ആഹാ സുന്ദരൻ! വെന്യുവിന് പുതുമുഖം സമ്മാനിച്ച് Hyundai, അവതരണത്തിനു മുമ്പേ ബുക്കിംഗിനും തുടക്കം
സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ ടെക്കിയായി അറിയപ്പെട്ടിരുന്ന വെന്യുവിന് പുതുമുഖം സമ്മാനിച്ച് ഹ്യുണ്ടായി. ജൂൺ 16-ന് വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഔദ്യോഗികമായി ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഹ്യുണ്ടായി വെന്യു സബ്-കോംപാക്‌ട് എസ്‌യുവി 2019-ലാണ് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് കടന്നുവരുന്നത്. മൂന്ന് വർഷമായി വിപണിയിലുള്ള മോഡൽ എല്ലാ മാസവും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വിൽപനയുടെ 18-20 ശതമാനം സംഭാവന ചെയ്യുന്നുമുണ്ട്.

എന്നിരുന്നാലും അടുത്തിടെ ശ്രേണിയിലേക്ക് കടന്നുവന്ന ആധുനിക എതിരാളികളുടെ പിന്നിലേക്ക് സ്ഥാനം മാറിയതോടെയാണ് പരിഷ്ക്കാരങ്ങളുമായി വെന്യുവിനെ വീണ്ടും അവതരിപ്പിക്കാമെന്ന ആശയം ഹ്യുണ്ടായിക്ക് വന്നത്. ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിലും അഞ്ച് വേരിയന്റുകളിലുമായാണ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ അണിനിരക്കുന്നത്.

പുതിയ 2022 മോഡൽ വെന്യു അകത്തും പുറത്തും നിരവധി പരിഷ്‌ക്കരണങ്ങളോടെയാണ് വരുന്നതെന്ന് ഹ്യുണ്ടായി നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. മിനുങ്ങിയെത്തിയ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്തോക്കൾക്കായി ബുക്കിംഗും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള വർക്ക് 21,000 രൂപ ടോക്കൺ തുകയായി നൽകി വാഹനം ബുക്ക് ചെയ്യാം.

ഹ്യുണ്ടായി ഇന്ത്യയുടെ ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോമിലാണ് പുതിയ വെന്യുവിനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഇനി എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പുതുതലമുറയിൽ പെട്ട ട്യൂസോണിന് സമാനമായി കമ്പനിയുടെ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ്യവുമായാണ് വെന്യുവിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

2022 വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ഒരു ഡാർക്ക് ക്രോം ഫ്രണ്ട് ഗ്രില്ലാണ് ലഭിക്കുന്നത്. എൽഇഡി ഇൻഡിക്കേറ്ററുകളിലേക്ക് വ്യാപിക്കുന്ന 'പാരാമെട്രിക് ഗ്രിൽ' എന്നാണ് ഹ്യൂണ്ടായി ഇതിനെ വിശേഷിപ്പിക്കുന്നത്. എൽഇഡി ഹെഡ് ലാമ്പുകൾ, എൽഇഡി ഡിആർഎൽ എന്നിവയ്‌ക്കൊപ്പം ഇന്റഗ്രേറ്റഡ് ടേൺ സിഗ്നൽ ലാമ്പുകൾക്കൊപ്പം നവീകരിച്ച ഒആർവിഎമ്മുകളും എസ്‌യുവിയുടെ ഭംഗികൂട്ടുന്നുണ്ട്.

ഒരു പുതിയ ഫ്രണ്ട് ബമ്പർ, ഫോക്സ് സ്കിഡ് പ്ലേറ്റ്, പുതിയ സെറ്റ് അലോയ് വീലുകൾ എന്നിവയും പുത്തൻ പരിഷ്ക്കാരങ്ങളുടെ ഭാഗമായി വെന്യുവിൽ ഇടംപിടിച്ചിട്ടുണ്ട്. ലൈറ്റ് ബാർ, പുതുക്കിയ റിയർ ബമ്പർ, റിഫ്‌ളക്ടറുകൾ എന്നിവ വഴി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ പിൻഭാഗത്തെ സവിശേഷമാക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

ഷാർക്ക് ഫിൻ ആന്റിനയ്‌ക്കൊപ്പം റൂഫ് സ്‌പോയിലറും റൂഫ് റെയിലുകളും വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നുണ്ട്. പുതിയ 2022 മോഡലിൽ അലക്‌സയും ഗൂഗിൾ അസിസ്റ്റന്റും ഉള്ള ഹോം ടു കാർ എന്ന ഓഫറും ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വോയിസ് സപ്പോർട്ടും ലഭിക്കും. ഹോം ടു കാർ (H2C) ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്നതുപോലുള്ള പ്രവർത്തനങ്ങൾ ഉപയോഗിക്കാനാകും:

