ഇന്ത്യൻ വിപണിയിലെ കൊറിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡലാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. പുതിയ ഡിസൈൻ, പുതുക്കിയ സവിശേഷതകൾ, പുതിയ ഉപകരണങ്ങളാൽ സമ്പന്നമാണ് ഈ കോംപാക്ട് ഹാച്ച്ബാക്ക്. നിയോസും ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിനുകൾക്കൊപ്പമാണ് വിപണിയിൽ എത്തുന്നത്.
ഉയർന്ന നിലവാരമുള്ള ഇന്റീരിയറുകളും ഉപകരണങ്ങളുമാണ് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ വേറിട്ടുനിർത്തുന്നത്. വിദേശ വിപണികളിൽ വിൽക്കുന്ന പ്രീമിയം ഹാച്ച്ബാക്കുകൾക്ക് തുല്യമായി തന്നെയാണ് ബലേനോയെ മാരുതി വികസിപ്പിച്ചെടുത്തിരിക്കുന്നകും. പുതിയ ബലേനോ ആധുനിക സവിശേഷതകളും ഫീച്ചറുകളാലും പ്രതാപിയാണ്. ഇതെല്ലാം എല്ലാം താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്നതിനാൽ ഇന്ത്യയിലെ മികച്ച മോഡലായി ഇത് മാറുന്നു.
ആദ്യം വിപണിയിലെത്തിയതു മുതൽ ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഫാമിലി കാറായി മാറിയ മോഡലാണ് മാരുതി സുസുകി വാഗൺആർ. ടോൾബോയ് ഡിസൈനാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ മികച്ച സവിശേഷതകളുടെയും എഞ്ചിന്റെയും കാര്യത്തിലും നിരവധി ഓപ്ഷനുകളാണ് വാഗൺആർ അവതരിപ്പിക്കുന്നത്. സിഎൻജി സാങ്കേതികവിദ്യയ്ക്കൊപ്പം മികച്ച പ്രകടനമുള്ള ബിഎസ്-VI പെട്രോൾ എഞ്ചിനുകളും കാറിന്റെ പ്രത്യേകതയാണ്.
ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ച മാരുതിയുടെ മറ്റൊരു മോഡലാണ് സെലേറിയോ. ആൾട്ടോ, എസ്-പ്രെസോ തുടങ്ങിയ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സെലെറിയോ അൽപ്പം കൂടുതൽ പ്രീമിയം ഓഫറാണ്. കൂടാതെ ചില അധിക സവിശേഷതകളും വാഹനത്തിലുണ്ട്. രാജ്യത്ത് എജിഎസ് ഓട്ടോമാറ്റിക് ഗിയർബോക്സ് പരിചയപ്പെടുത്തിയ ആദ്യ മോഡലുകളിൽ ഒന്നാണ് സെലേറിയോ.
ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഒരു ജനപ്രിയ മോഡലാണ് റെനോ ക്വിഡ്. കോംപാക്ട് വലിപ്പമുള്ള വാഹനത്തിൽ ധാരാളം സവിശേഷതകൾ വാഗ്ദാനം ചെയ്തു കൊണ്ടാണ് ഫ്രഞ്ച് ബ്രാൻഡ് ക്വിഡിനെ വിപണിയിൽ എത്തിക്കുന്നത്. കൂടാതെ വിലയുടെ കാര്യത്തിൽ സെഗ്മെന്റിൽ വളരെ താങ്ങാനാവുന്ന മോഡലുമാണിത്. ഒരു എസ്യുവി ശൈലിയിലുള്ള ഡിസൈനാണ് കാറിനെ ഇത്രയും വിജയപ്പിക്കാൻ കാരണമായത്. അതോടൊപ്പം ക്യാബിനിലും മികച്ച സ്പേസ് നൽകാനും റെനോയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ. കുഞ്ഞൻ കാറിന് അടുത്തിടെ ഒരു പരിഷ്ക്കാരവും കമ്പനി നൽകിയിരുന്നു. ഇപ്പോൾ ഒരു ബിഎസ്- VI പെട്രോൾ എഞ്ചിനോടൊപ്പം എല്ലാ സുരക്ഷാ സവിശേഷതകളും ഉപകരണങ്ങളുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ എന്ന ഖ്യാതിയും ആൾട്ടോയ്ക്കുണ്ട്.
ഇന്ത്യൻ വിപണിയിലെ ഏറ്റവും പുതിയ കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി എസ്-പ്രെസോ. ബോക്സി ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഫ്ലാറ്റ് ബോണറ്റ് എന്നിവയുള്ള ഒരു എസ്യുവി നിലപാടാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. മാന്യമായ പെർഫോമൻസും ഹാൻഡിലിംഗും വാഗ്ദാനം ചെയ്യുന്ന എസ്-പ്രെസോ സവിശേഷതകളുടെ കാര്യത്തിലും ഒട്ടും പിന്നോട്ടല്ല.
ഏറ്റവും ആധുനിക ഫീച്ചറുകളാൽ സമ്പന്നമായ ഇന്ത്യയിലെ മികച്ച ഹാച്ച്ബാക്ക് മോഡലാണ് ഹ്യുണ്ടായി എലൈറ്റ് i20. അതോടൊപ്പം കിടിലൻ ഡിസൈനും ലോഡ് ചെയ്ത ഇന്റീരിയറുകളും കാറിനെ വേറിട്ടുനിർത്തുന്നുമുണ്ട്. കാറിന്റെ ഫെയ്സ്ലിഫ്റ്റ് 2018 ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം അകത്തളത്തെ പ്രീമിയമാക്കാൻ സഹായിക്കുന്നുണ്ട്. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനോടെ പെട്രോൾ വേരിയന്റ് സ്വന്തമാക്കാം. അതേസമയം ഡീസൽ വേരിയന്റിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. 2005 ൽ പുറത്തിറങ്ങിയ ഹാച്ച്ബാക്ക് ഇതുവരെ മൂന്നു തലമുറ മാറ്റങ്ങൾക്കാണ് വിധേയമായിരിക്കുന്നത്., ഏറ്റവും പുതിയ മോഡൽ 2018 ഓട്ടോ എക്സ്പോയിലാണ് അരങ്ങേറ്റം കുറിച്ചത്. പുതിയ മാരുതി സ്വിഫ്റ്റ് പെട്രോൾ എഞ്ചിൻ ഓപ്ഷനോടെയാണ് വിപണിയിൽ എത്തുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സ് ഉഫയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം. സുസുക്കി സ്വിഫ്റ്റ് എന്ന പേരിൽ ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന മാരുതി ഹാച്ച്ബാക്ക് വർഷങ്ങളായി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.