മഹീന്ദ്ര കാണുന്നുണ്ടോ ആവോ? കണ്ടാൽ ആരും കൊതിക്കുന്ന ലുക്കുമായി കസ്റ്റമൈസ്‌ഡ് Mahindra Thar
എസ്‌യുവികളുടെ പര്യായമായി ഏവരും കാണുന്ന വാഹനമാണ് മഹീന്ദ്ര ഥാർ. ആദ്യതലമുറയിൽ തീർത്തും പരുക്കൻ ശൈലിയാണ് തീർത്തിരുന്നതെങ്കിൽ രണ്ടാംതലമുറ ആവർത്തനത്തിലേക്ക് എത്തിയപ്പോൾ ആളാകെ മാറി. ലൈഫ് സ്റ്റൈൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായി രൂപമെടുത്ത ഥാർ ഇന്ന് വിപണിയിൽ വിപ്ലവമൊരുക്കി മുന്നേറുകയാണ്.

പുതിയ മഹീന്ദ്ര ഥാർ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന ലാഡർ-ഓൺ-ഫ്രെയിം 4X4 എസ്‌യുവിയാണ്. മാത്രമല്ല അതിന്റെ മികച്ച ഓഫ്-റോഡിംഗ് കഴിവുകൾ, ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ, മുമ്പത്തേക്കാളും പ്രായോഗികമായ ക്യാബിൻ എന്നിവയാൽ സമ്പന്നനുമാണിപ്പോൾ.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ലൈഫ്‌സ്‌റ്റൈൽ വാഹനങ്ങളിൽ ഒന്നായി അതിവേഗമാണ് പുത്തൻ മഹീന്ദ്ര ഥാർ കുതിച്ചത്. കൂടാതെ ഉപഭോക്താക്കൾക്ക് വിപണിയിൽ വൈവിധ്യമാർന്ന കസ്റ്റമൈസ് ഓപ്ഷനുകളും ഇപ്പോൾ ലഭ്യമാണ്. അത്തരത്തിൽ മോഡിഫൈ ചെയ്‌ത് വാഹനത്തെ കൊണ്ടുനടക്കാനാണ് പലരും ആഗ്രഹിക്കുന്നതും.

ആഫ്റ്റർ മാർക്കറ്റ് പരിഷ്‌ക്കരണങ്ങളുടെ കാര്യത്തിൽ ഥാർ പോലെ തന്നെ പ്രസിദ്ധമാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള ബിംബ്ര 4X4. ഇവർ മിനുക്കിയെടുത്ത കിടിലൻ ഒരു മോഡലാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. ഈ പരിഷ്‌ക്കരിച്ച മഹീന്ദ്ര ഥാറിന് തികച്ചും പുതിയ സ്വഭാവം നൽകുന്നതിനായാണ് ബിംബ്ര 4X4 പ്രവർത്തിച്ചിരിക്കുന്നത്.

ഈ പരിഷ്‌ക്കരിച്ച മഹീന്ദ്ര ഥാർ സോഫ്റ്റ്-ടോപ്പ് വേരിയന്റാണ്. ഇതിനാൽ തന്നെ പുതിയ ഐഡന്റിറ്റി നൽകുന്ന നിരവധി മാറ്റങ്ങളാണ് ബിംബ്ര ഇതിൽ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നത്. കാഴ്ച്ചയിൽ ആരെയും ആകർഷിക്കുന്ന വിധമാണ് എസ്‌യുവിയെ അവർ ഒരുക്കിയെടുത്തിരിക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല.

മുൻവശത്ത് നിന്ന് ആരംഭിച്ചാൽ പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ സമ്മാനിച്ചാണ് ബിംബ്ര 4X4 മഹീന്ദ്ര ഥാറിന് ഒരു വേറിട്ട രൂപം സമ്മാനിക്കുന്നത്. അതോടൊപ്പം പുതിയ സെവൻ-സ്ലാറ്റ് ഗ്രില്ലും പുതിയ അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളും വാഗ്ദാനം ചെയ്യുന്ന പുതിയ ഓഫ്-റോഡ് ബമ്പറും എസ്‌യുവിയിലേക്ക് കൂട്ടിച്ചേത്തതും ഒരു അഴക് നൽകുന്നുണ്ട്.

പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് ഇന്റഗ്രേറ്റഡ് ഡ്യുവൽ ഫംഗ്‌ഷൻ എൽഇഡി ഡിആർഎല്ലുകളും ലഭിക്കും. ബിംബ്ര 4X4 ഈ ഥാറിനെ സാർജ് ഗ്രീൻ കളർ ഓപ്ഷനിലേക്ക് മാറ്റിയതും ഏറെ സ്വീകാര്യമായ സമീപനമാണ്. ഇത് എസ്‌യുവിയുടെ ആകർഷണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്.

കൂടാതെ എസ്‌യുവിക്ക് ഇപ്പോൾ പുതിയ എൽഇഡി ഫോഗ് ലാമ്പുകളും പുതിയ എൽഇഡി ഫെൻഡർ ലൈറ്റുകളും ലഭിക്കുന്നു. ഇനി വശങ്ങളിലേക്ക് നോക്കിയാൽ വാഹനത്തിന് ഇപ്പോൾ 20 ഇഞ്ച് ഫ്യുവൽ അലോയ് വീലുകളും നൽകിയിരിക്കുന്നതും കാണാം. ഈ അലോയ് വീലുകൾ ഓഫ്-റോഡ് സ്‌പെക് ടയറുകളിലേക്ക് മാറ്റിയിട്ടുമുണ്ട്.

പിൻവശത്ത് ടേൺ ഇൻഡിക്കേറ്ററുകളോടു കൂടിയ ആഫ്റ്റർ മാർക്കറ്റ് എൽഇഡി ടെയിൽ ലാമ്പുകളും കാണാനാവും. എന്നിരുന്നാലും പിൻ ബമ്പർ സ്റ്റോക്ക് യൂണിറ്റു തന്നെയാണ്. എന്നാൽ റിഫ്ലക്റ്റഡ് എൽഇഡി ലാമ്പുകൾ ബിംബ്ര ഒരുക്കിയിട്ടുണ്ട്. പരിഷ്‌ക്കരണങ്ങൾ എക്സ്റ്റീരിയറിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അപ്‌ഡേറ്റുകളുടെ ഒരു നീണ്ട ലിസ്റ്റ് ഉള്ള ഒരു പുതിയ ക്യാബിനാണ് ഈ കസ്റ്റമൈസ്‌ഡ് മഹീന്ദ്ര ഥാറിന് ലഭിക്കുന്നത്. ബോഡി കളറുമായി പൊരുത്തപ്പെടുന്ന പുതിയ സീറ്റ് കവറുകളാണ് ഏറ്റവും സവിശേഷമായ കാര്യം. ഡോർ പാഡുകളുടെ ഭാഗങ്ങൾ പൊതിയാൻ ഇതേ അപ്ഹോൾസ്റ്ററി മെറ്റീരിയൽ ഉപയോഗിച്ചിട്ടുണ്ട്.

പുതിയ എസി വെന്റുകൾ, പുതിയ ഫ്രണ്ട് ആംറെസ്റ്റ്, പുതിയ ലെതർ റാപ് എന്നിവയാണ് മറ്റ് കസ്റ്റമൈസ്‌ഡ് ഥാറിലെ മറ്റ് കൂട്ടിച്ചേർക്കലുകൾ. മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമെല്ലാം അതേപടി നിലനിർത്തിയിട്ടുമുണ്ട്.

അതോടൊപ്പം ചാറ്റല്‍ മഴയെ പ്രതിരോധിക്കുന്ന റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, പൂര്‍ണമായും കഴുകാവുന്ന ഫ്ലോർ തുടങ്ങിയ സവിശേഷതകളും മഹീന്ദ്ര ഥാറിന്റെ സ്റ്റോക്ക് കണ്ടീഷൻ പോലെ നിലനിർത്തിയിട്ടുണ്ട്. കാറിന്റെ മെക്കാനിക്കലുകളിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് ബിംബ്ര 4X4 അവകാശപ്പെടുന്നത്.

കൂടാതെ ഈ കസ്റ്റമൈസ്‌ഡ് ഥാർ ഒരു സ്റ്റോക്ക് സജ്ജീകരണവും അതേ പവർ കണക്കുകളും തന്നെയാണ് നൽകുന്നത്. അതായത് 2.0 ലിറ്റര്‍ എംസ്റ്റാലിയൻ ടര്‍ബോചാര്‍ജ്ഡ് പെട്രോൾ, 2.2 ലിറ്റര്‍എംഹോക്ക് ടര്‍ബോചാര്‍ജ്ഡ് എഞ്ചിൻ ഓപ്ഷനിൽ ഏതെങ്കിലും ഒന്നിലാണ് ഈ എസ്‌യുവി പ്രവർത്തിക്കുന്നതെന്ന് സാരം.


Click it and Unblock the Notifications








