റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയേ സന്താനം അടങ്ങൂ
തമിഴകത്ത് റോള്‍സ് റോയ്‌സ് കാറുകളോട് വലിയ പ്രിയം വളര്‍ന്നിട്ടുണ്ട്. ഈയിടെയാണ് തമിഴ്‌നടന്‍ വിജയ് ഒരു റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കിയത്. തുപ്പാക്കി എന്ന സിനിമ റിലീസ് ചെയ്യുന്ന ദിനത്തില്‍ വിജയിയുടെ ഗാരെജില്‍ വാഹനമെത്തി. ഇതിനും മുന്‍പ്, തമിഴകത്തെ സംവിധായകന്‍ ശങ്കറും ഒരു റോള്‍സ് റോയ്‌സ് സ്വന്തമാക്കിയിരുന്നു.
റോള്‍സ് റോയ്‌സിന്റെ രീതികള്‍ വളരെ വൈചിത്ര്യം നിറഞ്ഞതാണ്. വാങ്ങാന്‍ റൊക്കം പണവുമായി ചെന്നാലൊന്നും റോള്‍സ് റോയ്‌സ് വീഴില്ല. പണമല്ല, മാന്യതയാണ് മുഖ്യം. സമൂഹത്തില്‍ റോള്‍സ് റോയ്‌സ് കാറിന് മാന്യത നേടിക്കൊടുക്കുന്നത് അതിന്റെ ഉപഭോക്താക്കളാണ്. ഇത്തരം ഉപഭോക്താക്കളെ തേടി റോള്‍സ് റോയ്‌സ് വേണമെങ്കില്‍ അങ്ങോട്ട് ചെന്നെന്നുമിരിക്കും. ഈയിടെയാണ് മമ്മൂട്ടി റോള്‍സ് റോയ്‌സ് ടെസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇപ്പോള്‍ വരുന്ന പുതിയൊരു വാര്‍ത്ത നടന്‍ സന്താനത്തിന് റോള്‍സ് റോയ്‌സ് കാര്‍ നിഷേധിച്ചതിനെക്കുറിച്ചാണ്.

സന്താനം റോള്‍സ് റോയ്‌സിനു വേണ്ടി അപേക്ഷ നല്‍കുകയായിരുന്നു കമ്പനിയില്‍. എന്നാല്‍, സന്താനത്തിന്റെ കുടുംബപശ്ചാത്തലം മുതല്‍ കരിയര്‍ഗ്രാഫ് അടക്കം ഭാവിയിലെ നടന്റെ സാധ്യതകള്‍ വരെ പരിശോധിച്ച റോള്‍സ് റോയ്‌സ് അദ്ദേഹത്തിന് കാര്‍ നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഒരുതവണ നിഷേധിക്കപ്പെട്ടു എന്നു കരുതി സന്താനം വെറുതെയിരുന്നില്ല. രണ്ടാമതും അപേക്ഷ നല്‍കിയിരിക്കുകയാണ് സന്താനം ഇപ്പോള്‍.

ഒരു ഉപഭോക്താവിന്റെ പക്കല്‍ കാര്‍ എത്തുന്നതുവഴി തങ്ങളുടെ ബ്രാന്‍ഡിന് ഉയര്‍ച്ചയുണ്ടാകുമോ എന്ന കാര്യമാണ് റോള്‍സ് റോയ്‌സ് നോക്കുന്നത്. പ്രശസ്തിയുണ്ട് എന്ന ഒരൊറ്റ കാരണത്താല്‍ ഒരാള്‍ക്കും റോള്‍സ് റോയ്‌സ് കാര്‍ കിട്ടില്ല. അയാളുടെ പ്രവര്‍ത്തനങ്ങള്‍ റോള്‍സ് റോയ്‌സിനെ ഏതെല്ലാം വിധത്തില്‍ ബാധിക്കും എന്നത് പരിശോധിക്കപ്പെടും. ഇതിനായി കൃത്യതയുള്ള ഒരു നയപരിപാടി റോള്‍സ് റോയ്‌സിനുണ്ട്.

മല്ലിക ഷെഹ്‌രാവത്ത് റോള്‍സ് റോയ്‌സ് കാറിനുവേണ്ടി ശ്രമിച്ച് പരാജയപ്പെട്ട കഥ പ്രശസ്തമാണ്. മല്ലികയ്ക്ക് ഇന്‍ഡസ്ട്രിയിലുള്ള ഇമേജാണ് തടസ്സമായതെന്ന് സൂചനകളുണ്ട്.

ഒരു ഉപഭോക്താവിന് കാര്‍ നല്‍കുമ്പോള്‍ അത് നിലവിലുള്ള ഉപഭോക്താക്കളെ എങ്ങനെയെല്ലാം ബാധിക്കുമെന്നതും റോള്‍സ് റോയ്‌സ് പരിശോധിക്കും. മമ്മൂക്കയുടെ പക്കലും സന്തോഷ് പണ്ഡിറ്റിന്റെ പക്കലും റോള്‍സ് റോയ്‌സ് എത്തുമെന്നാണെങ്കില്‍ സംഗതി പ്രശ്നമാകുന്നു. മമ്മൂക്ക വലിയവനായതുകൊണ്ട് സന്തോഷ് പണ്ഡിറ്റ് ചെറിയവനാണ് എന്നുതന്നെയാണ് ഇതില്‍ നിന്നുള്ള പാഠം. എലീറ്റ് ക്ലാസിന്റെ അഥവാ 'തറവാടി'കളുടെ വാഹനമാണ് റോള്‍സ് റോയ്‌സ്. ഈ കാറിന്റെ ഉടമസ്ഥത നിങ്ങളുടെ സമ്പത്തും കുടുംബപശ്ചാത്തലവും മതവും ജാതിയുമെല്ലാം പ്രതിഫലിപ്പിച്ചേക്കും!



Click it and Unblock the Notifications