• റിമോട്ട് ക്ലൈമറ്റ് കൺട്രോൾ
• റിമോട്ട് ഡോർ ലോക്ക്/ അൺലോക്ക്
• റിമോട്ട് വെഹിക്കിൾ സ്റ്റാറ്റസ് ചെക്ക്
• ഫൈൻഡ് മൈ കാർ
• ടയർ പ്രഷർ ഇൻഫർമേഷൻ
• ഇന്ധന ലെവൽ ഇൻഫർമേഷൻ
• സ്പീഡ് അലേർട്ട്
• ടൈം ഫെൻസിംഗ് അലേർട്ട്
• ഐഡിൾ ടൈം അലേർട്ട്

2022 വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ ഹ്യുണ്ടായി ഇതുവരെ വിശദമായി വിവരിച്ചിട്ടില്ലെങ്കിലും സാധ്യമായ എല്ലാ ഡ്രൈവർ, പാസഞ്ചർ സൗകര്യങ്ങളും ഇൻഫോടെയ്ൻമെന്റിലും സാങ്കേതികവിദ്യയിലും ഏറ്റവും പുത്തൻ സവിശേഷതകൾ തന്നെ കമ്പനി നിറയ്ക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. പുതിയ ഡാഷ്‌ബോർഡ് ഡിസൈനിനൊപ്പം പുതിയ മെറ്റീരിയൽ ചോയ്‌സുകളും കാറിന്റെ ക്യാബിനിൽ കാണും.

വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും.

360 ഡിഗ്രി ക്യാമറ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകൾ, ഇലക്ട്രിക് സൺ റൂഫ് എന്നീ ആധുനിക ഫീച്ചറുകളാലും പുത്തൻ വെന്യു സമ്പുഷ്ടമായിരിക്കുമെന്ന് ഉറപ്പാണ്. ഇനി സുരക്ഷയുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ വെന്യു ഫെയ്‌സ്‌ലിഫ്റ്റിൽ 6 എയർബാഗുകളും ഉയർന്ന സ്പീഡ് അലേർട്ട്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഇബിഡി, ഇഎസ്‌സി എന്നിവയും കമ്പനി ഒരുക്കും.

ബ്ലൂലിങ്ക് കണക്ടീവിറ്റിയുള്ള പുതിയ ഹ്യുണ്ടായി വെന്യു ഉപഭോക്താക്കൾക്ക് 60-ൽ അധികം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അവരുടെ കണക്റ്റഡ് കാർ അനുഭവം വർധിപ്പിച്ച് ഉയർന്ന സൗകര്യവും പ്രീമിയം ഫീലും നൽകാൻ അനുവദിക്കും. ഫേംവെയർ ഓവർ-ദി-എയർ (FOTA) അപ്‌ഡേറ്റ്, എംബഡഡ് വോയ്‌സ് കമാൻഡുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ ബ്ലൂലിങ്ക് വഴി ഉപഭോക്താക്കൾക്ക് സെഗ്‌മെന്റ് ഫംഗ്‌ഷനുകളിൽ ഒന്നിലധികം ഫസ്റ്റ് ഉപയോഗിക്കാനാകും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് സൗകര്യം ഉയർത്തുന്നതിന് പുതിയ ഹ്യുണ്ടായി വെന്യുവിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 10 പ്രാദേശിക ഭാഷകൾ ഉൾപ്പെടെ 12 ഭാഷകളെ പിന്തുണയ്ക്കും. അതിൽ മറാഠി, ഗുജറാത്തി, ബംഗാളി, പഞ്ചാബി, കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ഒറിയ എന്നീ ഭാഷകളെല്ലാം ഉൾപ്പെടുന്നുണ്ട്.

വെന്യു ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ രൂപകൽപ്പനയിലും ക്യാബിൻ സൗകര്യങ്ങളിലും വളരെയധികം മാറ്റങ്ങൾ കാണുന്നുണ്ടെങ്കിലും എസ്‌യുവിയുടെ എഞ്ചിൻ ലൈനപ്പിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ ലഭ്യമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ജിഡിഐ ടർബോ പെട്രോൾ, 1.5 ലിറ്റർ സിആർഡിഐ ഡീസൽ എന്നിവ തന്നെയായിരിക്കും തുടർന്നും ഹ്യുണ്ടായി നൽകുക.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ, 6 സ്പീഡ് ക്ലച്ച്ലെസ് iMT, 7 സ്പീഡ് DCT ഓട്ടോമാറ്റിക് എന്നിവ യഥേഷ്ടം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും. 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ നൽകുന്ന സ്‌പോർട്ടിയർ N-ലൈൻ വേരിയന്റും ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും. കൂടാതെ എസ്‌യുവിക്ക് ഒരു സിഎൻജി ഓപ്ഷനും കമ്പനി വരും മാസങ്ങളിൽ പരിചയപ്പെടുത്തിയേക്കും.


Click it and Unblock the Notifications








