തന്റെ ഇതിഹാസ കാറായ ഔഡി 100 പുതുക്കിപണിത് രവി ശാസ്ത്രി
മുൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രിക്ക് ക്രിക്കറ്റു പോലെ തന്നെ പ്രിയങ്കരമാണ് കാറുകളും. നിരവധി റെട്രോ കാറുകളും ആധുനിക അത്യാഢംബര കാറുകളും സ്വന്തമായുള്ള വ്യക്തി കൂടിയാണ് ശ്രാസ്ത്രി.

രവി ശാസ്ത്രി തന്റെ 1985-ലെ ലോക ചാമ്പ്യൻഷിപ്പ് സമ്മാനമായ ഔഡി 100 ആഡംബര സെഡാനെ ഒന്നു പുതുക്കി പണിഞ്ഞിരിക്കുകയാണിപ്പോൾ. റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനയുടെ കീഴിലുള്ള സൂപ്പർ കാർ ക്ലബ് ഗാരേജാണ് (എസ്‌സിസിജി) കാറിനെ അതിമനോഹരമായി പുനഃസ്ഥാപിച്ചിരിക്കുന്നത്.

വളരെ മോശമായ അവസ്ഥയിലാണ് കാർ റീസ്റ്റോറേഷനായി തങ്ങളുടെ പക്കലെത്തിയതെന്ന് എസ്‌സിസിജി പറയുന്നു. ഈ കാർ പൂർണമായും പഴയ സ്ഥിതിയിലേക്ക് എത്തിക്കുന്നതിനായി കമ്പനി ഏകദേശം എട്ടു മാസത്തോളം പ്രവർത്തിച്ചുവെന്നാണ് പറയുന്നത്.

അതേസമയം ആരംഭം മുതൽ അവസാനം വരെയുള്ള പ്രക്രിയ ഏകദേശം ഒരു വർഷമായിരുന്നു. പുതുപുത്തനാക്കിയ ഔഡി 100 സിംഘാനിയ രവി ശാസ്ത്രിക്ക് കൈമാറുകയും ചെയ്‌തിരിക്കുകയാണ്. 1985-ൽ ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൺ ആൻഡ് ഹെഡ്‌ജസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ മാൻ ഓഫ് ദി സീരീസ് ആയ ശാസ്ത്രിക്ക് സമ്മാനമായി ലഭിച്ച കാറാണ് ഈ ഔഡി 100.

ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ട്രോഫി ഉയർത്താൻ ഇന്ത്യ ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചതിന്റെ ഓർമക്കായാണ് അദ്ദേഹം ഇന്നും ഈ ആഢംബര സെഡാനെ കൊണ്ടുനടക്കുന്നത്. 37 വർഷം മുമ്പ് തനിക്ക് സമ്മാനമായി ലഭിച്ച മോഡലിന്റെ അതേ ഗാംഭീര്യത്തോടെയാണ് വാഹനത്തെ റീസ്റ്റോറേഷനിലൂടെ തിരികെ ലഭിച്ചതെന്ന് കാർ ലഭിച്ച സന്തോഷം പ്രകടിപ്പിച്ച് രവി ശാസ്ത്രി പറഞ്ഞു.

അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി എല്ലാ നികുതികളും ഒഴിവാക്കി കാർ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സഹായിച്ചതെന്നും രവി ശാസ്ത്രി പറഞ്ഞു. അല്ലാത്തപക്ഷം അന്നത്തെ ഉയർന്ന നികുതി കാരണം തനിക്ക് ഔഡി 100 സെഡാൻ ഇവിടെ എത്തിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാസ്തവത്തിൽ ഇത് തന്റെ കാറല്ല, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ കാറാണെന്നും ഇന്ത്യയുടെ കാറാണെന്നും ശാസ്ത്രി ആവർത്തിച്ച് പലതവണ പറഞ്ഞിട്ടുണ്ട്. ഇന്നും അതേ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു. ബെൻസൺ ആൻഡ് ഹെഡ്‌ജസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ശാസ്ത്രിയുടെ ഓൾറൗണ്ട് പ്രകടനമാണ് ടീം ഇന്ത്യയ്ക്ക് കരുത്തായത്. അഞ്ച് മത്സരങ്ങളിൽ നിന്നായി 182 റൺസും എട്ട് വിക്കറ്റുകളും മുൻ ഇന്ത്യൻ താരം സ്വന്തമാക്കിയത്.
MOST READ: മെയ് മാസത്തിൽ 1.61 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് Maruti Suzuki

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ആദ്യത്തെ ഔഡി കാറുകളിൽ ഒന്നായിരുന്നു 100. കാറിന്റെ മുൻവശത്തെ ഫെൻഡറിൽ ഇരുവശത്തും ചേർത്തിട്ടുള്ള ശാസ്ത്രിയുടെ ഒപ്പ് മാത്രമാണ് കാറിൽ പുതുതായി ചേർത്തിരിക്കുന്നത്. കാറിന്റെ നിലവിലെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിഹാസ താരത്തിന്റെ ഉടമസ്ഥതയിലുള്ള 2.3e മോഡലായ ഔഡി 100 സെഡാന് 2.3 ലിറ്റർ ഇൻ-ലൈൻ അഞ്ച് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്.

അന്ന് 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 134 bhp പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 1968 മുതൽ 1997 വരെ നാല് തലമുറകളിലായി നിർമ്മിച്ചതാണ് (C1-C4). രണ്ട് ഡോർ മോഡൽ ഒന്നും രണ്ടും തലമുറയിൽ ലഭ്യമാണ്.

വിലയെ സംബന്ധിച്ച വിവരങ്ങളിലേക്ക് നോക്കിയാൽ അന്ന് (1985) ഔഡി 100 സെഡാനായി 2100 ഡോളറായിരുന്നു മുടക്കേണ്ടിയിരുന്നത്. എന്നാൽ ഇന്ന് ഔരു വിന്റേജ് സെഡാന് 3000 മുതൽ 7000 ഡോളർ വരെ ചെലവ് വരുമെന്നാണ് കണക്കുകൾ.


Click it and Unblock the Notifications








