'സഞ്ചരിക്കുന്ന വീട്'; എക്‌സ്പ്രസ്‌വേക്കായി അരക്കോടി മുടക്കി വീട് മാറ്റുന്നൊരു പഞ്ചാബുകാരന്‍
നാടിന് വികസനം വരുന്നതിന് ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. എന്നാല്‍ വികസനത്തിന്റെ ഭാഗമായി തന്റെ സ്വത്തില്‍ ഒരു തരി പോകുമെന്നായാല്‍ സമരം ചെയ്യാന്‍ ഇറങ്ങുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായിക്കൊണ്ട് എക്‌സ്പ്രസ്‌വേ പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ട സാഹചര്യം വന്നപ്പോള്‍ തന്റെ വീട് തന്നെ മാറ്റിസ്ഥാപിക്കുകയാണ് ഒരു പഞ്ചാബുകാരന്‍.

പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ റോഷന്‍വാല ഗ്രാമത്തിലാണ് സുഖ്വീന്ദര്‍ സിംഗ് സുഖി എന്ന കര്‍ഷകന്‍ താമസിക്കുന്നത്. വരാനിരിക്കുന്ന ഒരു എക്സ്പ്രസ് വേ പദ്ധതി കാരണം വീട് പൊളിക്കേണ്ടി വരുമെന്ന ഘട്ടം എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചതാണ് ഈ ഉപായം.

റോഷന്‍വാല ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സുഖിയുടെ വീട് ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേ യുടെ പദ്ധതി പ്രദേശത്തായിരുന്നു. ഇക്കാരണത്താലാണ് 2017-ല്‍ നിര്‍മ്മിച്ച തന്റെ വീട് മാറ്റേണ്ടി വരുന്നത്. ഹൈവേ കടന്നുപോകുന്ന കൃഷിഭൂമിയുടെ ഭാഗമായ തന്റെ വീട് മുഴുവനായി നിലവിലുള്ള സ്ഥലത്ത് നിന്ന് 500 അടി പിന്നിലേക്ക് മാറ്റാന്‍ സുഖി തീരുമാനിക്കുകയായിരുന്നു.
3,000-3,500 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീട് 2017ലാണ് പണി പൂര്‍ത്തിയാക്കിയത്. ഒന്നരക്കോടി രൂപ ചെലവിലായിരുന്നു നിര്‍മാണം. തന്റെ വീട് പൊളിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു സ്ഥലത്ത് പുതിയ വീട് പുനര്‍നിര്‍മിക്കാന്‍ രണ്ട് മൂന്ന് വര്‍ഷം കൂടി എടുക്കുമെന്നതിനാല്‍ സുഖി വീട് 'ഷിഫ്റ്റ്' ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ വീട് മുഴുവനായി മാറ്റി സ്ഥാപിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ജോലികള്‍ ഒരു സ്വകാര്യ കരാറുകാരനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ലിഫ്റ്റിംഗ്, മൂവിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ജോലികള്‍ പുരോഗമിക്കുന്നത്.
MOST READ: ഫോർച്യൂണറിനെ പിടിക്കാൻ മുഖംമിനുക്കി MG Gloster എസ്‌യുവി വരുന്നു; ആദ്യ ടീസർ കാണാം

വീട് ഇതിനകം തന്നെ അതിന്റെ യഥാര്‍ത്ഥ സ്ഥാനത്ത് നിന്ന് 250 അടി ദൂരേക്ക് മാറ്റി. കഴിഞ്ഞ രണ്ട് മാസമായി പണികള്‍ നടന്നുവരുന്നു. ഇപ്പോള്‍ പ്രതിദിനം 10 അടി ദൂരമാണ് വീട് മാറ്റിക്കൊണ്ടിരിക്കുന്നത്. നിലവിലെ വേഗമനുസരിച്ച് രണ്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരാറുകാരന്‍ കണക്കുകൂട്ടുന്നത്.

തന്റെ സ്വപ്‌നഭവനം പൊളിഞ്ഞുവീഴുന്നത് കാണാതിരിക്കാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ചെയ്യുന്ന ഈ പ്രവര്‍ത്തിക്ക് സുഖിക്ക് 50 ലക്ഷം രൂപ ചിലവാകും. വാര്‍ത്ത പരന്നതോടെ 'സഞ്ചരിക്കുന്ന' വീട് പ്രദേശത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറി. സമീപ ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകള്‍ ജോലി കാണാന്‍ സുഖിയുടെ വീടിരിക്കുന്ന സ്ഥലത്തേക്ക് ഒഴുകിയെത്തുകയാണ്.

പുതിയ ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ്വേ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലൂടെയുമാണ് കടന്നുപോകുന്നത്. ഏകദേശം 668 കിലോമീറ്റര്‍ ദൂരമുള്ള ഈ പദ്ധതിക്ക് ഏകദേശം 37,525 കോടി രൂപ ചിലവ് വരും. പാത യാഥാര്‍ഥ്യമാവുന്നതോടെ റൂട്ടിലൂടെയുള്ള യാത്രാ സമയം 5-6 മണിക്കൂറായി കുറയ്ക്കാനാകും.

നിലവില്‍ ഏകദേശം 11-12 മണിക്കൂറാണ് ഈ റൂട്ടിലെ യാത്രസമയം. പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ 668 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ്വേ രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേകളിലൊന്നായി മാറും.
MOST READ: ട്രക്കുകളുടെ പിന്നിലെ 'ഹോണ്‍ ഓകെ പ്ലീസ്' എന്താണ്? പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് പറയാന്‍

വീട് മാറ്റിസ്ഥാപിക്കല്‍ പ്രക്രിയ എങ്ങിനെ?
വീട് മാറ്റിസ്ഥാപിക്കുന്ന സാങ്കേതികവിദ്യ പുതിയതല്ല എന്നത് ശരിയൊക്കെ തന്നെ. ഇത് പതിറ്റാണ്ടുകളായി നിലവിലുണ്ട്. ഇന്ത്യയില്‍ തന്നെ പലരും ഇത് ഉപയോഗിച്ചു. എന്നിരുന്നാലും ഇതിന് വളരെ ചെലവേറിയതിനാലാണ് മിക്ക ആളുകളും വീട് മുഴുവന്‍ മാറ്റുന്നതിനുപകരം പൊളിച്ച് നിര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നത്.
വീടിന്റെ അടിത്തറയിലെത്താന്‍ വിദഗ്ധര്‍ വീടിന് ചുറ്റും 10 അടി താഴ്ചയില്‍ കിടങ്ങുകള്‍ കുഴിക്കുന്നു. ഈ ദ്വാരങ്ങളില്‍ സ്റ്റീല്‍ ബീമുകള്‍ തിരുകുകയും സ്റ്റീല്‍ ബീമുകള്‍ക്ക് കീഴില്‍ ഹൈഡ്രോളിക് ജാക്കുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഈ ജാക്കുകള്‍ ഉപയോഗിച്ചാണ് വീട് ചലിപ്പിക്കുന്നത്.

ഈ ഹൈഡ്രോളിക് ജാക്കുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഒരു കേന്ദ്ര യൂനിറ്റ് ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. വീട് ഒന്നുകില്‍ പ്രത്യേക ഡോളികളില്‍ സ്ഥാപിക്കുകയോ വലിയ ദൂരമില്ലെങ്കില്‍ ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച് മാറ്റുകയോ ചെയ്യുന്നു.
പുതിയ സ്ഥലത്ത് വീടിന്റെ ഘടനാപരമായ സമഗ്രത ഉറപ്പാക്കാന്‍ ഒരു പുതിയ അടിത്തറയിലാണ് സ്ഥാപിക്കുന്നത്. സമാനമായ രീതിയില്‍ മാറ്റിപ്പാര്‍പ്പിച്ച നിരവധി വീടുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്.

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഒരു പോറല്‍ പോലുമേല്‍ക്കാതെ അവയെ ഉയര്‍ത്തുന്നതും നിലവിലുള്ള സ്ഥലത്ത് നിന്ന് നീക്കി വെക്കുന്നതുമൊക്കെ നമുക്ക് ചിന്തിക്കാന്‍ പോലുമാവാത്ത കാര്യങ്ങളായിരുന്നു മുമ്പ്. എന്നാലിപ്പോള്‍ ഇത് കേരളത്തിലും വ്യാപകമാവുകയാണ്.

വീടുകള്‍ക്ക് സമീപം പ്രളയകാലത്തും മറ്റും വെള്ളം ഉയര്‍ന്നതോടെയാണ് ഈ നീക്കം വ്യാപകമായത്. വീടും സ്ഥലവും വിറ്റ് സ്ഥലം മാറിപ്പോകാന്‍ തീരുമാനിച്ച പലരും കെട്ടിടം ഉയര്‍ത്താനാവുമെന്ന വിവരം അറിഞ്ഞതോടെ പ്ലാന്‍ മാറ്റിയ ചരിത്രമുണ്ട്. കഴിഞ്ഞ 3-4 വര്‍ഷത്തിനുള്ളില്‍ 'ഹൗസ് ലിഫ്റ്റിങ്' ഈ വിദ്യയിലൂടെ കേരളത്തില്‍ മാത്രം ഉയര്‍ത്തിയത് ആയിരത്തിലധികം വീടുകളാണ്. വീട് ഉയര്‍ത്തുന്ന സംഘങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിലുണ്ടായിരുന്നുവെങ്കിലും പ്രളയാനന്തരമാണ് പ്രചാരമേറിയത്.


Click it and Unblock the Notifications








