അങ്ങനെയെങ്കിൽ എതിരാളികൾ വിയർക്കും, Xpulse 400 അഡ്വഞ്ചറിന് തുടിപ്പേകാൻ എത്തുന്നത് 421 സിസി എഞ്ചിനെന്ന് Hero
എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ എന്ന സ്വപ്നം പൂവണിയിച്ചത് ഇംപൾസിലൂടെ ഹീറോ മോട്ടോകോർപ്പായിരുന്നു. എന്നാൽ ഈ ആശയത്തെ വേറെ തലത്തിലേക്ക് ഉയർത്തിയത് റോയൽ എൻഫീൽഡ് ഹിമാലയനാണെന്നു വേണം പറയാൻ.

വെറും ഓഫ്-റോഡ് ഉപയോഗമല്ല, റോഡിലും ടൂറിംഗിലും മികവ് പുലർത്തിയതാണ് ഹിമാലയൻ ഹിറ്റാവാൻ കാരണമായത്. എന്നാൽ ഇംപൾസ് കാര്യമായ വിജയം കാണാതെ മടങ്ങിയെങ്കിലും എക്‌സ്‌പൾസിനെ പുറത്തിറക്കി എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണി ഹീറോ കൈക്കലാക്കി.

ബൈക്ക് പ്രേമികളെ ഓഫ് റോഡിലേക്ക് പോവാൻ പ്രേരിപ്പിച്ചതും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന എക്‌സ്‌പൾസിലൂടെയായിരുന്നു. കുറഞ്ഞ ഭാരവും അതിനൊത്ത അഴകും സിറ്റി ഡ്രൈവുകളിലെ മേൻമയും മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ വമ്പൻ ഹിറ്റാക്കി. ഇക്കാരത്താൽ തന്നെ എക്‌സ്‌പൾസ് ശ്രേണി വിപുലീകരിക്കാൻ തയാറെടുക്കുകയാണ് കമ്പനി.

ഹീറോ മോട്ടോകോർപിന്റെ രണ്ട് മുൻനിര മോട്ടോർസൈക്കിളുകളാണ് നിരത്തുകളിൽ ഇപ്പോൾ പരീക്ഷണയോട്ടം നടത്തിവരുന്നത്. അതിൽ ഒന്ന് നിലവിലുള്ള എക്‌സ്‌പൾസ് 200 4V പതിപ്പിന് മുകളിൽ സ്ഥാപിക്കാനിരിക്കുന്ന ഒരു അഡ്വഞ്ച ടൂററും മറ്റൊന്ന് ഫുൾ ഫെയർഡ് സൂപ്പർസ്‌പോർട്ട് ബൈക്കുമാണ്.

രണ്ട് മോട്ടോർസൈക്കിളുകളുടെയും കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 300 സിസി എഞ്ചിൻ ക്യൂബിക് കപ്പാസിറ്റിയിൽ നിന്ന് വ്യത്യസ്തമായി ഇത് എക്‌സ്‌പൾസ് 400 എന്ന പേരിലായിരിക്കും അറിയപ്പെടുക. 421 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനിൽ നിന്നാണ് ഡ്യുവൽ പർപ്പസ് മോഡൽ പവർ കൈവരിക്കുക.

ഇതിന് ഡബിൾ ഓവർഹെഡ് ക്യാം സജ്ജീകരണവും ലിക്വിഡ് കൂളിംഗും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അതോടൊപ്പം തന്നെ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം എഞ്ചിനിൽ ഉണ്ടാവുമെന്നുമാണ് പുറത്തുവരുന്ന സൂചന.

ഒരു പുതിയ ഷാസിയിൽ നിർമിക്കുന്ന ഹീറോയുടെ പുതിയ പ്രീമിയം അഡ്വഞ്ചർ ബൈക്കിന് കെടിഎം 390 അഡ്വഞ്ചറിനെ വെല്ലുവിളിക്കുന്ന പെർഫോമൻസ് ഉണ്ടായിരിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ബൈക്കിലെ 421 സിസി എഞ്ചിൻ ഏകദേശം 40 bhp കരുത്തിൽ 35 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് വിവരം.

