ഓണം യമഹക്കൊപ്പം, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു
ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. 2022 സെപ്റ്റംബർ 15 വരെ സാധുതയുള്ള ഈ ഓഫർ FZ-Fi, FZ-S Fi, ഫാസിനോ 125 Fi ഹൈബ്രിഡ് എന്നീ മോഡലുകളിൽ ലഭ്യമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ പുതിയ ഓണം ഓഫർ പ്രകാരം 125 സിസി സ്‌കൂട്ടറായ യമഹ ഫാസിനോയിൽ 1,500 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും 2,999 രൂപ കുറഞ്ഞ ഡൗൺ പേയ്‌മെന്റിലും സ്വന്തമാക്കാം. മറുവശത്ത് FZ-Fi, FZ-S Fi മോട്ടോർസൈക്കിളുകൾ 3,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറിലും 7,999 രൂപ കുറഞ്ഞ ഡൗൺ പേയ്‌മെന്റിലുമാണ് കമ്പനി ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നത്.

ഫാസിനോ 125 Fi ഹൈബ്രിഡ് സ്‌കൂട്ടറിന്റെ സിൽവർ കളർ ഓപ്ഷനിൽ മാത്രം ഈ പറഞ്ഞ ഓഫർ ലഭ്യമാകില്ലെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. കൂടാതെ FZ-Fi, FZ-S Fi എന്നിവയുടെ ഡ്രം വേരിയന്റുകൾക്ക് മാത്രമേ ഓഫറുകൾ സാധുതയുള്ളൂ എന്നതും പ്രത്യേകം ഓർമിക്കേണം.
MOST READ: കണ്ടാൽ ആരും കൊതിക്കും, Sonet X-Line വേരിയന്റ് അവതരിപ്പിച്ച് Kia; വില 13.39 ലക്ഷം മുതൽ

കൂടാതെ ഈ ഓഫറുകൾ കേരളത്തിലെ ഉപഭോക്താക്കൾക്ക് മാത്രമേ സാധുതയുള്ളൂ. വരാനിരിക്കുന്ന ആഘോഷങ്ങളോടെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാവിന്റെ ഇന്ത്യൻ വിഭാഗം രാജ്യത്തുടനീളമുള്ള മുഴുവൻ ഇരുചക്ര വാഹനങ്ങൾക്കും കൂടുതൽ ഓഫറുകൾ അവതരിപ്പിക്കാനാണ് ഇുപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളിൽ ഒന്നാണ് ഫാസിനോ. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഒരു പ്രധാന സെഗ്മെന്റായി അതിവേഗം വളർന്ന വിഭാഗമാണ് 125 സിസി സ്‌കൂട്ടറുകളുടേത്. ആയതിനാൽ മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമായി എത്തിയപ്പോൾ എഞ്ചിൻ ശേഷി വർധിപ്പിച്ചാണ് ഫാസിനോ കളത്തിലെത്തിയത്.
MOST READ: ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

2021 ജൂലൈയിലാണ് യമഹ ഫാസിനോയുടെ പുത്തൻ മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. മൈക്രോ ഹൈബ്രിഡ് ടെക്കോടെ എത്തിയതും സ്‌കൂട്ടറിനെ ജനപ്രിയമാവാൻ സഹായിച്ചു. സ്മാർട്ട് മോട്ടോർ ജനറേറ്റർ (SMG) ഇലക്ട്രിക് സ്റ്റാർട്ടറിൽ നിന്ന് പവർ അസിസ്റ്റ് നൽകുന്ന ഒന്നാണിത്.

