സെലേറിയോ ആളൊരു സംഭവമാ.. പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാം
മൈലേജിന്റെ കാര്യത്തിൽ ഇന്ത്യയിൽ വിപ്ലവം തീർത്ത മോഡലാണ് മാരുതി സുസുക്കി സെലേറിയോ. ഒന്നാം തലമുറയും രണ്ടാം തലമുറയും ഇന്ധനക്ഷമതയുടെ കാര്യത്തിൽ അതികേമൻമാരായിരുന്നു. ഇന്ന് നിരത്തിലിറങ്ങിയാൽ ഒരു 10 സെലേറിയോ എങ്കിലും കാണാതെ വീട്ടിലേക്ക് കയറാനാവില്ലെന്നതും ഒരു വസ്‌തുതയാണ്.

ഇൻഡോ-ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള ജനപ്രിയ കോംപാക്‌ട് ഹാച്ച്ബാക്കിലൊന്നായി മാരുതി സുസുക്കി സെലേറിയോയുടെ മാറിയത് അതിവേഗമായിരുന്നു. എജിഎസ് എന്ന ആദ്യത്തെ എഎംടി ഗിയർബോക്‌സ് സംവിധാനം മാരുതി കൊണ്ടുവന്നതും സെലേറിയോയിലൂടെയാണ്.

കഴിഞ്ഞ വർഷമാണ് കമ്പനി സെലേറിയോയുടെ പുതിയ തലമുറ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോൾ കാറായാണ് മാരുതി ഇതിനെ വിശേഷിപ്പിച്ചത്. സെക്കൻഡ് ഹാൻഡ് വിപണിയിലും സെലേറിയോ എന്ന മിടുക്കൻ ഒരേപോലെ പ്രയങ്കരമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

പ്രായോഗികമായ ഒരു യൂസ്‌ഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും സെലേറിയോയെ പരിഗണിക്കാം. മികച്ച മൈലേജും മാരുതി സുസുക്കിയുടെ വിശ്വാസവും ഹാച്ച്ബാക്കിനെ കൂടുതൽ ആകർഷകമാക്കുന്നുവെന്നു വേണം പറയാൻ. മോഡൽ വർഷവും കണ്ടീഷനും അനുസരിച്ച് ആദ്യതലമുറ പതിപ്പിനെ 3 ലക്ഷത്തിനും 5 ലക്ഷം രൂപയ്ക്കും ഇടയിൽ എളുപ്പത്തിൽ കണ്ടെത്താനുമാവും.

എന്നാൽ ഒരു യൂസ്‌ഡ് മാരുതി സുസുക്കി സെലേറിയോ വാങ്ങുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ടേ.. അവ എന്തെല്ലാമെന്ന് ഒന്നു പറഞ്ഞു തരാം.

ആദ്യം മേൻമകൾ
മാരുതി സുസുക്കി സെലേറിയോ ഒരു നല്ല സിറ്റി കാർ ആണെന്നതാണ് നിങ്ങളെ ആകർഷിച്ചേക്കാവുന്ന ഒരു പ്രധാന കാരണം. ഒതുക്കമുള്ളതും ലൈറ്റ് സ്റ്റിയറിംഗുമാണ് നഗര സാഹചര്യങ്ങളിൽ സെലേറിയോയെ മികച്ചതാക്കുന്നത്. ട്രാഫിക്കിലൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു.

എഎംടി അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ലഭിച്ച ആദ്യ മാരുതി കാറാണ് സെലേറിയോ. അതിനാൽ കുറഞ്ഞ ചെലവിൽ ഒരു ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് വാങ്ങാനാഗ്രഹിക്കുന്നുവെങ്കിലും സെലെറിയോ ഒരു നല്ല ഓപ്ഷനായിരിക്കും. കൂടാതെ ഇതിലെ എഎംടി ഗിയർബോക്‌സ് മാന്യമായ പെഫോമൻസാണ് വാഗ്ദാനം ചെയ്യുന്നതും.
MOST READ: ദ്രൗപദി മുര്‍മുവിന്റെ യാത്രയിനീ മെർസിഡീസ് മെയ്ബാക്ക് S600 പുൾമാനിൽ, അറിയാം പ്രത്യേകതകൾ

അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി അഞ്ചു സ്പീഡ് എഎംടിയുമായി ജോടിയാക്കിയിരിക്കുന്ന 1.0 ലിറ്റർ ത്രീ-സിലിണ്ടർ K10B പെട്രോൾ എഞ്ചിനാണ് സെലേറിയോയിൽ പ്രവർത്തിക്കുന്നത്. ഇത് പരമാവധി 66 bhp കരുത്തിൽ 90 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റും, ഒരു ചെറിയ ഡീസൽ എഞ്ചിൻ ഓപ്ഷനും സെക്കൻഡ് ഹാൻഡ് മാരുതി സെലേറിയോയ്ക്ക് ഉണ്ടെന്നതും ഒരു ഹൈലൈറ്റാണ്. ഫിയറ്റിൽ നിന്നും കടമെടുക്കുന്ന ഓയിൽ ബർണർ യൂണിറ്റിനു പകരം സുസുക്കിയുടെ 63 വർഷത്തെ ചരിത്രത്തിൽ ആദ്യം വികസിപ്പിച്ചെടുത്ത ഡീസൽ എഞ്ചിനുമായാണ് സെലേറിയോ നിരത്തിലെത്തിയത് എന്നതാണ് പ്രധാന ഹൈലൈറ്റ്.

3,500 rpm-ൽ 47 bhp പവറും 2,000 rpm-ൽ 12.7 കിലോഗ്രാം ടോർക്കും വികസിപ്പിക്കുന്ന സുസുക്കിയുടെ 793 സിസി ടു സിലിണ്ടർ ഡീസൽ ഉപയോഗിച്ചാണ് സെലേറിയോ പ്രവർത്തിക്കുന്നത്. ഇതിന് 27.62 കിലോമീറ്റർ മൈലേജാണ് കമ്പനി അന്ന് അവകാശപ്പെട്ടതും.

ഇനി പോരായ്‌മകൾ
മുൻ തലമുറ സെലേറിയോയുടെ ഫിറ്റും ഫിനിഷും മികച്ചതല്ലെന്ന പോരായ്‌മയാണ് ആദ്യം എടുത്തുപറയാനാവുക. കുറച്ച് പാനൽ വിടവുകൾ അവിടെയിവിടെയെല്ലാം കാണാനാവും. പഴയ മോഡലിന് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, എൽഇഡി ടെയിൽലാമ്പുകൾ തുടങ്ങിയ സവിശേഷതകളും മാരുതി സുസുക്കി നൽകിയിട്ടില്ലെന്നു വേണം പറയാൻ. അവ ഇപ്പോൾ വളരെ സാധാരണമായ സാഹചര്യത്തിലാണ് ഇതൊരു കുറവായി അനുഭവപ്പെടുന്നതും.

സെലേറിയോയുടെ ഇന്റീരിയറും വളരെ അടിസ്ഥാനപരമായി തോന്നിയേക്കാം. അതൊടൊപ്പം തന്നെ ഡിസൈനും സ്റ്റൈലിംഗും തികച്ചും കാലഹരണപ്പെട്ടതായും പലർക്കും അനുഭവപ്പെട്ടേക്കാം. അകത്ത് ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഗുണനിലവാരവും മികച്ചതല്ലെന്നു വേണം പറയാൻ.

കൂടാതെ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് അല്ലെങ്കിൽ ഓട്ടോമാറ്റിക് എസി പോലുള്ള ഫീച്ചറുകൾ പോലും ഒരു ഓപ്‌ഷണലായി ലഭിച്ചിട്ടില്ലെന്നതും തീർത്തും നിരാശജനകമാണ്. പുതിയ സെലേറിയോ പോലും ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ലെങ്കിലും പഴയ തലമുറ മോഡൽ 2016-ൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെട്ടിരുന്നു.

അന്ന് വളരെ മോശം സീറോ-സ്റ്റാർ റേറ്റിംഗുമായാണ് മാരുതി സുസുക്കിയുടെ ആദ്യതലുറ സെലേറിയോ ഹാച്ച്ബാക്ക് മടങ്ങിയത്. സേഫ്റ്റി ഒരു പ്രധാന ഘടകമായി കാണുന്നവരെ ഒട്ടും തൃപ്തിപ്പെടുത്താൻ ഈ ഹാച്ച്ബാക്ക് പ്രാപ്‌തമായിരിക്കില്ലെന്നാണ് പറഞ്ഞു വരുന്നത്.


Click it and Unblock the Notifications








