അൽപം സൗണ്ട് ആവാം; ഇലക്‌ട്രിക് വാഹനങ്ങൾ നിശബ്‌ദത പാലിക്കേണ്ടതില്ലെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
ഇലക്‌ട്രിക് വാഹനങ്ങളുടെ ഏറ്റവും ശ്രദ്ധേയമായൊരു കാര്യമാണ് ശബ്‌ദ മലിനീകരണം ഇല്ല എന്നുള്ളത്. ഒരു മൂളിച്ചയല്ലാതെ യാതൊരു വിധത്തിലും സൗണ്ട് പുറപ്പെടുവിപ്പിക്കാൻ ഇവികൾക്കാവില്ല എന്ന സാഹചര്യം ഉടൻ മാറാൻ പോവുന്നു എന്നതാണ് പുതിയ വാർത്ത.

ഇലക്ട്രിക് വാഹനങ്ങൾ നിശബ്‌ദത പാലിക്കേണ്ടതില്ലെന്ന് നിർദ്ദേശിക്കുന്ന ഒരു കൂട്ടം പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കാൻ തയാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. പാസഞ്ചർ, കൊമേഴ്‌ഷ്യൽ ഇലക്ട്രിക് ഫോർ വീലറുകൾക്കാവും പുതുതായി നിർദ്ദേശിച്ച നിയമങ്ങൾ ബാധകമാവുക.

വാഹനം അടുത്തുവരുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ കാൽനട യാത്രക്കാർക്കും മറ്റ് ആളുകൾക്കും മുന്നറിയിപ്പ് നൽകുന്നു എന്ന് ഉറപ്പാക്കാനാണ് ഈ പുതിയ മാനദണ്ഡത്തിന്റെ മുഴുവൻ ഉദ്ദേശ്യവും. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് കമ്മിറ്റി (AISC) ആണ് ഇതുമായി സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കുക.

ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് കമ്മിറ്റി പുതുതായി നിർദ്ദേശിച്ച മാനദണ്ഡത്തിൽ ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെക്കുറിച്ച് പരാമർശനം ഒന്നും തന്നെയുണ്ടായിട്ടില്ല. എന്നാൽ ഇന്ത്യയിലെ ഇലക്ട്രിക് കാർ നിർമാതാക്കൾ അവരുടെ വാഹനങ്ങളുടെ രൂപകൽപ്പന പുതിയ മാറ്റത്തെ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989, ടെക്‌നിക്കൽ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഈ മാറ്റങ്ങൾ നടപ്പിലാക്കൂവെന്നു മാത്രം. നിലവിലുള്ള ഇലക്ട്രിക് വാഹനത്തിന് പുതിയ മാറ്റം ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ വാഹന നിർമാതാക്കൾ കാറിൽ ഒരു അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം അല്ലെങ്കിൽ AVAS ഉൾപ്പെടുത്തണം.

ഇതുവഴി ഇലക്ട്രിക് കാറിനെക്കുറിച്ച് മറ്റ് റോഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ സഹായകരമാവും എന്നതിനാലാണ് ഈ നടപടി. ഈ സംവിധാനം ബ്രാൻഡ് ഇൻസ്റ്റാൾ ചെയ്യുന്ന ഒരു ലൗഡ്‌സ്പീക്കറിന് സമാനമായിരിക്കും. കഴിഞ്ഞ 3-4 വർഷത്തിനിടയിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമായി വരികയായിരുന്നു.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ടാറ്റ നെക്‌സോൺ ഇവി. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയാണിത്. പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകൃഷ്ടരാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇന്ധന വില വർധനവ്.

പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറിന് അൽപ്പം വില കൂടുതലായിരിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുമുണ്ട്.

പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകൾ പോലെ ഇലക്ട്രിക് മോഡലുകളുടെ മെയിന്റനെൻസും അത്ര ചെലവേറിയതല്ലെന്നതും വലിയ കാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നടത്തിപ്പ് ചെലവും വളരെ കുറവാണ്. ഇന്ധനം ആവശ്യമില്ലാത്തതിനാൽ അതിൽ നിന്ന് ഒരു വലിയ തുക ലാഭിക്കാനും കഴിയും.

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-വിവിധ സംസ്ഥാന സർക്കാരുകൾ പുതിയ നയങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.പല സംസ്ഥാന സർക്കാരുകളും ഡീസൽ അല്ലെങ്കിൽ പെട്രോൾ കാറുകൾ ഉപേക്ഷിച്ച് ഇവികളിലേക്ക് മാറാൻ നിരവധി വകുപ്പുകളോട് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ ഹരിയാന സംസ്ഥാന സർക്കാർ പുതിയ ഇവി നയത്തിന് അംഗീകാരം നൽകിയിരുന്നു. ഈ നയം പ്യുവർ ഇലക്ട്രിക് കാർ വാങ്ങുന്നവർക്ക് മാത്രമല്ല, ഹൈബ്രിഡ് വാഹനം വാങ്ങുന്നവർക്കും പ്രയോജനം ചെയ്യും. പുതിയ നയം അനുസരിച്ച് 70 ലക്ഷം രൂപ വരെ വിലയുള്ള ഇവികൾക്ക് 15 ശതമാനവും 40 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഹൈബ്രിഡ് വാഹനങ്ങൾക്ക് പരമാവധി 3 ലക്ഷം രൂപയും ഇളവ് ലഭിക്കുമെന്നതാണ്.

15 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് വാഹന ഉപഭോക്താവിന് അവരുടെ മോഡലിന് 15 ശതമാനം അല്ലെങ്കിൽ പരമാവധി 6 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. 40 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്ക് 15 ശതമാനമോ പരമാവധി 10 ലക്ഷം രൂപയോ ആണ് ഇളവ്.


Click it and Unblock the Notifications








