എതിരാളി KTM 390 Duke, ചെറിയ മാറ്റങ്ങളുമായി 2022 മോഡൽ BMW G 310 R ഇന്ത്യയിൽ; വിലയും കൂടി
തങ്ങളുടെ എൻട്രി ലെവൽ ഓഫറുകളായ G 310 R, G 310 GS മോഡലുകളെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാനൊരുങ്ങുകയായിരുന്നു ബവേറിയൻ പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്.

അതിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ G 310 R നേക്കഡ് സ്‌ട്രീറ്റ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. നിലവിലുണ്ടായിരുന്ന ബൈക്കിലേക്ക് ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഒറ്റവാക്കിൽ പറയാം. 2022 മോഡൽ G 310 R പതിപ്പിന് ഇന്ത്യയിൽ 2.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. അതായത് പുതിയ പരിഷ്ക്കാരങ്ങളോടെ മുൻഗാമിയേക്കൾ 5,000 രൂപ അധികം മുടക്കേണ്ടി വരുമെന്ന് സാരം.

അപ്‌ഡേറ്റ് ചെയ്‌ത ഡീക്കലുകളുള്ള മൂന്ന് പുതിയ കളർ ഓപ്‌ഷനുകളാണ് ബൈക്കിൽ ഇടംപിടിച്ചിരിക്കുന്നത്. 2022 G 310 R ഇപ്പോൾ റേസിംഗ് ബ്ലൂ, റേസിംഗ് റെഡ്, കോസ്മിക് ബ്ലാക്ക് 2 നിറങ്ങൾക്കൊപ്പം പോളാർ വൈറ്റിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

സയനൈറ്റ് ബ്ലൂ മെറ്റാലിക്, ലൈംസ്റ്റോൺ മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വിപണിയിൽ എത്തിയിരുന്ന നേക്കഡ് സ്ട്രീറ്റ് G 310 R ഇനി ഈ കളർ ഓപ്ഷനുകളിൽ ലഭ്യമാവില്ലെന്ന വിവരവും ബിഎംഡബ്ല്യു അറിയിച്ചിട്ടുണ്ട്.

പുതിയ കളർ ഓപ്ഷനിലേക്ക് നോക്കിയാൽ റെഡ് കളറിൽ പൂർത്തിയാക്കിയ ട്രെല്ലിസ് ഫ്രെയിം, കൂടുതലും റെഡ് ഫ്യുവൽ ടാങ്ക്, റെഡ് ഫ്രണ്ട് മഡ്ഗാർഡ്, റെഡ് അലോയ് വീൽ എന്നിവ ലഭിക്കുന്നു. ഹെഡ്‌ലൈറ്റ് കൗളിലും ഫ്യുവൽ ടാങ്കിലെ 'R' അക്ഷരങ്ങളിൽ ബിഎംഡബ്ല്യു വെറ്റ് ടച്ചും കാണാം.
MOST READ: പണിയുണ്ടേലും ഗുണമുണ്ട്, മാനുവൽ കാറുകൾ ഇപ്പോഴും പ്രിയങ്കരമായിരിക്കാനുള്ള കാരണങ്ങൾ

പുതിയ നിറത്തിലെത്തുന്ന G 310 R മോഡലിന് കറുപ്പിൽ പൂർത്തിയാക്കിയ എഞ്ചിൻ ബേ, എഞ്ചിൻ ഗാർഡ് എന്നിവയും ലഭിക്കുന്നുണ്ട്. കൂടാതെ സ്റ്റാൻഡേർഡ് ബിഎംഡബ്ല്യു ഗോൾഡൻ ഫ്രണ്ട് ഫോർക്കുകളും ഇതിന്റെ പ്രത്യേകതയാണ്.കാഴ്ച്ചയിൽ പുതുമ കൊണ്ടുവന്നത് മാറ്റിനിർത്തിയാൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ ബ്രാൻഡ് മോട്ടോർസൈക്കിളിന് സമ്മാനിച്ചിട്ടില്ല.

