ആക്‌ടിവക്ക് പിന്നാലെ SP125 ബൈക്കിനും വില വർധിപ്പിച്ച് ഹോണ്ട
ഹോണ്ട ആക്‌ടിവ മോഡലുകൾക്ക് വില വർധനവ് ലഭിച്ചതിനു പിന്നാലെ ബിഎസ്-VI SP125 മോഡലുകൾക്കും ജാപ്പനീസ് ബ്രാൻഡ് ചെറിയ വില വർധനവ് നടപ്പിലാക്കി. കമ്മ്യൂട്ടർ ബൈക്കിന്റെ രണ്ട് വകഭേദങ്ങൾക്കും ഇനി മുതൽ 552 രൂപ കൂടുതൽ മുടക്കേണ്ടി വരും.

2019 നവംബറിലാണ് ഹോണ്ട പുതിയ ബിഎസ്-VI SP125 മോഡലിനെ വിപണിയിൽ എത്തിക്കുന്നത്. ജാപ്പനീസ് ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ബിഎസ്-VI കംപ്ലയിന്റ് മോട്ടോർസൈക്കിളാണിത്. ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ കമ്പനി പുറത്തിറക്കിയത്.

ഡ്രം ബേക്കുള്ള മോഡലിന് 72,900 രൂപ, ഡിസ്‌ക് പതിപ്പിന് 77,100 രൂപ എന്ന നിരക്കിലാണ് ഇതുവരെ മോട്ടോർസൈക്കിളുകൾക്ക് മുടക്കേണ്ടിയിരുന്നത്. എന്നാൽ വില വർധനവിന് ശേഷം ഇനി മുതൽ SP125 ഡ്രം ബ്രേക്കിന് 73,452 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 77,652 രൂപയുമാണ് എക്‌സ്ഷോറൂം വില.
MOST READ: വില കൂടി! ബിഎസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

വില വർധനവിന് പുറമെ മോട്ടോർസൈക്കിളിന് മറ്റ് പരിഷ്ക്കരണങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, സ്പോർട്ടി ഗ്രാഫിക്‌സുള്ള ആക്രമണാത്മക ഫ്യുവൽ ടാങ്ക്, 5-സ്പോക്ക് സ്പ്ലിറ്റ് ടൈപ്പ് അലോയ് വീലുകൾ, സ്റ്റൈലിഷ് റിയർ എൻഡ്, ക്രോം മഫ്ലർ കവർ എന്നിവയെല്ലാം ഹോണ്ട SP125-നെ ആകർഷകമാക്കുന്നു.

അതോടൊപ്പം ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ അനേകം വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോർസൈക്കിളിൽ ലഭ്യമാണ്. ഇതിന് ഒരു ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ പോലും ലഭ്യമാണെന്നത് ശ്രദ്ധേയമാണ്.
MOST READ: ജുപ്പിറ്റർ ഗ്രാൻഡെ പതിപ്പിനെ താൽക്കാലികമായി പിൻവലിച്ച് ടിവിഎസ്

ഹോണ്ടയുടെ പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ (PGM-FI), മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ ഉള്ള ഹോണ്ട ഇക്കോ ടെക്നോളജി എന്നിവ ഉൾക്കൊള്ളുന്ന 125 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI എഞ്ചിനാണ് ഹോണ്ട SP125 വാഗ്‌ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 10.88 bhp കരുത്തിൽ 10.9 Nm torque ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ഈ 125 സിസി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 5-ഘട്ട ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ബിഎസ്-VI SP125-ന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
MOST READ: രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

മോട്ടോർസൈക്കിളിന്റെ ഡ്രം ബ്രേക്ക് വകഭേദത്തിന് രണ്ട് അറ്റത്തും 130 mm ഡ്രം ബ്രേക്കുകളാണുള്ളത്. ഡിസ്‌ക് ബ്രേക്ക് മോഡലിന് 240 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിൻവശത്ത് ഡ്രം ബ്രേക്കും വാഗ്‌ദാനം ചെയ്യുന്നു. ഇക്വലൈസറുള്ള കോംബി-ബ്രേക്ക് സിസ്റ്റവും (CBS) ബൈക്കിൽ ലഭ്യമാകും.

മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, സ്ട്രൈക്കിംഗ് ഗ്രീൻ, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നീ നാല് നിറങ്ങളിൽ ബിഎസ്-VI ഹോണ്ട SP125 തെരഞ്ഞെടുക്കാൻ സാധിക്കും.


Click it and Unblock the Notifications








