നെക്സോൺ ഇവിക്ക് വഴിമാറാൻ സമയമായി, XUV400 ഇലക്‌ട്രിക്കിന്റെ ടീസർ വീഡിയോയുമായി Mahindra
നെക്സോണിലൂടെ ഇലക്‌ട്രിക് വാഹന വിപണി കൈയ്യടക്കി വെച്ചിരുന്ന ടാറ്റ മോട്ടോർസിന് ആദ്യമായി ഒരു എതിരാളി എത്തുകയാണ്. അതും മഹീന്ദ്രയിൽ നിന്നുമാവുമ്പോൾ കാര്യങ്ങൾ കൂടുതൽ ആകാംക്ഷാഭരിതമാവുമെന്നും ഉറപ്പ്.

ആഭ്യന്തര, അന്തർദേശീയ വിപണികളെ ഉന്നംവെച്ചുകൊണ്ട് മഹീന്ദ്ര അവതരിപ്പിക്കുന്ന XUV400 ഇവിയെ 2022 സെപ്‌റ്റംബർ എട്ടിന് കമ്പനി അവതരിപ്പിക്കും. തികച്ചും പുതിയ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമായി XUV400 പ്രധാനമായും XUV300 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പാണ്.

പെട്രോൾ/ഡീസൽ നെക്‌സോൺ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള നെക്‌സോൺ ഇവിയുമായി സാമ്യമുള്ള അതേ സമീപനമാണ് മഹീന്ദ്രയും ഇവിടെ സ്വീകരിച്ചിരിക്കുന്നതെന്ന് സാരം. വിപണിയിൽ എത്തുന്നതിനു മുന്നോടിയായി XUV400 ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക ടീസർ വീഡിയോയും മഹീന്ദ്ര പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനമായ ടാറ്റ നെക്‌സോൺ ഇവിയുമായി നേരിട്ട് മത്സരിക്കാനെത്തുമ്പോൾ കാര്യങ്ങൾ എന്തായി മാറുമെന്നറിയാനായി കാത്തിരിക്കുകയാണ് വാഹനലോകം. XUV300 കോംപാക്‌ട് എസ്‌യുവിയുടെ അതേ X100 പ്ലാറ്റ്‌ഫോമിലാണ് XUV400 ഇവി നിർമിച്ചെടുത്തിരിക്കുന്നത്.

എന്നാൽ ബാറ്ററിക്കും മറ്റ് ഇന്റേണലുകൾക്കും അനുയോജ്യമായ മാറ്റങ്ങളോടെയാണ് വാഹനം നിർമിച്ചിരിക്കുന്നതെന്നു മാത്രം. കൂടാതെ ഒരു പ്രധാന വ്യത്യാസം XUV400 ഇവിയുടെ നീളം 4.2 മീറ്ററായിരിക്കും എന്നതാണ്. ഇലക്ട്രിക് കാറുകളുടെ കാര്യത്തിൽ വലിപ്പവുമായി ബന്ധപ്പെട്ട നികുതി ആനുകൂല്യങ്ങൾ ബാധകമെല്ലെന്നതിനാലാണ് XUV400 അതിന്റെ പരമാവധി പരിധിയിലേക്ക് നീട്ടാൻ കഴിയുന്നത്.

വലിപ്പമേറിയതിനാൽ ഉപയോക്താക്കൾക്ക് അധിക ഇന്റീരിയർ സ്പേസും വലിയ ബൂട്ട് സ്പേസും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്‌സോൺ ഇവി, നെക്‌സോൺ ഇവി മാക്‌സ് വേരിയന്റുകൾക്ക് ഒരു വെല്ലുവിളി എന്ന നിലയിൽ വരാനിരിക്കുന്ന XUV400 ഒന്നിലധികം സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

85 ശതമാനത്തിലധികം വിപണി വിഹിതവുമായി പാസഞ്ചർ ഇലക്ട്രിക് വാഹന വിഭാഗത്തിൽ നെക്‌സോൺ ഇവി നിലവിൽ ആധിപത്യം പുലർത്തുകയാണ്. XUV400 മഹീന്ദ്രയുടെ ആദ്യത്തെ പ്രധാന ഇവി ഉൽപ്പന്നമായിരിക്കും. അതിനാലാണ് അതിന്റെ വിജയം കമ്പനിക്ക് കൂടുതൽ പ്രധാനമായത്.

