്ട് 660, സുസുക്കി വി-സ്‌ട്രോം 650XT എന്നിവയ്‌ക്കൊപ്പം മോട്ടോ മോറിനി എക്‌സ്-കേപ്പ് മോഡലുകൾ മത്സരിക്കും.
MOST READ: ജൂൺ മാസത്തിൽ ഇവരാണ് ഹീറോസ്; ഇരുചക്രവാഹന വിൽപ്പനയിൽ 20.23 ശതമാനം വളർച്ച

സീമെസോ 6 ½ റെട്രോ സ്ട്രീറ്റ്, സ്ക്രാംബ്ലർ
മോട്ടോ മോറിനിയുടെ സീമെസോ 6 ½ ശ്രേണിയിൽ റെട്രോ സ്ട്രീറ്റ് (വിദേശത്ത് STR എന്ന് വിളിക്കുന്നു), സ്‌ക്രാംബ്ലർ (SCR എന്ന് വിളിക്കുന്നു) മോഡലുകളാണ് ഉൾപ്പെടുന്നത്.

എക്‌സ്-കേപ്പ് മോഡലുകളെ പോലെ ഈ മോഡലുകളും 649 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ ഇരട്ട എഞ്ചിനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, എന്നാൽ അവ 55 bhp കരുത്തിൽ 54 Nm torque ആണ് വികസിപ്പിക്കുന്നത്.

സീമെസോയുടെ രണ്ട് മോഡലുകൾക്കും വൃത്താകൃതിയിലുള്ള പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, 5 ഇഞ്ച് TFT സ്‌ക്രീൻ, മുന്നിൽ 43 mm USD ഫോർക്ക്, പിന്നിൽ മോണോഷോക്ക്, 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 15.5 ലിറ്റർ ഫ്യുവൽ ടാങ്ക്, ഡ്യുവൽ-ചാനൽ എബിഎസ്, 795 mm സീറ്റ് ഹൈറ്റ്, 120/70-18 ഫ്രണ്ട്, 160/60-17 റിയർ സെക്ഷൻ ടയറുകളുമാണ് ഇടംപിടിച്ചിരിക്കുന്നതും.

രണ്ടും തമ്മിലുള്ള ഒരേയൊരു വ്യത്യാസം റെട്രോ സ്ട്രീറ്റ് മോഡലിലെ അലോയ് വീലുകൾക്ക് പകരം വയർ-സ്‌പോക്ക് വീലുകളിൽ സ്‌ക്രാംബ്ലർ പ്രവർത്തിക്കുന്നു എന്നതാണ്.മോട്ടോ മോറിനി മോഡലുകളുടെ അവതരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ എത്തുന്ന കൃത്യമായ തീയതി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്തായാലും പ്രീമിയം സെഗ്മെന്റിലേക്ക് ഇറ്റാലിയൻ പാരമ്പര്യത്തോടെ എത്തുന്ന മോട്ടോ മോറിനിയെ ഇന്ത്യൻ വിപണി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കവസാക്കി മോഡലുകളെ പോലെ ആക്രമണാത്മകമായ വില നിർണയം കൂടിയായാൽ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമാവുകയും ചെയ്യും.


Click it and Unblock the Notifications








