ലോകത്തിലെ മികച്ച 10 കാർ ഡിസൈനർമാരെ പരിചയപ്പെടാം!
സ്വകാര്യവും പൊതുവുമായ കോളേജുകളിൽ നിന്ന് വർഷാവർഷം പുറത്തിറങ്ങുന്ന ബിടെക്കുക്കാർ മാത്രം വിചാരിച്ചാൽ എൻജിനീയേഴ്സ് ഡേയെ ഒരു ദേശീയ ആഘോഷമാക്കി മാറ്റാൻ കഴിയും. ഇനിയിപ്പൊ ദേശീയ ആഘോഷമൊന്നും ആയില്ലെങ്കിലും ഈ ദിനത്തിനുള്ള പ്രാധാന്യം ചില്ലറയല്ല. ലോകത്തിലെ വിവിധ രാജ്യങ്ങൾ പല ദിവസങ്ങളിലായി എൻജിനീയേഴ്സ് ഡേ ആഘോഷിക്കുന്നു. ഇന്ത്യയുടെ അഭിമാനമായ ഡോ. എം വിശ്വേശ്വരയ്യ എന്ന വിഖ്യാത എൻജിനീയറുടെ ജന്മദിനത്തിലാണ് ഇന്ത്യയുടെ എൻജിനീയേഴ്സ് ഡേ. ഇത് സെപ്തംബർ 15നായിരുന്നു.
വിശ്വേശ്വരയ്യയോടുള്ള ആദരസൂചകമായി ഓട്ടോമൊബൈൽ മേഖലയിലെ മികച്ച 10 ഡിസൈനർമാരെ പരിചയപ്പെടുത്തുകയാണിവിടെ. ഈ ഡിസൈനർമാരെല്ലാം ഇന്ന് തങ്ങളുടെ കരിയറിൽ സജീവമായി നിൽക്കുന്നവരാണ്.

വിശ്വേശ്വരയ്യ

10. ജെ മേയ്സ്
'റിട്രോഫ്യൂച്ചറിസം' എന്ന പ്രയോഗത്തിന് ഓട്ടോമൊബൈൽ ഡിസൈൻ മേഖലയിൽ അർഥം കൈവന്നത് ജെ മേയ്സിന്റെ കാലത്താണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിക്ക് ഇടം കുറവാണ്. ഉദാഹരണമായി പറയാവുന്നത് ഫോക്സ്‌വാഗൺ ബീറ്റിലിന്റെ ഡിസൈൻ ആധുനികവൽക്കരണമാണ്. ഈ പ്രോജക്ട് ഏറ്റെടുത്തു നടത്തിയത് ജെ മേയ്സായിരുന്നു. ഇന്ത്യയിൽ പുതിയ ബീറ്റിൽ കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും പുറംനാടുകൾ ഇതൊരു ജനപ്രിയ വാഹനമാണ്.

09. പീറ്റർ സ്റ്റീവൻസ്
യുകെക്കാരനാണ് പീറ്റർ സ്റ്റീവൻസ്. സ്ട്രോക്കുകളുടെ തെളിമയും ഷാർപ്നെസ്സുമെല്ലാം ഇദ്ദേഹത്തിന്റെ ഡിസൈനുകളെ വ്യത്യസ്തമാക്കുന്നു. 2005 മുതൽ ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിസൈൻ കൺസൽട്ടന്റ് ഡയറക്ടറാണ്. എക്സ്‌യുവി 500 മോഡലിന്റെ ഡിസൈൻ മേൽനോട്ടം ഇദ്ദേഹമാണ് വഹിച്ചത്.

08. ഷിരോ നകാമുറ
ലോക കാർ ഡിസൈൻ ഭൂപടത്തിൽ ജാപ്പാനിക സൗന്ദര്യശാസ്ത്രത്തെ സ്ഥാപിച്ചെടുത്തവരിൽ പ്രമുഖനാണ് ഷിരോ നകാമുറ. 2006 മുതൽ നിസ്സാന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസറാണ് ഇദ്ദേഹം. ജപ്പാന്റെ പരമ്പരാഗത കലയുടെ സൗന്ദര്യശാസ്ത്രത്തെ ലോകത്തെവിടെയും സ്വീകാര്യമാകുന്ന ഒരു ഡിസൈൻ ഘടകമാക്കി കാറുകളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്തത്.

07. റാൽഫ് വിക്ടർ ഗിൽസ്
അമേരിക്കക്കാരനായ റാൽഫ് ഗിൽസ് 1970ലാണ് ജനിച്ചത്. നിലവിൽ ഫിയറ്റ് ക്രൈസ്‌ലറിന്റെ ഡിസൈൻ തലവനായി പ്രവർത്തിക്കുന്നു. ക്രൈസ്‌ലർ 300 മോഡലാണ് ഇദ്ദേഹത്തിന്റെ ഡിസൈനുകളിൽ ഏറ്റവും വിഖ്യാതമായത്. ക്രൈസ്‌ലർ കാറുകൾക്ക് ജനപ്രീതി വർധിച്ചു ഇദ്ദേഹത്തിന്റെ ഡിസൈനിൽ കാറുകളിറങ്ങിയ കാലത്ത്.

06. ഫ്രാങ്ക് സ്റ്റീഫൻസൺ
നോർവീജിയക്കാരനാണ് ഫ്രാങ്ക് സ്റ്റീഫൻസൺ. 2001ൽ ഇദ്ദേഹം ഡിസൈൻ ചെയ്ത മിനി ഹാച്ച് എന്ന ശൈലീവൽക്കരിക്കപ്പെട്ട മിനി ഹാച്ച്ബാക്ക് കൺസെപ്റ്റ് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മിനി ഹാച്ച് നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.

05. വാൾട്ടർ ഡി സിൽവ
നിലവിൽ ഫോക്സ്‌വാഗൺ ഗ്രൂപ്പ് ഡിസൈനിന്റെ തലവനാണ് വാൾട്ടർ ഡി സിൽവ. ഫോക്സ്‌വാഗൺ ഗ്രൂപ്പിനു കീഴിലുള്ള ഓഡി, സിയറ്റ്, സ്കോഡ, ബെൻലെ, ലാമ്പോർഗിനി, ബുഗാട്ടി തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം കാറുകളുടെ ഡിസൈനിനു മേൽ അന്തിമവിധികർത്താവാണ് ഈ ഇറ്റലിക്കാരൻ. ഫിയറ്റിലാണ് ഇദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം. തന്റെ ഓരോ സൃഷ്ടിയും ഒന്നിനൊന്ന് മാറിനിൽക്കുന്നതാവാൻ വാൾട്ടർ ഡി സിൽവ ശ്രദ്ധ പുലർത്തുകയുണ്ടായി. ഇക്കാരണത്താൽ തന്നെ ഈ ഡിസൈനറുടെ കാറുകളെല്ലാം തന്നെ മൗലികസൗന്ദര്യം പുലർത്തുന്നവയാണ്. നമ്മുടെ കാലത്തെ ജീവിച്ചിരിക്കുന്ന ഒരിതിഹാസം തന്നെയാണ് വാൾട്ടർ.

04. ഹെൻറിക് ഫിസ്കർ
ആസ്റ്റൺ മാർടിൻ ഡിബി9, ആസ്റ്റൺ മാർടിൻ വി8 വാൻക്വിഷ്, ഫിസ്കർ കർമ തുടങ്ങിയ കാറുകളുടെ പിന്നിൽ പ്രവർത്തിച്ചയാളാണ് ഹെൻറിക് ഫിസ്കർ. ഈ കാറുകളുടെ ലിസ്റ്റിൽ നിന്നു തന്നെ മനസ്സിലാക്കാം ഹെൻറിക് എന്തുകൊണ്ട് നമ്മുടെ കാലത്തെ ഏറ്റവും മികച്ച ഡിസൈനർമാരിലൊരാളായി മാറുന്നു എന്നത്. നിർമിച്ച കാറുകൾ മിക്കതും ക്ലാസിക്കുകളാക്കി മാറ്റുക എന്നത് അത്രയെളുപ്പം സാധിക്കുന്ന കാര്യമല്ല.