പുതിയ എഞ്ചിനെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാസി ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിമായിരിക്കാണ് സാധ്യത. നിലവിൽ, ഹീറോയുടെ പ്രൊഡക്‌ട് ഡെവലെപ്മെന്റ് ടീം എക്‌സ്പൾസ് 400 ന്റെ ടെസ്റ്റ് പ്രോട്ടോടൈപ്പുകളിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന ഘട്ടത്തിലാണ്.

അടുത്ത വർഷം തുടക്കത്തിൽ, അതായത് 2023-ൽ പുതിയ പ്രീമിയം അഡ്വഞ്ചർ ടൂറർ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ മുൻനിര ഉൽപ്പന്നമായാവും എക്‌സ്പൾസ് 400 സ്ഥാനംപിടിക്കുക.
MOST READ: വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

എക്സ്പൾസ് 200, എക്‌സ്‌പൾസ് 200 4V എന്നിവയുടെ വിജയത്തിനും എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കിനോടുള്ള ശക്തമായ വിപണി പ്രതികരണം പുതിയ 400 സിസി മോഡലിലും പ്രതിഫലിക്കുമെന്നാണ് ഹീറോയുടെ വിശ്വാസം.

പരീക്ഷണഘട്ടങ്ങൾ ഉടൻ പൂർത്തിയാക്കുമെങ്കിലും ബൈക്ക് ഉടൻ നിർമാണത്തിലേക്ക് കടക്കിലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. അതിനാൽ പ്രൊഡക്ഷൻ മോഡൽ കാണാൻ കുറച്ച് കാത്തിരിക്കേണ്ടി വരും. എക്‌സ്‌പൾസ് 400 നിർമാണത്തിന് തയ്യാറാകുന്നതിന് മുമ്പ്,ഹീറോ ആദ്യം അതിന്റെ പുതിയ 300 സിസി എൻട്രി ലെവൽ സ്‌പോർട്‌സ് ബൈക്ക് പുറത്തിറക്കും.

ഇത് കെടിഎം RC 200, ടിവിഎസ് അപ്പാച്ചെ RR 310 എന്നിവയെ നേരിടാനാണ് എത്തുക. ഡിസൈനിലേക്ക് നോക്കിയാൽ വിന്‍ഡ്സ്‌ക്രീന്‍, ഫ്രണ്ട് ബീക്ക് തുടങ്ങിയ അഡ്വഞ്ചര്‍ ഘടകങ്ങള്‍ക്കൊപ്പം ഒരു തനത് ലുക്ക് നല്‍കുന്ന നേക്കഡ്, സെമി-ഫെയറിംഗ് സ്‌റ്റൈലിംഗ് ബൈക്കിന് ലഭിക്കുമൊണ് പരീക്ഷണ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഓള്‍ എല്‍ഇഡി ലൈറ്റുകള്‍ പോലെയുള്ള ഫീച്ചറുകൾ ഈ പുതിയ ബൈക്കില്‍ നല്‍കിയേക്കാം. കൂടാതെ ഡ്യുവല്‍-ചാനല്‍ എബിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സ്റ്റാര്‍ട്ട്, വയര്‍-സ്പോക്ക്ഡ് വീലുകള്‍, മൊബൈല്‍ കണക്റ്റിവിറ്റി എന്നിവയടക്കമുള്ള സവിശേഷതകളും ഹീറോ രണ്ട് മോട്ടോർസൈക്കിളുകളിലും വാഗ്‌ദാനം ചെയ്യും.

എന്തായാലും കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലും കരിസ്‌മ പോലുള്ള സ്പോർട്‌സ് ബൈക്കിലുമെല്ലാം വൈദഗ്ധ്യം തെളിയിച്ച ഹീറോ തങ്ങളുടെ പുത്തൻ പ്രീമിയം ബൈക്കുകളെയും ഏറെ ആകാംക്ഷയോടെയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ബ്രാൻഡിലുള്ള വിശ്വാസീയതയും റിഫൈൻമെന്റും എല്ലാം കണക്കിലെടുത്താൽ പുതിയ അഡ്വഞ്ചർ, സ്പോർട്‌സ് മോഡലുകൾ വിപണിയിൽ വിപ്ലവം തീർത്തേക്കും.


Click it and Unblock the Notifications








