ഖനിജ ഇന്ധനങ്ങളില്‍ അധികകാലം പ്രതീക്ഷയര്‍പ്പിക്കാനാവില്ലായെന്ന ഒരു പൊതുസമ്മതം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് കാര്‍ നിര്‍മാതാക്കള്‍ക്കിടയില്‍. വൈദ്യുതി കാറുകളിലേക്കായിരിക്കും ലോകം ഇനി നീങ്ങുക എന്നാണ് ആഗോളകാര്‍വിപണിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക. ഇതിനെല്ലാം ആവശ്യമായ വൈദ്യുതി എങ്ങനെയുണ്ടാക്കാം എന്ന ആശങ്കയ്ക്ക് പരിഹാരം കാണുന്ന തിരക്കിലാണ് പലരും.
കാറുകള്‍ സ്വയം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കാറുകള്‍ പ്രവര്‍ത്തിക്കണമെന്നതാണ് ഈയിടെയായി പുറത്തുവരുന്ന പല സങ്കല്‍പവാഹനങ്ങളുടെയും അടിസ്ഥാനസിദ്ധാന്തം. സൂര്യപ്രകാശത്തില്‍ നിന്നും ഹൈഡ്രജന്‍ സെല്ലുകളുപയോഗിച്ചുമെല്ലാം സ്വയം പ്രവര്‍ത്തിക്കുന്ന കാറുകള്‍ ആഗോള ഇന്ധനരാഷ്ട്രീയത്തില്‍ നിന്ന് വിടുതല്‍ നേടി റോഡുകളിലെ 'സ്വതന്ത്രരാഷ്ട്ര'ങ്ങളായി പരിണമിക്കുന്ന കാലത്തിലേക്കാണ് നമ്മുടെ സഞ്ചാരം.
ഇതിലേക്ക് ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ സംഭാവനയെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജനുവരി ആറിന് ലാസ് വെഗാസില്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹൈഡ്രജന്‍ സെല്ലുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സങ്കല്‍പവാഹനമാണ് ടൊയോട്ട മുന്നോട്ടുവെക്കുന്ന പുതിയ ബദല്‍.
ഡിസൈനില്‍ കൊറോളയോട് സമാനത പുലര്‍ത്തുന്ന ഈ കാര്‍ ഹൈഡ്രജന്‍ ഇന്ധന സെല്ലുകളുപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഹൈഡ്ഗജന്‍ ഇന്ധനസെല്ലുകള്‍ അന്തരീക്ഷത്തിലെ ഓക്‌സിജനുമായി പ്രവര്‍ത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ഈ പ്രവര്‍ത്തനത്തിന്റെ ഉപോല്‍പന്നം വെള്ളമാണ്. ഒട്ടും അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്നില്ല എന്നതാണ് ഗുണം.
ടൊയോട്ട ഫ്യുവല്‍ സെല്‍ കണ്‍സെപ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഈ സങ്കല്‍പവാഹനം സാധാരണ ഇലക്ട്രിക് കാറുകള്‍ സൃഷ്ടിക്കുന്ന അത്രപോലും മലിനീകരണം സൃഷ്ടിക്കുകയില്ല.
ഫുള്‍ ടാങ്ക് ഹൈഡ്രജനില്‍ 480 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. 10 സെക്കന്‍ഡു കൊണ്ട് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. മൂന്നു മുതല്‍ അഞ്ച് വരെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ടാങ്കില്‍ കംപ്രസ്സ്ഡ് ഹൈഡ്രജന്‍ നിറയ്ക്കാന്‍ സാധിക്കും.
അത്യാവശ്യ ഘട്ടങ്ങളില്‍ കാറിലെ വൈദ്യുതി വീടുകളിലെ ഉപയോഗത്തിനെടുക്കാനും സാധിക്കും. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഹൈഡ്രജന്‍ കാറുകള്‍ നിര്‍മിക്കുവാനുള്ള ഗവേഷണപരിപാടികള്‍ നടന്നുവരികയായിരുന്നു. ഇപ്പോഴാണ് ഉല്‍പാദന മോഡല്‍ എന്നുവിളിക്കാവുന്ന ഒരു സങ്കല്‍പം ഉരുത്തിരിഞ്ഞത്.
ഇക്കാലയളവിനിടയില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികത വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഉല്‍പാദനച്ചെലവില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടിപ്പോള്‍. ഇത് ടൊയോട്ടയുടെ ഹൈഡ്ഗജന്‍ കാറിന്റെ വിലയിലും പ്രതിഫലിക്കാതിരിക്കില്ല.
2015ല്‍ ഈ വാഹനം ഉല്‍പാദനത്തിനെത്തും. അമേരിക്കയില്‍ കാലിഫോര്‍ണിയ സംസ്ഥാനത്തായിരിക്കും വാഹനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വില്‍പന നടക്കുക. പിന്നീടിത് മറ്റു സംസ്ഥാനങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. ഹൈഡ്രജന്‍ നിറയ്ക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കമ്മിയാണ് ഈ വാഹനം നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നമെന്നു പറയാം. കാലിഫോര്‍ണിയയില്‍ ഈ വഴിക്കുള്ള ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്.


Click it and Unblock the Notifications