പടം ഹിറ്റായി, കാർത്തിക് ആര്യന് 3.73 കോടി രൂപ വിലമതിക്കുന്ന McLaren GT സമ്മാനിച്ച് ഭൂഷൺ കുമാർ
അക്ഷയ് കുമാറും കങ്കണയും പരാജയപ്പെട്ടിടത്ത് ഭൂല്‍ ഭുലയ്യ 2 എന്ന സിനിമയുമായി എത്തി വിജയ കിരീടമണിഞ്ഞ കാര്‍ത്തിക് ആര്യന്‍ ഈ സന്തോഷം ആഘോഷിച്ചത് ഒരു പുത്തൻ ആഢംബര സ്പോർട്‌സ് കാർ സ്വന്തമാക്കിയാണ്.

2011-ൽ പ്യാർ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കാർത്തിക് ആര്യൻ തികഞ്ഞ ആഢംബര കാർ പ്രേമി കൂടിയാണ്. ബോളിവുഡിലെ ഒട്ടുമുക്കാല്‍ ചിത്രങ്ങളും സമീപകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന വന്‍ പതനങ്ങൾക്കിടയിൽ 2022-ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയാണ് കാർത്തിക് ആര്യൻ ഇൻഡസ്ട്രിയെ പിടിച്ചു നിർത്തിയിരിക്കുന്നത്.

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 180 കോടിയിലധികം രൂപ കളക്ഷൻ നേടി താരത്തിന്റെ ഭൂല്‍ ഭുലയ്യ 2 കുതിക്കുകയാണ്. പുതിയ ചിത്രത്തിന്റെ വൻവിജയം ആഘോഷിക്കാൻ നിർമാതാക്കാളായ ടി-സീരീസിന്റെ ചെയർപേഴ്‌സൺ ഭൂഷൺ കുമാർ കാർത്തിക്കിന് 3.73 കോടി രൂപ എക്‌സ്‌ഷോറൂം വിലമതിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മക്ലാരൻ ജിടിയാണ് സമ്മാനമായി നൽകിയത്.

ബോളിവുഡ് താരത്തിന് സമ്മാനമായി കിട്ടിയ പുതിയ സൂപ്പർ കാറിനെക്കുറിച്ച് പറയുകയാണെങ്കിൽ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കുറവുള്ള മക്ലാരൻ ആണ് മക്ലാരൻ ജിടി. ഈ ഗ്രാൻഡ് ടൂററിന്റെ ആഭ്യന്തര വിപണിയിലെ അടിസ്ഥാന വില 3.73 കോടി രൂപയാണ്. നികുതികളൊന്നും കൂടാതെ ഓപ്ഷണൽ ആക്‌സസറികളും ഇല്ലാതെയാണ് ഈ എക്‌സ്ഷോറൂം വില മുടക്കേണ്ടത് എന്നുമാത്രം.
MOST READ: ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവ് രൂപകൽപ്പന ചെയ്ത് നിർമിച്ച ഒരു സ്പോർട്സ് കാറാണ് മക്ലാരൻ ജിടി. ഇത് കമ്പനിയുടെ ആദ്യത്തെ സമർപ്പിത ഗ്രാൻഡ് ടൂററാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ 720S മോഡലിന് അടിസ്ഥാനമായിരിക്കുന്ന അതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ജിടിയും ഒരുക്കിയിരിക്കുന്നത്.
MOST READ: ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

കൂടാതെ ഒരു കാർബൺ ഫൈബർ റിയർ ഡെക്ക് കൂട്ടിച്ചേർക്കുകയും അതുവഴി കാറിന് കൂടുതൽ സ്റ്റോറേജ് സ്പെയ്‌സുകൾ സൃഷ്ടിക്കാനും ബ്രാൻഡിന് സാധിച്ചു. കാർത്തികിന്റെ പുതിയ മക്ലാരൻ ജിടി ക്ലാസിക് മക്ലാരൻ ഓറഞ്ച് കളർ ഓപ്ഷനിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഗ്ലോസ് ബ്ലാക്ക്, സ്‌പോർട്‌സ് അസോർസ് കാലിപ്പറുകൾ എന്നിവയുള്ള വീലുകളാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളുടെ ഈ ഗ്രാൻഡ് ടൂററിന്റെ ഏറ്റവും സവിശേഷമായ ഒരു ഘടകം.

ഒരു ഗ്രാൻഡ് ടൂറർ ആയതിനാൽ തന്നെ മക്ലാരൻ ജിടി രൂപകൽപ്പന ചെയ്തിരിക്കുന്നത് മൈലുകൾ അനായാസം സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ്. 611 bhp കരുത്തിൽ 630 Nm torque ഉത്പാദിപ്പിക്കുന്ന മിഡ്-മൗണ്ടഡ്, 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ഈ സൂപ്പർകാറിന് തുടിപ്പേകുന്നത്. എഞ്ചിൻ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: ആക്‌സസറികള്‍ ആഢംബരമല്ല; കാറില്‍ ആക്‌സസറികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ

കൂടാതെ ഓപ്പൺ ഡിഫറൻഷ്യൽ വഴി പവർ പിൻ വീലിലേക്കാണ് മക്ലാരൻ ജിടി കൈമാറുന്നതും. മഗ്രാൻഡ് ടൂറർ സ്പോർട്‌സ് കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വെറും 3.2 സെക്കൻഡിനുള്ളിൽ കൈയെത്തി പിടിക്കാൻ കഴിയും. അതേസമയം 200 കിലോമീറ്റർ വേഗതയിൽ എത്താൻ 9 സെക്കൻഡും മതിയാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ സൂപ്പർകാറിന് പരമാവധി 327 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കാനും കഴിയുക. 2019 ജനീവ മോട്ടോർ ഷോയിലാണ് ജിടി ആദ്യമായി പ്രഖ്യാപിച്ചത്. മുൻവശത്ത് 150 ലിറ്റർ സ്റ്റോറേജും പിന്നിൽ 420 ലിറ്റർ സ്‌റ്റോറേജ് സ്‌പേസും മക്‌ലാരൻ ജിടിയുടെ സവിശേഷതയാണ്.

മുംബൈയിലെ ഇൻഫിനിറ്റി കാർസിൽ നിന്നാണ് കാർത്തിക് ആര്യൻ തന്റെ മക്ലാരൻ ജിടി മോഡലിന്റെ ഡെലിവറി എടുത്തിരിക്കുന്നതും.

പുതിയ ജിടി കൂടാതെ കാർത്തികിന്റെ ഗാരേജിൽ ബിഎംഡബ്ല്യു 5 സീരീസ്, ഒരു മിനി കൂപ്പർ S കൺവെർട്ടബിൾ, ഒരു പോർഷ 718 ബോക്‌സ്‌റ്റർ, താരത്തിന്റെ പ്രിയപ്പെട്ട ലംബോർഗിനി ഉറുസ് ക്യാപ്‌സ്യൂൾ എഡിഷൻ എന്നിവയും ഉൾപ്പെടുന്നു.


Click it and Unblock the Notifications