അതായത് ആക്‌സിലറേറ്റർ നൽകുമ്പോൾ സാധാരണ സ്‌കൂട്ടറുകൾക്കുണ്ടാവുന്ന പ്രാരംഭ പവർ ലാഗ് ഈ സംവിധാനത്തിലൂടെ ഇല്ലാതാക്കുന്നു എന്നതാണ് പ്രത്യേകത. 125 സിസി വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടറുകളിലൊന്നാണ് യമഹ ഫാസിനോ എന്നതും വിപണിയിൽ ഏറെ ഗുണകരമായിട്ടുണ്ട്.
MOST READ: ഇവിടെയല്ലെങ്കിലും, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെ C3 ഹാച്ചിനെ വിപണിയിലെത്തിച്ച് Citroen

കാണാൻ പ്രീമിയം ലുക്കുള്ള മോഡലുകളെ തേടുന്ന സ്‌ത്രീകളായ ഉപഭോക്താക്കളാണ് ഫാസിനോയുടെ പ്രധാന ആരാധകർ. നിലവിൽ ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡൽ വിപണിയിൽ എത്തുന്നത്. 78,444 രൂപ മുതൽ 88,468 രൂപ വരെയാണ് യമഹ ഫാസിനോയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

8.04 bhp പവറിൽ 10.3 Nm torque വികസിപ്പിക്കുന്ന 125 സിസി ബിഎസ്-VI എഞ്ചിനാണ് യമഹ ഫാസിനോ 125 പതിപ്പിന് കരുത്തേകുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾക്കൊപ്പം രണ്ട് വീലുകളിലും കമ്പൈൻഡ് ബ്രേക്കിംഗ് സംവിധാനവുമായാണ് സ്‌കൂട്ടർ വരുന്നത്. ഈ ഫാസിനോ 125 സ്കൂട്ടറിന് 99 കിലോഗ്രാം ഭാരവും 5.2 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്.

യമഹ ഫാസിനോ 125 Fi ഹൈബ്രിഡ് അതിന്റെ മുൻഗാമിയുടെ റെട്രോ ഡിസൈൻ നിലനിർത്തിയാണ് നിർമിച്ചെടുത്തിരിക്കുന്നത്. ഒപ്പം കർവി ഡിസൈൻ, ഏപ്രൺ മൗണ്ടഡ് ഫ്രണ്ട് ടേൺ ഇൻഡിക്കേറ്ററുകൾ, ബോഡി-നിറമുള്ള ഫ്രണ്ട് ഫെൻഡർ, ഒരു സ്റ്റെപ്പ്-അപ്പ് സീറ്റ്, സിംഗിൾ പീസ് പില്യൺ ഗ്രാബ് റെയിൽ എന്നിവയും സ്കൂട്ടറിന്റെ സവിശേഷതകളാണ്.

ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌ലൈറ്റിനും ടെയിൽലൈറ്റിനുമുള്ള ഫുൾ-എൽഇഡി ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളിൽ നിന്ന് യമഹ ഫാസിനോ ഡിസ്‌ക് പതിപ്പ് പ്രയോജനം നേടുന്നുണ്ട്. എന്നിരുന്നാലും മോഡലിന്റെ ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വകഭേദങ്ങൾക്കും സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷൻ, ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്, സ്മാർട്ട് മോട്ടോർ ജനറേറ്റർ (SMG) സിസ്റ്റം എന്നിവയും ലഭിക്കുന്നുണ്ട്.

ഫാസിനോ 125 Fi ഹൈബ്രിഡ് ആകെ ഒമ്പത് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്കൂട്ടറിന്റെ ഡ്രം ബ്രേക്ക് വേരിയന്റ് വിവിഡ് റെഡ്, കൂൾ ബ്ലൂ മെറ്റാലിക്, യെല്ലോ കോക്ക്ടെയിൽ, ഡാർക്ക് മാറ്റ് ബ്ലൂ, സുവേവ് കോപ്പർ, സിയാൻ ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

അതേസമയം യമഹ ഫാസിനോയുടെ ഡിസ്ക് വേരിയന്റിൽ വിവിഡ് റെഡ് സ്പെഷ്യൽ, മാറ്റ് ബ്ലാക്ക് സ്പെഷ്യൽ, കൂൾ ബ്ലൂ മെറ്റാലിക്, ഡാർക്ക് മാറ്റ് ബ്ലൂ, സുവേവ് കോപ്പർ, യെല്ലോ കോക്ക്ടെയിൽ, സിയാൻ ബ്ലൂ, വിവിഡ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ ആകർഷകമായ കളർ ഓപ്ഷനിലും തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications








