ഐഫോൺ ഉപയോക്താക്കളേക്കാൾ മികച്ച ഡ്രൈവർമാർ ആൻഡ്രോയിഡ് ഉപയോക്താക്കളെന്ന് പഠനം
സ്മാർട്ട്‌ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിട്ട് നാളിമ്മിണിയായി. സ്മാർട്ട്ഫോണുകളുടെ കാര്യം വരുമ്പോൾ ഇവിടെയും രണ്ട് എതിർചേരികളുണ്ടെന്നു വേണം പറയാൻ.

അതിൽ ആദ്യത്തേത് ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളും മറ്റൊന്ന് ആപ്പിൾ ഐഫോൺ ഉപയോക്താക്കളുമാണ്. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എങ്കിലും ജീവിതത്തിൽ ഒരു തവണയെങ്കിലും ഐഫോൺ ഒന്ന് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കം മാത്രമായിരിക്കും.

പണത്തിന്റെ കുറവു മൂലം മാത്രം ആൻഡ്രോയിഡിലേക്ക് ചുരുങ്ങുന്നവരാണ് അധികവും. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണിന്റെ തരം നിങ്ങളുടെ ഡ്രൈവിംഗിനെയോ ഡ്രൈവിംഗ് ശൈലിയെയോ സ്വാധീനിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
MOST READ: പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

എന്നാൽ ഇത് ശരിയാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഐഫോണുകളും ആൻഡ്രോയിഡ് ഫോണുകളും ഉപയോഗിക്കുന്നവരുടെ സ്വഭാവമാണ് പഠനം വെളിപ്പെടുത്തിയത്. ഐഫോൺ ഉപയോക്താക്കളേക്കാൾ മികച്ച ഡ്രൈവർമാരാണ് ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതെങ്ങനെയെന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച് ഐഫോൺ ഉപയോക്താക്കളെ അപേക്ഷിച്ച് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ മികച്ച ഡ്രൈവർമാരായി കണക്കാക്കുന്നത്. 13 ദശലക്ഷം കിലോമീറ്റർ ഡ്രൈവിങ്ങിനിടെ ശേഖരിച്ച 20,000 ഡ്രൈവർമാരുടെ ഡ്രൈവിംഗ് സ്വഭാവം വിശകലനം ചെയ്തതിന് ശേഷമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്.

ഐഫോൺ ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ എല്ലാ ടെസ്റ്റുകളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 20,000 ഡ്രൈവർമാരിൽ നിന്ന് 14 ദിവസത്തെ കാലയളവിൽ 13 ദശലക്ഷം കിലോമീറ്റർ ഡ്രൈവിംഗിൽ നിന്ന് ശേഖരിച്ച ഫലമാണിത്.

ഡാറ്റ മൊത്തത്തിലുള്ള ഡ്രൈവിംഗ് സ്‌കോറും ആക്സിലറേഷൻ, സ്പീഡ്, ബ്രേക്കിംഗ്, ടേണിംഗ്, ഡിസ്ട്രക്ഷൻ എന്നിവയ്‌ക്കായുള്ള സബ്-സ്‌കോറുകളും ഉൾപ്പെടുത്തി, സ്മാർട്ട്‌ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റവും വിവിധ ജനസംഖ്യാ സവിശേഷതകളും അനുസരിച്ച് ഫലങ്ങൾ ഗ്രൂപ്പുചെയ്‌തു.
MOST READ: 2022 TVS Apache RTR 160, RTR 180: പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസങ്ങൾ ഇങ്ങനെ

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരേക്കാൾ ഐഫോൺ ഉപയോക്താക്കൾ വാഹനമോടിക്കുമ്പോൾ തങ്ങളുടെ ഫോൺ ഡ്രൈവിഗിംനിടയിലും പരിശോധിക്കാൻ സാധ്യതയുണ്ടെന്നാണ് ഈ ഫലങ്ങളിൽ സൂചിപ്പിക്കുന്നത്. ഇത്തരം പഠനങ്ങളിൽ പ്രായം നിർണായക പങ്കുവഹിക്കുന്നുമുണ്ട്.

