കണ്ടാൽ ആരും കൊതിക്കും, Sonet X-Line വേരിയന്റ് അവതരിപ്പിച്ച് Kia; വില 13.39 ലക്ഷം മുതൽ
പ്രതീക്ഷയോടെ കാത്തിരുന്ന സോനെറ്റ് X-ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 13.39 ലക്ഷം രൂപ മുതൽ 13.99 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് പുത്തൻ വേരിയന്റ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

സോനെറ്റിന്റെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് നിരവധി പരിഷ്ക്കാരങ്ങളുമായാണ് കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്ക് പുത്തൻ കിയ സോനെറ്റ് X-ലൈൻ വിപണിയിൽ എത്തുന്നത്.

പുതിയ മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ കളർ ഓപ്ഷനൊപ്പം 'എക്സ്ക്ലൂസീവ് സ്പ്ലെൻഡിഡ് സേജ്' ഡ്യുവൽ ടോൺ ഇന്റീരിയറും ഹൈ ഗ്ലോസ് 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകളുമായാണ് കോംപാക്‌ട് എസ്‌യുവിയുടെ പുത്തൻ വകഭേദത്തെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.
MOST READ: നെക്സോൺ ഇവിക്ക് വഴിമാറാൻ സമയമായി, XUV400 ഇലക്‌ട്രിക്കിന്റെ ടീസർ വീഡിയോയുമായി Mahindra

7 സ്പീഡ് ഡിസിടി ഉള്ള 1.0 ലിറ്റർ T-GDi ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനും 6 സ്പീഡ് ഓട്ടോമാറ്റിക് കോൺഫിഗറേഷനോടുകൂടിയ 1.5 ലിറ്റർ ഫോർ-സിലിണ്ടർ CRDi ഡീസൽ എഞ്ചിൻ ഓപ്ഷനിലും മാത്രമേ പുതിയ കിയ സോനെറ്റ് X-ലൈൻ വാഗ്ദാനം ചെയ്യുന്നുള്ളൂ.

കിയ സോനെറ്റ് X-ലൈനിലെ എഞ്ചിൻ ഓപ്ഷനുകളുടെ വിശദാംശങ്ങളിലേക്ക് കടന്നാൽ ഏഴ് സ്പീഡ് ഡിസിടി യൂണിറ്റുമായി ഘടിപ്പിച്ച 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 118 bhp കരുത്തിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയ 1.5 ലിറ്റർ ഡീസൽ 113 പവറിൽ 250 Nm torque വരെയാണ് നൽകുക. സോനെറ്റ് എക്‌സ്-ലൈൻ രാജ്യത്തെ എല്ലാ അംഗീകൃത കിയ ഇന്ത്യ ഡീലർഷിപ്പുകളിലും ഓൺലൈനിലും ബുക്ക് ചെയ്യാനാവുമെന്ന് സ്പെഷ്യൽ വേരിയന്റിനെ അവതരിപ്പിച്ചുകൊണ്ട് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു.

സോനെറ്റ് X-ലൈനിലൂടെ തങ്ങളുടെ ഡിസൈനിംഗ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ആകർഷകമായ പുറംകാഴ്ച്ചകൾക്കും ഊർജ്ജസ്വലമായ ഇന്റീരിയറുകൾക്കും യഥാർഥത്തിൽ പൂരകമാകുന്ന സ്റ്റൈലിഷായതും വ്യത്യസ്‌തമായതുമായ കോംപാക്‌ട് എസ്‌യുവി വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും മ്യുങ്-സിക് സോൺ അഭിപ്രായപ്പെട്ടു.
MOST READ: 600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

ബ്രാൻഡിന്റെ മൊത്തം വിൽപ്പനയുടെ 32 ശതമാനത്തിലധികം സോനെറ്റ് സംഭാവന ചെയ്തിട്ടുണ്ട്. ഈ ഉത്സവ സീസണിൽ കൂടുതൽ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ X-ലൈൻ വേരിയന്റ് എത്തുന്നത്.

ഗ്ലോസി ബ്ലാക്ക് ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, പിയാനോ ബ്ലാക്ക് ഡയമണ്ട് നർലിംഗ് പാറ്റേൺ, മെറ്റാലിക് ആക്‌സന്റുകളുള്ള പിയാനോ ബ്ലാക്ക് ഫ്രണ്ട് സ്‌കിഡ് പ്ലേറ്റുകൾ, ഡാർക്ക് ക്രോം ഫോഗ് ലാമ്പ് ഗാർണിഷ് തുടങ്ങിയ എക്സ്റ്റീരിയർ ഹൈലൈറ്റുകളോടെയാണ് സോനെറ്റിന്റെ ഈ സ്പെഷ്യൽ വേരിയന്റ് കളത്തിലെത്തിയിരിക്കുന്നത്.

ആദ്യ കാഴ്ച്ചയിൽ ആരെയും ആകർഷിക്കും വിധമുള്ള രൂപമാണ് സോനെറ്റിനുള്ളത്. മേൽപറഞ്ഞ ഘടകങ്ങൾക്കൊപ്പം പിയാനോ ബ്ലാക്ക് ഔട്ട്‌സൈറ്റ് മിറർ എൽഇഡി ടേൺ സിഗ്നൽ, സൈഡ് ഡോർ ഡാർക്ക് മെറ്റാലിക് ഗാർണിഷ്, സിൽവർ ഫിനിഷ്ഡ് ബ്രേക്ക് കാലിപ്പറുകൾ, മാറ്റ് ഗ്രാഫൈറ്റ് ഷാർക്ക് ഫിൻ ആന്റിന, പ്രത്യേക എക്സ്-ലൈൻ എംബ്ലം, ഡാർക്ക് മെറ്റൽ ആക്‌സന്റുകളുള്ള പിയാനോ ബ്ലാക്ക് റിയർ സ്‌കിഡ് പ്ലേറ്റ്, പിയാനോ ബ്ലാക്ക് ഡ്യുവൽ മഫ്‌ളർ എന്നിവയും ഇതിലുണ്ട്.

പുറത്തെ പോലെ തന്നെ സോനെറ്റ് X-ലൈനിന്റെ ഇന്റീരിയറിനും നിരവധി മെച്ചപ്പെടുത്തലുകളാണ് കിയ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്. എസ്‌യുവിയുടെ ഈ പുതിയ വേരിയന്റിന് ഓറഞ്ച് സ്റ്റിച്ചിംഗും X-ലൈൻ ലോഗോയും ഉള്ള ലെതറെറ്റ് സ്‌പോർട്‌സ് സീറ്റുകൾ, ഓറഞ്ച് സ്റ്റിച്ചിംഗുള്ള ലെതറെറ്റ് പൊതിഞ്ഞ ഡി-കട്ട് സ്റ്റിയറിംഗ് വീൽ, സോനെറ്റ് ലോഗോ, പ്രീമിയം ബ്ലാക്ക് ഹെഡ്‌ലൈനർ തുടങ്ങിയവയെല്ലാണ് അകത്ത് കമ്പനി ഒരുക്കിയിരിക്കുന്നത്.

സബ്-ഫോർ-മീറ്റർ എസ്‌യുവി ഇതിനോടകം തന്നെ 1.5 ലക്ഷത്തിലധികം വിൽപ്പനയും സെഗ്‌മെന്റിൽ ഏകദേശം 15 ശതമാനം വിഹിതവുമാണ് കിയ സോനെറ്റിനുള്ളത്. സോനെറ്റ് X-ലൈൻ ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷനും വരാനിരിക്കുന്ന ഹ്യുണ്ടായി വെന്യു എൻ-ലൈൻ വേരിയന്റിനും എതിരാളിയാകും.

ഇതുകൂടാതെ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയുമായാണ് സോനെറ്റിന്റെ മറ്റ് വകഭേദങ്ങൾ മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








