ഉള്ളൊന്നു പിടഞ്ഞില്ലേ ക്രെറ്റേ...Grand Vitara എസ്‌യുവിയുടെ വില പ്രഖ്യാപനം സെപ്റ്റംബറിലെന്ന് Maruti Suzuki
നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയിലേറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി എന്ന വിശേഷണവുമായി ഗ്രാൻഡ് വിറ്റാരയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഏറ്റവും വലിയ സവിശേഷത. പുത്തൻ മിഡ്-സൈസ് എസ്‌യുവിക്കായുള്ള വിലകൾ 2022 സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ എസ്‌യുവിയുടെ ഉത്പാദനം ടൊയോട്ടയുടെ കർണാടകയിലെ ബിദാഡി ആസ്ഥാനമായുള്ള നിർമാണ യൂണിറ്റിൽ ഓഗസ്റ്റിൽ ആരംഭിക്കും. ഗ്രാൻഡ് വിറ്റാരയ്ക്ക് മുമ്പ് ടൊയോട്ട പുതിയ അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിയുടെ വിൽപ്പന 2022 ഓഗസ്റ്റിൽ ആരംഭിക്കും.

പുതിയ മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവി ഓൺലൈനിലോ അംഗീകൃത നെക്‌സ പ്രീമിയം ഡീലർഷിപ്പിലൂടെയോ 11,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. 9.50 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന പുതിയ മാരുതി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയോടാണ് മല്ലടിക്കുന്നത്.

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, സ്മാർട്ട് ഹൈബ്രിഡ് ടെക്, സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിവ ഇന്റലിജന്റ് ഹൈബ്രിഡ് എഞ്ചിനിലാണ് പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 6 വേരിയന്റുകളിൽ വരിക. പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ഫോൺ ചാർജിംഗ്, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ ഫീച്ചർ നിരയെല്ലാം വാഹനത്തിലുണ്ടാവും.

ഇതുകൂടാതെ ആംബിയന്റ് ലൈറ്റിംഗ്, ഗൂഗിൾ, സിരി വോയ്‌സ് അസിസ്റ്റുമായി ബന്ധിപ്പിച്ച കാർ ടെക്, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് എയർ, പിൻ എസി വെന്റുകളുള്ള കണ്ടീഷനിംഗ് എന്നിവ ഈ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു.

സുരക്ഷാ സവിശേഷതകൾക്കായി എസ്‌യുവിക്ക് 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, 360 വ്യൂ ക്യാമറ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയവയാണ് ഗ്രാൻഡ് വിറ്റാരയിൽ മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ ഗ്രാൻഡ് വിറ്റാര രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് തുടിപ്പേകാൻ എത്തുന്നത്. സ്മാർട്ട് ഹൈബ്രിഡ് ടെക് ഉള്ള 1.5 ലിറ്റർ 4-സിലിണ്ടർ പെട്രോളും ഇന്റലിജന്റ് ഹൈബ്രിഡ് ടെക് ഉള്ള 1.5 ലിറ്റർ 3-സിലിണ്ടർ പെട്രോളുമാണ് ഇതിൽ യഥേഷ്‌ടെ തെരഞ്ഞെടുക്കാവുന്നത്. പുതിയ ടൊയോട്ട ഹൈറൈഡറിലും ഇതേ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 102 bhp കരുത്തിൽ 136.8 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണ് അണിനിരത്തിയിരിക്കുന്നത്. ഗ്രാൻഡ് വിറ്റാരയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പിൽ സെഗ്മെന്റ്-ഫസ്റ്റ് AWD സംവിധാനവും ഉണ്ട്.

മാനുവൽ ഗിയർബോക്‌സുള്ള സ്മാർട്ട് ഹൈബ്രിഡ് എഞ്ചിനിൽ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. AllGrip ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഓട്ടോ, സാന്റ്, സ്നോ, ലോക്ക് എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യും. ഓട്ടോ മോഡിൽ, AWD സിസ്റ്റം ബുദ്ധിപരമായി റോഡ് സാഹചര്യം മനസിലാക്കുകയും ആവശ്യാനുസരണം വീലുകൾക്ക് ടോർക്ക് കൈമാറുകയും ചെയ്യുന്നു.

സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിൽ ടൊയോട്ടയുടെ 3 സിലിണ്ടർ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ 177.6V ലിഥിയം-അയൺ ബാറ്ററിയുമായാണ് ജോടിയാക്കിയിരിക്കുന്നു. എഞ്ചിനുമായി ഇത് പ്രവർത്തിച്ച് മൊത്തത്തിൽ 115.5 bhp കരുത്തിൽ 122 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാക്കി എസ്‌യുവിയെ മാറ്റുന്നു.

ഇത് ഗ്ലോബൽ യാരിസ് ക്രോസ് ഹൈബ്രിഡിലും വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയുടെ ഇ-സിവിടിയുമായി വരുന്നു. പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര അതിന്റെ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡലാണ്. എസ്‌യുവിയുടെ ഇലക്ട്രിക് ഹൈബ്രിഡ് മോഡൽ 27.97 കി.മീ എന്ന ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത തിരികെ നൽകുമെന്ന് അവകാശപ്പെടുന്നു.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള സ്റ്റാൻഡേർഡ് പെട്രോൾ മാനുവൽ ഗിയർബോക്‌സിനൊപ്പം ലിറ്ററിന് 21.11 കിലോമീറ്റർ സാക്ഷ്യപ്പെടുത്തിയ മൈലേജ് നൽകുന്നു. ഓട്ടോമാറ്റിക് ഫ്രണ്ട് വീൽ ഡ്രൈവ് മോഡൽ 20.58 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം മാനുവൽ ഓൾ-വീൽ ഡ്രൈവ് മോഡൽ 19.38 കിലോമീറ്റർ ലിറ്ററിന് നൽകുമെന്നും മാരുതി അവകാശപ്പെടുന്നു.


Click it and Unblock the Notifications