മോട്ടോർസൈക്കിളിന് 313 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് തുടിപ്പേകാൻ എത്തുന്നത്. ഇത് പരമാവധി 33.5 bhp കരുത്തിൽ 28 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ചോടുകൂടിയ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
MOST READ: നെക്സോൺ ഇവിയുടെ ബാറ്ററി മാറാൻ ചെലവായത് 7 ലക്ഷം രൂപ, സൗജന്യമായി മാറ്റി നൽകി ടാറ്റ

17 ഇഞ്ച് അലോയ് വീലുകളാണ് 2022 മോഡൽ ബിഎംഡബ്ല്യു G 310 R നേക്കഡ് ബൈക്കിൽ ഇടംപിടിച്ചിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് കമ്പനി നൽകിയിരിക്കുന്നത്.

ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഒരൊറ്റ ഡിസ്കാണ് ബവേറിയൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. റൈഡറിന്റെ കൂടുതൽ സുരക്ഷക്കായി ബ്രേക്കിംഗ് സജ്ജീകരണത്തെ സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസുമായാണ് ബ്രാൻഡ് കോർത്തിണക്കിയിരിക്കുന്നത്.

സ്‌റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം സ്ക്വാറ്റിംഗ് സ്റ്റാൻസ്, ലോ-സ്ലംഗ് ഹെഡ്‌ലാമ്പ്, മസ്കുലർ ഫ്യൂവൽ ടാങ്ക് സെക്ഷൻ, ചെറിയ ടെയിൽ ഭാഗം എന്നിവയ്‌ക്കൊപ്പം ബിഗ്-ഡാഡി എസ് 1000 R സൂപ്പർ നേക്കഡ് ബൈക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ വശങ്ങളും കാണാനാവും.

റെഡ്, വൈറ്റ് കളർ ഓപ്ഷനുകൾക്ക് റെഡ് നിറമുള്ള ഫ്രെയിമും അലോയ് വീലുകൾക്ക് ലഭിക്കുന്നുണ്ട്. അത് അവയെ 2022 മോഡൽ ബിഎംഡബ്ല്യു G 310 R മോട്ടോർസൈക്കിളിനെ ആകർഷകമാക്കുന്നുണ്ട്. ഒരു പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ക്രമീകരിക്കാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മോട്ടോർസൈക്കിളിലെ മറ്റ് ഫീച്ചറുകൾ.

ഇന്ത്യയിൽ KTM 390 ഡ്യൂക്കിനെതിരെയാണ് ബിഎംഡബ്ല്യു G 310 R മത്സരിക്കുന്നത്. ടിവിഎസ് അപ്പാച്ചെ RR310 അടിസ്ഥാനമാക്കിയുള്ള G 310 RR സ്‌പോർട്ട് ബൈക്കും ഇന്ത്യയിൽ കമ്പനി ഇന്ന് അവതരിപ്പിക്കും. ഇന്ത്യയിലേക്ക് നോക്കിയാൽ G310 ഇരട്ടകളിലൂടെ പ്രശസ്‌തിയാർജിച്ച ബവേറിയൻ ബ്രാൻഡ് ബജറ്റ് എൻട്രി ലെവൽ മോട്ടോർസൈക്കിൾ നിരയിലെ പ്രമുഖരാണ്.

ടിവിഎസ് മോട്ടോർസൈക്കിൾസുമായി സഹകരിച്ചാണ് ബിഎംഡബ്ല്യു 310 മോഡലുകളെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2022 മോഡൽ G 310 R എത്തുന്നതിനു പുറമെ സമാനമായ മാറ്റവുമായി G 310 GS അഡ്വഞ്ചർ ടൂറർ വേരിയന്റും ഉടൻ നിരത്തിലേക്ക് എത്തും.


Click it and Unblock the Notifications








