ഫോഡ് ഇക്കോസ്‌പോര്‍ട്ടും റിനോ ഡസ്റ്ററും വന്ന് ഇന്ത്യന്‍ വിപണിയില്‍ ചെയ്തത് ഒരു വന്‍പണിയാണ്. ദീര്‍ഘകാലമായി മഹീന്ദ്രയുടെ പോക്കറ്റില്‍ കിടന്നിരുന്ന എസ്‌യുവി സെഗ്മെന്റിലേക്ക് കടുത്ത ആക്രമണമാണ് ഇരുവരും ചേര്‍ന്ന് അഴിച്ചുവിട്ടത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമദികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ കൂട്ടതില്‍ മുന്‍പന്തിയില്‍ത്തന്നെ ഇരിപ്പുറപ്പിക്കുന്നു ഇക്കോസ്‌പോര്‍ട്. ഇവിടെ മഹീന്ദ്ര എന്താണു വേണ്ടത്?
മഹീന്ദ്ര സ്വന്തം നിലയില്‍ ഒരു കോംപാക്ട് എസ്‌യുവി ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാഹനത്തിന് സാങ്കേതികതയുടെ കാര്യത്തിലും ഡിസൈനിലുമെല്ലാം അന്തര്‍ദ്ദേശീയ നിലവാരം പുലര്‍ത്തുന്ന ഇക്കോസ്‌പോര്‍ടിനോടും ഡസ്റ്ററിനോടുമെല്ലാം എത്രത്തോളം ഏറ്റുനില്‍ക്കാനാവും എന്നതൊരു ചോദ്യമാണ്. സംഗതിയുടെ കിടപ്പ് തിരിച്ചറിഞ്ഞ മഹീന്ദ്ര മറ്റൊരു വഴിക്ക് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണിപ്പോള്‍. തങ്ങളുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ്ങുമായി ചേര്‍ന്ന് ഒരു കോംപാക്ട് എസ്‌യുവി നിരത്തിലിറക്കുവാനാണ് മഹീന്ദ്രയുടെ പദ്ധതി.
എസ് 101
എസ് 101 എന്ന രഹസ്യപ്പേരില്‍ ഒരു കോംപാക്ട് എസ്‌യുവി ഇതിനകം തന്നെ മഹീന്ദ്ര തയ്യാറാക്കിയിട്ടുണ്ട്. ക്വണ്‍ടോ ചെറു എസ്‌യുവിയുടെ താഴെ വില കാണാനിടയുള്ള ഈ വാഹനം പക്ഷേ ഇക്കോസ്‌പോര്‍ടിനോട് എതിരിടാന്‍ മാത്രം സന്നാഹപ്പെട്ടതല്ല. ഇതാണ് സാങ്‌യോങ്ങുമായി ചേര്‍ന്നിട്ടുള്ള പുതിയ പദ്ധതിക്ക് കാരണമായത്.
എസ് 102
സാങ്‌യോങ്ങുമായിച്ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ ചെറു എസ്‌യുവിയുടെ പണികള്‍ 'എസ് 102' എന്ന രഹസ്യപ്പേരില്‍ നടക്കുന്നതായി അറിയുന്നു. സാങ്‌യോങ്ങിന്റെ അന്തര്‍ദ്ദേശീയ നിലവാരമുള്ള സാങ്കേതികതയും ഡിസൈന്‍ വൈദഗ്ദ്ധ്യവുമെല്ലാം ചേര്‍ന്ന് മികച്ചൊരു വാഹനമായി പുറത്തെത്തിയാല്‍ മഹീന്ദ്രയുടെ ശക്തമായ വില്‍പനാശൃംഘലകള്‍ വഴി അതിനെ വിജയിപ്പിച്ചെടുക്കാന്‍ വിഷമമുണ്ടാവില്ല.
സാങ്‌യോങ് എക്‌സ്100
സാങ്‌യോങ്ങിന്റെ എക്‌സ്100 ചെറു യൂട്ടിലിറ്റിയുടെ പ്ലാറ്റ്‌ഫോമിലാണ് മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട് എതിരാളി വിപണി പിടിക്കുക.
ലോഞ്ച്
സാങ്‌യോങ്-മഹീന്ദ്ര ചെറു യൂട്ടിലിറ്റി വിപണിയില്‍ ലോഞ്ച് ചെയ്യുക 2015 അവസാനത്തോടെയായിരിക്കും. കമ്പനിയുടെ നാസിക് പ്ലാന്റില്‍ വെച്ച് വാഹനങ്ങള്‍ നിര്‍മിക്കും.
പുതിയ എന്‍ജിന്‍
ഇക്കോസ്‌പോര്‍ടിന്റെ ഏറ്റവും വലിയ മേന്മയായ എന്‍ജിന്‍ പ്രകടനശേഷിയെ മറികടക്കുവാനുള്ള ശ്രമവും മഹീന്ദ്ര നടത്തുന്നുണ്ട്. 1 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഒരു എന്‍ജിന്‍ വികസിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ഇരുവരും ചേര്‍ന്ന്. ഉയര്‍ന്ന കരുത്തും ഇന്ധനക്ഷമതയും ഈ എന്‍ജിന്‍ പകരും.
ആറ് എന്‍ജിനുകള്‍
ഇതുസംബന്ധിച്ച് മഹീന്ദ്രയില്‍ നിന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. സാങ്‌യോങ്ങുമായി ചേര്‍ന്ന് ആറ് എന്‍ജിനുകള്‍ തങ്ങള്‍ വികസിപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു. ദക്ഷിണ കൊറിയയില്‍ വെച്ചായിരിക്കും എന്‍ജിന്‍ നിര്‍മാണം നടക്കുക.


Click it and Unblock the Notifications