മികച്ച പ്രതികരണം ലഭിക്കുമെന്ന് കരുതുന്നതിനാൽ XUV400 ഉപഭോക്തൃ ധാരണകൾ രൂപപ്പെടുത്താനും മഹീന്ദ്രയിൽ നിന്ന് വരാനിരിക്കുന്ന മറ്റ് ഇലക്ട്രിക് എസ്‌യുവികളിൽ നല്ല സ്വാധീനം ചെലുത്താനും സഹായിക്കും. ഈ മാസം ആദ്യം XUV700 ഇലക്ട്രിക് പതിപ്പിൽ പ്രദർശിപ്പിച്ച പുതിയ ലോഗോയും ഇതിന് ഉണ്ടാകും.

XUV400 ഇലക്ട്രിക് എസ്‌യുവിയിൽ ഉൾപ്പെടുത്താവുന്ന ചില സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരെ ഉൾപ്പെടുന്നു. മഹീന്ദ്രയുടെ AdrenoX കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോമാണ് ഇതിന് കരുത്ത് പകരുന്നത്. നെക്സോൺ ഇവി മാക്സിന് 7 ഇഞ്ച് ഫ്ലോട്ടിംഗ് ഡാഷ്-ടോപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ലഭിക്കുന്നത്.

മറ്റൊരു പ്രധാന അപ്‌ഗ്രേഡ് ADAS ഫീച്ചറുകളായിരിക്കാം. XUV400 ഇവിയുടെ ടോപ്പ്- വേരിയന്റുകളിൽ ഈ ഡ്രൈവർ അധിഷ്ഠിത ഫീച്ചർ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. നെക്സോൺ ഇവിയെ കൂടാതെ മറ്റ് എതിരാളികളായ എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവയ്ക്കും ADAS ഫീച്ചറുകൾ ഇല്ല എന്നതിനാൽ ഇക്കാര്യം നൽകിയാൽ മഹീന്ദ്രയ്ക്ക് മേൽകൈ നേടാൻ സഹായകരമാവും.

ഇനി ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച eXUV300 കൺസെപ്റ്റിന് ഏകദേശം സമാനമായിരിക്കാം മഹീന്ദ്ര XUV400. എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ക്ലോസ്-ഓഫ് ഫ്രണ്ട് ഗ്രിൽ, ബോഡി ക്ലാഡിംഗ്, പ്രൊമിനൻ്റ് റിയർ ബമ്പർ, റിയർ സ്‌പോയിലർ, എഡ്ജ് ടെയിൽ ലാമ്പുകൾ എന്നിവ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

മഹീന്ദ്ര ബോൺ ഇലക്ട്രിക് എസ്‌യുവികളിൽ ഉപയോഗിക്കുന്ന ഫ്ലഷ് ഡോർ ഹാൻഡിലുകളെ അപേക്ഷിച്ച് XUV400 ഇവിക്ക് സാധാരണയായി കാണുന്ന ഡോർ ഹാൻഡിലുകൾ തന്നെയായിരിക്കും ലഭിക്കുക. വാഹനത്തിന്റെ ബാറ്ററി പായ്ക്കിൽ വ്യത്യസ്‌ത ഓപ്ഷനുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

മുൻ വീലുകളിലേക്ക് പവർ കൈമാറുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോർ പവർട്രെയിനിൽ ഉൾപ്പെടും. ഇലക്ട്രിക് മോട്ടോർ പരമാവധി 150 bhp കരുത്തെങ്കിലും ഉത്പാദിപ്പിക്കാനും പ്രാപ്‌തമായിരിക്കും. റേഞ്ച് ഏകദേശം 350-400 കിലോമീറ്ററായിരിക്കാം. ഇത് ARAI സാക്ഷ്യപ്പെടുത്തിയ 437 കിലോമീറ്റർ നെക്‌സോൺ ഇവി മാക്‌സുമായി താരതമ്യപ്പെടുത്താവുന്നതാണ്.

സ്റ്റാൻഡേർഡ് ടാറ്റ നെക്‌സോൺ ഇവിക്ക് എആർഎഐ സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ റേഞ്ചുമാണുള്ളത്. വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ വില 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യ എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ നെക്സോൺ ഇവി മാക്‌സിന് 18.34 ലക്ഷം മുതൽ 19.84 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. എംജി ZS ഇവി, കോന ഇലക്ട്രിക് എന്നിവ യഥാക്രമം 21.99 ലക്ഷം രൂപയും 23.84 ലക്ഷം രൂപയും പ്രാരംഭ വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications








