ഉയരം കുറഞ്ഞ ടണലിലേക്ക് ടൂർ ബസ്സ് ഇടിച്ചുകയറിയപ്പോൾ
എല്ലാം നമ്മുടെ കണക്കുകൂട്ടലുകളെ അപേക്ഷിച്ചാണിരിക്കുന്നത്. വാഹനം റോഡ് ക്രോസ്സ് ചെയ്യുന്ന വഴിയാത്രക്കാരനെ ഇടിക്കില്ലെന്നും ചുരമിറങ്ങവരുന്ന വണ്ടിക്ക് സൈഡ് കൊടുക്കുമ്പോൾ കൊക്കയിലേക്ക് വീഴില്ലെന്നുമെല്ലാം നമ്മൾ കണക്കുകൂട്ടുകയാണ്. എന്നാൽ, ഇതെല്ലാം പിഴയ്ക്കുന്ന ചില സന്ദർഭങ്ങളുണ്ട്.
ഫ്രാൻസിലെ ഒരു ബസ്സ് ഡ്രൈവർക്ക് 'കണക്കുകൂട്ടൽ' പിഴച്ചതിനെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ബസ്സിന്റെ വലിപ്പവും ടണലിന്റെ ഉയരവും കണക്കാക്കിയെടുക്കാൻ ഈ ഡ്രൈവർക്ക് സാധിക്കുകയുണ്ടായില്ല.

വടക്കൻ ഫ്രാൻസിലാണ് സംഭവം നടക്കുന്നത്. അതിവേഗതയിൽ വരികയായിരുന്ന ബസ്സ് ടണലിലേക്ക് സംശയമൊന്നും കൂടാതെ കയറുകയായിരുന്നു. തന്റെ ബസ്സിനുകൂടി സഞ്ചരിക്കാൻ പാകത്തിനാണ് ടണൽ നിർമിച്ചിരിക്കുന്നത് എന്നായിരുന്നു ഡ്രൈവറുടെ വിചാരം.

ടണലിനു പക്ഷേ, ഉയരം നന്നെ കുറവായിരുന്നു. കാറുകൾക്കും മറ്റും സഞ്ചരിക്കാൻ പാകത്തിനുണ്ടാക്കിയതാണിത്. ബസ്സിന്റെ റൂഫ് അപ്പാടെ പൊളിഞ്ഞുപോയി.

ബസ്സിലുണ്ടായിരുന്ന കുറെപ്പേർക്ക് പരുക്കേറ്റു. എല്ലാവരും സ്പെയിനിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. ഫ്രാൻസിൽ ടൂറ് വന്നതായിരുന്നു ഇവർ.

ഉറങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് കാര്യം മനസ്സിലാകും മുമ്പേ ബസ്സിന്റെ റൂഫ് പൊളിഞ്ഞുപോയിരുന്നു. ഉണർന്നുനോക്കിയപ്പോൾ മുകളിൽ ടണലിന്റെ റൂഫാണ് കണ്ടതെന്ന് വിദ്യാർത്ഥികളിലൊരാൾ പറയുന്നു.

2.6 മീറ്ററിൽ കൂടുതൽ ഉയരമുള്ള വണ്ടികൾ ഈ ടണലിൽ കയറരുതെന്ന് നിർദ്ദേശമുള്ളതാണ്. സമീപത്ത് ഇത് സൂചിപ്പിക്കുന്ന ബോർഡുകളുമുണ്ട്. രാത്രിയിൽ ഡ്രൈവർ ഇതൊന്നും ശ്രദ്ധിച്ചില്ല.

ഡ്രൈവർ തന്റെ ജിപിഎസ് സംവിധാനത്തെ ആശ്രയിച്ചാണ് വണ്ടിയോടിച്ചിരുന്നത്. റോഡുണ്ട് എന്നുമാത്രമേ ജിപിഎസ് പറഞ്ഞുള്ളൂ. തന്റെ ബസ്സിന് പോകാൻ പറ്റാത്ത ടണലുണ്ട് എന്ന് പറഞ്ഞില്ല!

മുൻപരിചയമില്ലാത്തിടത്തേക്ക് ടൂറ് പോകുമ്പോൾ ഏതൊരു ഡ്രൈവറും ശ്രദ്ധിക്കേണ്ട കാര്യമാണിത്. പലപ്പോഴും വലിയ അപകടങ്ങളുണ്ടാകുന്നത് ഡ്രൈവർക്ക് റോഡിൽ മുൻപരിചയമില്ലാതെ വരുമ്പോഴാണ്.

കൂടുതൽ
ഇക്കോസ്പോര്‍ട് മീഡിയ ടെസ്റ്റിനിടെ ആക്സിഡന്‍റ്
അപകടം കണ്ട് ചിരിക്കുന്നതല്ലോ ഭയങ്കരം!
അവന്റഡോര്‍ ബസ്സുമായി കൂട്ടിയിടിച്ചു: ചിത്രങ്ങള്‍


Click it and Unblock the Notifications