അതായത് ഐഫോൺ ഉപയോക്താക്കളിൽ ഭൂരിഭാഗവും ആൻഡ്രോയിഡ് ഉപയോക്താക്കളേക്കാൾ പ്രായം കുറഞ്ഞവരാണെന്നും സുരക്ഷിതമായ ഡ്രൈവിംഗിൽ ഇത് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഒരു വ്യക്തിക്ക് പ്രായമാകുമ്പോൾ ആ വ്യക്തി കൂടുതൽ ജാഗ്രതോടെയാവും എല്ലാം നോക്കികാണുകയെന്നും പഠനം പറയുന്നു.

ചെറുപ്പക്കാരായ ഡ്രൈവർമാർ കൂടുതലും സാഹസിക സ്വഭാവമുള്ളവരും പ്രായമായവരെപ്പോലെ ഭയപ്പെടാത്തവരുമാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. പഠനത്തിൽ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ ഐഫോൺ ഉപയോക്താക്കളേക്കാൾ കൂടുതൽ സത്യസന്ധരുമാണെന്നും പരാമർശമുണ്ട്.

ഐഫോൺ ഉപയോക്താക്കളെപ്പോലെ ആൻഡ്രോയിഡ് ഉപയോക്താക്കൾ ആഡംബരത്തിലേക്ക് ആകർഷിക്കപ്പെടുന്നില്ലെന്നും ഈ പഠനത്തിൽ വ്യക്തമായ മറ്റൊരു കൗതുകകരമായ സംഗതി കൂടിയാണ്. പഠനമനുസരിച്ച് ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ കൂടുതൽ മനഃസാക്ഷിയുള്ളവരും ഉയർന്ന തലത്തിലുള്ള സത്യസന്ധത പ്രകടിപ്പിക്കുന്നവരുമാണ്.

കൂടാതെ നിയമങ്ങൾ ലംഘിക്കാൻ ചെറിയ പ്രലോഭനങ്ങളൊന്നും അവരെ സ്വാധീനിക്കുകയുമില്ല. മറുവശത്ത് ഐഫോൺ ഉപയോഗിക്കുന്നവർ അവരുടെ പെരുമാറ്റത്തിൽ സ്ഥിരത കുറവും പ്രവചിക്കാൻ കഴിയുന്നവരുമായിരുന്നു. അവർ ഉയർന്ന വൈകാരികതയാണ് ഈ പഠനങ്ങളിൽ കാണിച്ചിരിക്കുന്നതും.

ഇന്ത്യയിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്ന കാര്യമാണ്. ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഇത് കുറ്റകരവുമാണ്. ഇരുചക്ര വാഹനങ്ങളിൽ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നതുപോലും അനുവദനീയമല്ല.

ഇരുചക്ര വാഹന ഉപയോക്താക്കൾക്ക് സംഗീതം കേൾക്കുന്നതിനോ കോളുകൾ അറ്റൻഡ് ചെയ്യുന്നതിനോ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നുവെന്നതും പ്രത്യേകം ഓർമിക്കേണം.

മറുവശത്ത് കാർ ഡ്രൈവ് ചെയ്യുമ്പോൾ കാറിനുള്ളിൽ സംഗീതം കേൾക്കാൻ വരെ കഴിയും. എന്നാൽ ഇത് മറ്റ് റോഡ് ഉപയോക്താക്കൾക്ക് ഒരു ശല്യവും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമാവണമെന്നു മാത്രമാണ് നിയമം അനുശാസിക്കുന്നത്.

എന്നാൽ നാവിഗേഷനായി കാറിലായാലും ഇരുചക്രവാഹനത്തിലായാവും ഉപയോക്താക്കൾക്ക് മൊബൈൽ ഫോണുകൾ ഉപയോഗിക്കാം. അല്ലാതെ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗം കുറ്റകരമാണ്. ഫോൺ ഉപയോഗിക്കുമ്പോൾ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തെറ്റി അപകടത്തിൽപ്പെടുന്ന നിരവധി സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