03. ഇയാൻ കല്ലം
വൻ വിജയമായി മാറിയ ജാഗ്വർ എഫ് ടൈപ്പ് അടക്കമുള്ള കാറുകളുടെ ഡിസൈനറാണിദ്ദേഹം. 1979ൽ ഫോഡിൽ ഡിസൈനറായി ചേർന്നാണ് കല്ലം തന്റെ കരിയർ ആരംഭിക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിനിടയിൽ ജാഗ്വർ എക്സ്‌കെ, നിസ്സാൻ ആർ90 തുടങ്ങിയ ആധുനിക ക്ലാസ്സിക്കുകൾക്ക് രൂപം നൽകാൻ ഇയാൻ കല്ലത്തിന് സാധിച്ചു.

02. ജേസൺ കാസ്ട്രിയോറ്റ
ഫെരാരി 599, ജിടിബി ഫിയറാനോ, മസെരാട്ടി ഗ്രാൻ ടൂറിസ്മോ തുടങ്ങിയ കാറുകളുടെ ഡിസൈനറാണ് ഇദ്ദേഹം. ന്യൂ യോർക്കിൽ ജനിച്ച ജേസൺ ഇപ്പോൾ താമസിക്കുന്നത് ടൂറിനിലാണ്. റോൾസ് റോയ്സ് ഹൈപ്പീരിയൻ പോലുള്ള കൺസെപ്റ്റുകളുടെ ഡിസൈനും ഇദ്ദേഹമാണ് നിർവഹിച്ചത്. പുതിയ തലമുറയിലെ ഏറ്റവും മികച്ച ഡിസൈനർമാരിലൊരാളായി അറിയപ്പെടുന്നു.

01. പീറ്റർ ഷ്രേയർ
കിയ മോട്ടോഴ്സിലാണ് പീറ്റർ ഷ്രേയർ ജോലി ചെയ്യുന്നത്. ഓഡി ടിടി പോലുള്ള കിടിലൻ വാഹനങ്ങൾ ഡിസൈൻ ചെയ്തതിന്റെ പേരിൽ വിഖ്യാതനാണ് ഇദ്ദേഹം. സമീപകാലത്തെ ഓട്ടോമൊബൈൽ ഡിസൈൻ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ഡിസൈനറായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി 2006ൽ. 2005ൽ കിയ മോട്ടോഴ്സിൽ ചേർന്നതിനു ശേഷം കമ്പനിയുടെ ഡിസൈൻ തത്വശാസ്ത്രം അപ്പാടെ പുതുക്കുകയാണ് പീറ്റർ ചെയ്തത്. ഇന്ന് കിയ എന്ന പേര് കേട്ടാൽ ആദ്യം മനസ്സിലെത്തുന്നത് ടൈഗർ നോസ് എന്നറിയപ്പെടുന്ന ഗ്രില്ലാണ്. ഈ ഗ്രിൽ ഡിസൈൻ ചെയ്ത് കിയ കാറുകൾക്ക് ഒരു വ്യക്തിത്വമുണ്ടാക്കി നൽകിയത് പീറ്ററുടെ പ്രധാനപ്പെട്ട സംഭാവനകളിലൊന്നാണ്.

കൂടുതൽ
കാര്‍മേഖലയിലെ ചില ഞെട്ടിപ്പിക്കുന്ന നവീനാശയങ്ങള്‍
ഇതിഹാസം തീര്‍ത്ത 10 മോട്ടോര്‍സൈക്കിളുകള്‍


Click it and Unblock the Notifications








