ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്ക് ടെസ്റ്റ് ഡ്രൈവ് റിവ്യൂ

By Santheep

ഉപഭോക്താവിനെ സംബന്ധിച്ച് ടാറ്റ കാര്‍ വാങ്ങുക എന്നത് എപ്പോഴും ഒരു പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്ന ഒന്നാണ്. ഫിറ്റ് ആന്‍ഡ് ഫിനിഷ് മുതല്‍ എന്‍ജിന്‍ സാങ്കേതികത വരെ ചെല്ലുന്ന നിരവധി കാര്യങ്ങളില്‍ ടാറ്റയെ സംശയത്തിന്റെ നിഴലില്‍ നിറുത്താനുള്ള പ്രവണത പൊതുവിലുണ്ട്. ഈ പ്രശ്‌നം ശരിയായ ദിശയില്‍ തിരിച്ചറിഞ്ഞതോടെയാണ് കമ്പനി ചില തീരുമാനങ്ങളെടുത്തത്. ഡിസൈന്‍ മുതല്‍ സാങ്കേതികകാര്യങ്ങളില്‍ വരെ ഉള്‍പന്നഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ടാറ്റ നടത്തിയ നീക്കങ്ങളുടെ ഫലശ്രുതിയാണ് സെസ്റ്റ് സെഡാനും ബോള്‍ട്ട് ഹാച്ച്ബാക്കും.

സെസ്റ്റ് സെഡാന്‍ ഇതിനകം തന്നെ വിപണിയിലെത്തിക്കഴിഞ്ഞു. ബോള്‍ട്ട് ഹാച്ച്ബാക്ക് ഈ വര്‍ഷം ഒടുവില്‍ ലോഞ്ച് ചെയ്യാനാണ് ടാറ്റ തീരുമാനിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും പുതിയ ഹാച്ച്ബാക്ക് ഉത്തരം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുകയുണ്ടായി.

പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന, മൈലേജ്, സ്‌പേസ് തുടങ്ങിയ കാര്യങ്ങളില്‍ കടുംപിടിത്തം തന്നെയുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ബോള്‍ട്ട് ഹാച്ച്ബാക്കിന് ശേഷിയുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇവിടെ. ടെസ്റ്റ് ഡ്രൈവ് തുടര്‍ന്നുവായിക്കാന്‍ താളുകളിലേക്കു നീങ്ങുക.

ടാറ്റ ബോള്‍ട്ടിന്റെ നട്ടും ബോള്‍ട്ടും അഴിച്ചെടുക്കുന്നു

ടെസ്റ്റ് ചെയ്ത മോഡല്‍: ടാറ്റ ബോള്‍ട്ട് [എക്‌സ്ടി, ടോപ് എന്‍ഡ് വേരിയന്റ്]

ഇന്ധനം: പെട്രോള്‍

റോഡ് ടെസ്റ്റ് ലൊക്കേഷന്‍: ഉദയ്പൂര്‍

പ്രതീക്ഷിക്കുന്ന വില: 4.2 ലക്ഷം

പ്രധാന സവിശേഷതകളും ഫീച്ചറുകളും

പ്രധാന സവിശേഷതകളും ഫീച്ചറുകളും

എന്‍ജിന്‍

  • റിവോട്രോണ്‍ 1.2ടി, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എംപിഎഫ്‌ഐ
  • ട്രാന്‍സ്മിഷന്‍: 5 സ്പീഡ് മാന്വല്‍
  • എന്‍ജിന്‍ ശേഷി: 1193 സിസി
  • പരമാവധി കരുത്ത്: 5000ആര്‍പിഎമ്മില്‍ 88.8 കുതിരശക്തി
  • പരമാവധി ചക്രവീര്യം: 1500-4000 ആര്‍പിഎമ്മില്‍ 140 എന്‍എം
  • ഡ്രൈവര്‍ട്രെയ്ന്‍: ഫ്രണ്ട് വീല്‍ ഡ്രൈവ്
  • സുരക്ഷ

    • എയര്‍ബാഗ്: ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍
    • റിമോട്ടോടു കൂടിയ സെന്‍ട്രല്‍ ലോക്കിങ്
    • വേഗത തിരിച്ചറിഞ്ഞ് സ്വയം അടയുന്ന ഡോര്‍
    • സ്‌റ്റൈലിങ്

      സ്‌റ്റൈലിങ്

      ടാറ്റയുടെ നിലവിലുള്ള മോഡലുകളില്‍ നിന്ന് വലിയ അളവില്‍ മാറിനില്‍ക്കുന്ന ഡിസൈനാണ് ബോള്‍ട്ടിനുള്ളത്. വലിപ്പമേറിയ എയര്‍ ഇന്‍ടേക്ക്, ഹണികോമ്പ് ഗ്രില്ലുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന് ഒരല്‍പം ബോള്‍ഡ് ലുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ബോണറ്റിനോടും ബംപറിനോടും എത്രയും ചേര്‍ന്നുനിന്ന് വാഹനത്തിന്റെ റോഡ് സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ ബോള്‍ട്ടിന്റെ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ വലിയ സംഭാവന നല്‍കുന്നു. വിസ്ത ഹാച്ച്ബാക്കിന്റെ പിന്‍ഗാമിയെന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നതെങ്കിലും ഒരു കാരണവശാലും ഡിസൈന്‍ സൗന്ദര്യത്തെ പ്രസ്തുത വാഹനവുമായി താരതമ്യം ചെയ്തുകൂടാ. ഇ്ത്യന്‍ വിപണിയിലെ നിലവിലെ ട്രെന്‍ഡുമായി വലിയ അളവില്‍ ചാര്‍ച്ച പുലര്‍ത്തുന്നു ഈ വാഹനം.

      സ്റ്റൈലിങ്

      സ്റ്റൈലിങ്

      വശങ്ങളില്‍ നിന്നുള്ള കാഴ്ചയിലും ബോള്‍ട്ട് ഡിസൈന്‍ മികവ് പുലര്‍ത്തുന്നതായി കാണാം. ഷോള്‍ഡര്‍ ലൈനും ഡോര്‍ ലൈനും ബോള്‍ട്ടിന്റെ ശരീരത്തിന് മൗലികമായ ഒരു സൗന്ദര്യം പകരുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. റൂഫിനു പിന്നിലെ സ്‌പോയ്‌ലര്‍ വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്. ബോള്‍ട്ടിന്റെ എയ്‌റോഡൈനമിക്‌സ് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു.

      സ്റ്റൈലിങ്

      സ്റ്റൈലിങ്

      ബോള്‍ട്ടിനുള്ള സ്‌പോര്‍ടി ശരീരശൈലിയെ കൂടുതല്‍ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് പിന്‍വശത്തെ ഡിസൈന്‍. നമ്പര്‍ പ്ലേറ്റിനു മുകളില്‍ ക്രോമിയം സാന്നിധ്യമുണ്ട്. ഈ ഡിസൈന്‍ പൂര്‍ണമായും ഇന്ത്യനല്ലെന്ന് പറയേണ്ടതുണ്ട്. യുകെ, ഇറ്റലി, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസൈനര്‍മാരും എന്‍ജിനീയര്‍മാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാണ് ബോള്‍ട്ടിന് അന്തിമരൂപം നല്‍കിയത്.

      3825 മില്ലിമീറ്റര്‍ നീളവും 1695 മില്ലിമീറ്റര്‍ വീതിയും 1562 മില്ലിമീറ്റര്‍ ഉയരവുമുണ്ട് ബോള്‍ട്ടിന്. എതിരാളിയായ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ നീളം 3850 മില്ലിമീറ്ററാണ്. 1695 മില്ലിമീറ്ററാണ് സ്വിഫ്റ്റിന്റെ വീതി. ഉയരം 1530 മില്ലിമീറ്റര്‍.

      ഇന്റീരിയര്‍

      ഇന്റീരിയര്‍

      ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് ബോള്‍ട്ടിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിട്ടുള്ളത്. നിലവില്‍ സെഗ്മെന്റിലുള്ള ഏതൊരു വാഹനത്തെക്കാളും ഇക്കാര്യത്തില്‍ മുമ്പില്‍ എന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. എങ്കിലും, സീറ്റ് അടക്കമുള്ളവ ഒരല്‍പം കൂടി സോഫ്റ്റാക്കാമായിരുന്നു എന്നൊരഭിപ്രായം കൂടിയുണ്ട്. മൊത്തത്തില്‍ വാഹനത്തിനകം വളരെ ലളിതമായി ക്രമീകരിച്ചിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. ഇന്‍ഫോടെയ്ന്‍മെന്റ് സന്നാഹങ്ങളും മറ്റു സവിശേഷതകളുമെല്ലാം കൈയെത്തുന്ന വിധത്തില്‍ തന്നെ ക്രമീകരിച്ചിരിക്കുന്നു.

      കോക്പിറ്റ്

      കോക്പിറ്റ്

      ഡ്രൈവര്‍ സീറ്റിന്റെ പൊസിഷന്‍ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തില്‍ വളരെ മികവ് പുലര്‍ത്തുന്നുണ്ട് ബോള്‍ട്ട്. സ്റ്റീയറിങ് വീല്‍ കോളം സൗകര്യപ്രദമായ നിലയിലേക്ക് ക്രമീകരിക്കാന്‍ കഴിയും. സീറ്റുയരം, ബാക്ക് റെസ്റ്റ് തുടങ്ങിയവയുടെ ക്രമീകരണത്തിലൂടെ അനുയോജ്യമായ ഡ്രൈവിങ് പൊസിഷന്‍ കണ്ടെത്താന്‍ സാധിക്കും.

      പിന്‍ കാബിന്‍

      പിന്‍ കാബിന്‍

      ഇന്റീരിയര്‍ സ്‌പേസ് നല്‍കുന്നതില്‍ ടാറ്റ തികച്ചും ഒരു ഭാരതീയനാണ്. ബോള്‍ട്ടിന്റെ കാര്യത്തിലും സംഗതി വ്യത്യസ്തമല്ല. പിന്നിലെ ലെഗ് റൂം മികച്ചതാണ്. മൂന്ന് മുതിര്‍ന്നവര്‍ക്ക് സുഖമായി ഇരുന്നു സഞ്ചരിക്കാനുള്ള സ്‌പേസ് പിന്‍സീറ്റിലുണ്ട്.

      മൂന്നു യാത്രികര്‍ക്ക് സീറ്റ് ബെല്‍റ്റ് നല്‍കിയിട്ടുണ്ട് പിന്നില്‍. 3 പോയിന്റ് ക്രമീകരണം സാധ്യമാണ് ഇവയില്‍. മധ്യത്തില്‍ ലാപ് ബെല്‍റ്റും നല്‍കിയിരിക്കുന്നു. പിന്നിലെ ഹെഡ്‌റെസ്റ്റുകള്‍ ക്രമീകരിക്കാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്.

      ബൂട്ട് സ്‌പേസ്

      ബൂട്ട് സ്‌പേസ്

      യാത്രികര്‍ക്കുള്ള ഇടം കൂടുതല്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ടാറ്റ എന്‍ജിനീയര്‍മാര്‍ ബോള്‍ട്ടിനെ ക്രമീകരിച്ചിട്ടുള്ളത്. ഇത് ബൂട്ട് സ്‌പേസില്‍ ചെറിയ വിട്ടുവീഴ്ചയ്ക്ക് കാരണമായിട്ടുണ്ട്. പിന്‍സീറ്റുകള്‍ മടക്കിവെച്ച് ബൂട്ട് സ്‌പേസ് വര്‍ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ, സീറ്റുകള്‍ പൂര്‍ണമായി മടക്കിവെക്കാന്‍ കഴിയാത്ത പ്രശ്‌നവുമുണ്ട്. ടാറ്റ ബോള്‍ട്ടിന്റെ ബൂട്ട് സ്‌പേസ് 210 ലിറ്ററാണ്. ഇത് പ്രധാന എതിരാളിയായ മാരുതി സ്വിഫ്റ്റിനെക്കാള്‍ അധികമാണെന്നു കാണാം. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10നാണ് സെഗ്മെന്റില്‍ ഏറ്റവും ഉയര്‍ന്ന ബൂട്ട് സ്‌പേസുള്ളത്. 256 ലിറ്റര്‍.

      എന്‍ജിനും ഗിയര്‍ബോക്‌സും പിന്നെ നരെയ്ന്‍ കാര്‍ത്തികേയനും!

      എന്‍ജിനും ഗിയര്‍ബോക്‌സും പിന്നെ നരെയ്ന്‍ കാര്‍ത്തികേയനും!

      ടാറ്റയുടെ റിവോട്രോണ്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനമാണ് ഞങ്ങള്‍ക്ക് ടെസ്റ്റ് ചെയ്യാന്‍ ലഭിച്ചത്. 88.8 കുതിരശക്തി പകരുന്നുണ്ട് ഈ എന്‍ജിന്‍. 1.2 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ് വാഹനത്തിലുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു എന്‍ജിനോട്.

      ഈ എന്‍ജിന്റെ നിര്‍മാണത്തില്‍ ഇന്ത്യയുടെ ആദ്യത്തെ ഫോര്‍മുല വണ്‍ റേസിങ് ഡ്രൈവറായ നരെയ്ന്‍ കാര്‍ത്തികേയനും പങ്കാളിയായിട്ടുണ്ട് എന്നറിയുക. 1193 സിസി ശേഷിയുള്ള പെട്രോള്‍ 4 സിലിണ്ടര്‍ എന്‍ജിനാണിത്. ഇതോടൊപ്പം ഒരു ടര്‍ബോചാര്‍ജറും ഘടിപ്പിച്ചിരിക്കുന്നു. 1248 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചും ബോള്‍ട്ട് വിപണിയില്‍ ലഭിക്കും.

      ഡ്രൈവിങ്

      ഡ്രൈവിങ്

      ഡ്രൈവിങ് സുഖവും പ്രായോഗികതയും കൂട്ടിയിണക്കാന്‍ ടാറ്റ എന്‍ജിനീയര്‍മാര്‍ നടത്തിയ വിജയകരമായ ശ്രമമാണ് ടാറ്റ ബോള്‍ട്ട് എന്നു പറയാം. ഇടുങ്ങിയ വഴികളിലും ഹൈവേകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട് ഈ വാഹനം. കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, മള്‍ടി ഡ്രൈവ് സിസ്റ്റം, ഇലക്ട്രോണിക് പവര്‍ സ്റ്റീയറിങ് എന്നിവയെല്ലാം ഡ്രൈവിങ് സുഖം വര്‍ധിപ്പിക്കാന്‍ കാര്യമായി ഇടപെടുന്നു. എ പില്ലാറിന്റെ വലിപ്പം കാഴ്ചയെ മറയ്ക്കുന്ന വിധത്തിലാണെന്നത് ഒരല്‍പം പ്രയാസമുണ്ടാക്കുന്നു. ഫസ്റ്റ്, സെക്കന്‍ഡ് ഗിയര്‍ ഷിഫ്റ്റിങ് കുറച്ച് ഹാര്‍ഡാണ്.

      ഡ്രൈവിങ്

      ഡ്രൈവിങ്

      ബോള്‍ട്ടിലെ മള്‍ടി ഡ്രൈവ് സിസ്റ്റം ഡ്രൈവര്‍ക്കിണങ്ങിയ ഡ്രൈവിങ് മോഡുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം നല്‍കുന്നുണ്ട്. സിറ്റി, ഇക്കോ, സ്‌പോര്‍ട് എന്നിങ്ങനെയാണ് ഡ്രൈവിങ് മോഡുകള്‍.

      ഡ്രൈവിങ് മോഡുകളുടെ പ്രവര്‍ത്തനം

      • ഇക്കോ മോഡ്: ഇന്ധനം കുറച്ചുമാത്രം ഉപയോഗിക്കുന്നു ഈ മോഡില്‍.
      • സ്‌പോര്‍ട് മോഡ്: എന്‍ജിന്റെ പ്രതികരണശേഷി കൂട്ടുന്നു. വളരെ വേഗത്തില്‍ ആക്‌സിലറേഷന്‍ കൈവരിക്കാന്‍ സാധിക്കും ഈ മോഡില്‍.
      • സിറ്റി മോഡ്: ഇത് ഇക്കോ മോഡിനും സ്‌പോര്‍ടി മോഡിനും ഇടയില്‍ സംതുലനം പാലിക്കുന്നു. ഒരു മോഡും തെരഞ്ഞെടുത്തില്ലെങ്കില്‍ സിറ്റി മോഡിലാണ് കാര്‍ ഓടുക.
      • പ്രകടനം

        പ്രകടനം

        എന്‍ജിന്‍ ഐഡിലിലായിരിക്കുമ്പോള്‍ ക്ലച്ച് പെഡലില്‍ നിന്ന് കാല്‍ പതിയെ എടുത്താല്‍ എന്‍ജിന്‍ ആര്‍പിഎം ഒരല്‍പം ഉയരുന്നതായി കാണാം. ഇത് പെട്രോള്‍ കാറുകളില്‍ അധികം കാണാത്ത ഒന്നാണ്. ഇന്ത്യയിലെ മുട്ടിയുരുമ്മി നീങ്ങുന്ന ട്രാഫിക്കിനെ മുന്നില്‍ക്കണ്ട് ടാറ്റ എന്‍ജിനീയര്‍മാര്‍ ചെയ്ത ഈ പണി വളരെ ഉപകാരപ്രദമാണ്. സാധാരണ പെട്രോള്‍ എന്‍ജിന്‍ കാറുകളില്‍ ട്രാഫിക്കിലെ ചെറിയ നീക്കങ്ങള്‍ക്കുവേണ്ടി ചെറുതായി ആക്‌സിലറേറ്ററില്‍ കാലമര്‍ത്തേണ്ടി വരാറുണ്ട്. എന്നാല്‍, ബോള്‍ട്ട് ഹാച്ച്ബാക്കില്‍ ക്ലച്ച് ഡിസ്എന്‍ഗേജ് ചെയ്താല്‍ മാത്രം മതിയാകും എന്ന് ചുരുക്കം.

        ഇന്ധനക്ഷമത

        ഇന്ധനക്ഷമത

        ഉദയ്പൂര്‍-മൗണ്ട് അബു ഹൈവേയിലെ ടെസ്റ്റ് ഡ്രൈവില്‍ ഞങ്ങള്‍ക്കു ലഭിച്ച മൈലേജ് ലിറ്ററിന് 10.7 കിലോമീറ്റര്‍ ആണ്. മണിക്കൂറില്‍ 100-140 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഓടിയിരുന്നത്. സാധാരണ റോഡുകളില്‍, കുറെക്കൂടി ശ്രദ്ധിച്ച് ഓടിക്കുമ്പോള്‍ വാഹനം 13 കിലോമീറ്ററിലധികം മൈലേജ് നല്‍കേണ്ടതാണ്.

        44 ലിറ്ററാണ് വാഹനത്തിന്റെ ഇന്ധനടാങ്ക് ശേഷി. ഫുള്‍ ടാങ്കില്‍ ഏതാണ്ട് 550 കിലോമീറ്റര്‍ ഓടാം. മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ ഇന്ധനടാങ്ക് ശേഷി 42 ലിറ്ററാണ്. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ20യില്‍ 43 ലിറ്റര്‍ ടാങ്കാണുള്ളത്.

        സ്റ്റീയറിങ് വീല്‍

        സ്റ്റീയറിങ് വീല്‍

        മൂന്ന് ആരങ്ങളുള്ള, നിരവധി നിയന്ത്രണസംവിധാനങ്ങള്‍ ചേര്‍ത്ത സ്റ്റീയറിങ് വീലാണ് ബോള്‍ട്ടിനുള്ളത്. ഓഡിയോ സിസ്റ്റത്തിന്റെ വോള്യം കുറയ്ക്കലും കൂട്ടലും അടക്കമുള്ള സംവിധാനങ്ങളെല്ലാം ഇതില്‍ ചേര്‍ത്തിരിക്കുന്നു. ഹോണ്‍ അടിക്കാന്‍ കുറച്ച് പണിപ്പെടേണ്ടി വരുന്നു എന്നത് ഒരു പോരായ്മയാണ്. വാഹനത്തിന്റെ ടേണിങ് റേഡിയസ് 5.1 മീറ്ററാണ്.

        അലോയ് വീലുകള്‍

        അലോയ് വീലുകള്‍

        എട്ട് ആരങ്ങളുള്ള 15 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. ലളിതമെങ്കിലും വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നുണ്ട് ഈ വീലുകള്‍. ഗൂഡ്ഇയറിന്റേതാണ് ബോള്‍ട്ടിന്റെ ട്യൂബ്‌ലെസ് ടയറുകള്‍. ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ചേര്‍ത്തിരിക്കുന്നു.

        ഇന്‍ഫോടെയ്ന്‍മെന്റ്

        ഇന്‍ഫോടെയ്ന്‍മെന്റ്

        ബോള്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത് ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. മാപ്‌മൈഇന്ത്യയുടെ പുതുതലമുറ നാവിഗേഷന്‍ സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു ഇതില്‍. 5 ഇഞ്ച് വീഡിയോ ഡിസ്‌പ്ലേയാണ് സിസ്റ്റത്തിനുള്ളത്. സ്മാര്‍ട്‌ഫോണ്‍ അടിസ്ഥാനമാക്കിയുള്ള നേവിഗേഷന്‍ സിസ്റ്റമാണിതില്‍. അത്യാധുനികമായ ബ്ലൂടൂത്ത് സാങ്കേതികത, സ്മാര്‍ട് വോയ്‌സ് റെക്കഗ്നിന്‍, ഇന്‍കമിങ് എസ്എംഎസ് നോട്ടിഫിക്കേന്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഈ സിസ്റ്റത്തിലുണ്ട്.

        ഇന്‍ഫോടെയ്ന്‍മെന്റ്

        ഇന്‍ഫോടെയ്ന്‍മെന്റ്

        മാപ്‌മൈഇന്ത്യ നേവിഗേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങളുടെ സ്മാര്‍ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട ആപ്ലിക്കേഷനുകള്‍.

        • മാപ്‌മൈഇന്ത്യ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
        • കണക്ട്‌നെക്‌സ്റ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
        • ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം സ്മാര്‍ട്‌ഫോണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി യുഎസ്ബി പോര്‍ട് വഴി ബന്ധിപ്പിക്കുക.
        • മാപ്‌മൈഇന്ത്യ ആപ്ലിക്കേഷന്‍ സ്മാര്‍ട്‌ഫോണില്‍ തുറക്കുക. കാറിന്റെ 5 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ മാപ്പ് ലഭ്യമാകും.
        • ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ വേണ്ടത്ര പ്രതികരണക്ഷമത കാണിക്കുന്നില്ല എന്നത് ഒരു പോരായ്മായാണ്.

          ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

          ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

          എളുപ്പത്തില്‍ വായ്‌ച്ചെടുക്കാവുന്ന അനലോഗ് മീറ്ററാണ് നല്‍കിയിരിക്കുന്നത്. മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയില്‍ സമയം, ട്രിപ് ലോഗ്, താപനില, ഇന്ധനനില, ഇന്ധനക്ഷമത, ഡ്രൈവ് മോഡ് എന്നീ വിവരങ്ങള്‍ നല്‍കുന്നു.

          ഫ്രണ്ട് സീറ്റുകള്‍

          ഫ്രണ്ട് സീറ്റുകള്‍

          ഫാബ്രിക് സീറ്റുകളാണ് ബോള്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. മികച്ച ഗുണനിലവാരം പുലര്‍ത്തുന്നുണ്ട് ഇവ.

          മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ മോഡുകള്‍

          മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ മോഡുകള്‍

          • പുറത്തെ താപനില
          • തല്‍ക്കാല ഡ്രൈവിങ് കണ്ടീഷനിലെ ഇന്ധന ഉപഭോഗം
          • ഇന്ധനനില
          • ശരാശരി ഇന്ധന ഉപഭോഗം
          • ട്രിപ് ലോഗ്
          • സമയം
          • ഡ്രൈവ് മോഡ് ഇന്‍ഡിക്കേറ്റര്‍
          • ഔട്‌സൈഡ് മിറര്‍

            ഔട്‌സൈഡ് മിറര്‍

            ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന റിയര്‍വ്യൂ മിററുകളാണ് വാഹനത്തിലുള്ളത്. സ്‌റ്റൈലന്‍ ഡിസൈനില്‍ വരുന്നു ഇവ.

            ഹാന്‍ഡ്‌ബ്രേക്ക്

            ഹാന്‍ഡ്‌ബ്രേക്ക്

            മറ്റു കാറുകളിലേതിനെ അപേക്ഷിച്ച് ഹാന്‍ഡ്‌ബ്രേക്ക് വളരെ സോഫ്റ്റായതിനാല്‍ ബ്രേക്ക് വീണോ എന്നറിയാന്‍ രണ്ടോ മൂന്നോ തവണ പരിശോധിക്കേണ്ടിവന്നു. ഇതൊരു പ്രശ്‌നമായി ചൂണ്ടിക്കാട്ടുകയല്ല. പരിചയിക്കുന്നതോടെ തീരുന്ന ഒരു ചെറിയ കാര്യം ചൂണ്ടിക്കാണിച്ചുവെന്നു മാത്രം.

            സ്‌റ്റോറേജ്

            സ്‌റ്റോറേജ്

            ബോള്‍ട്ടിന്റെ ഒരു പ്രധാന പോരായ്മയായി തോന്നിയത് സ്‌റ്റോറേജ് സ്‌പേസിന്റെ കുറവാണ്. ഡോര്‍ പോക്കറ്റുകള്‍ക്കുള്ള വലിപ്പക്കുറവും ബോട്ടില്‍ ഹോള്‍ഡറുകള്‍ നല്‍കാത്തതും വലിയ പ്രശ്‌നമായി തോന്നാം ചിലര്‍ക്ക്. ചിത്രത്തില്‍ കാണുന്ന സെന്‍ട്രല്‍ ബോട്ടില്‍ ഹോള്‍ഡറില്‍ മിക്കവാറും നമ്മുടെ സ്മാര്‍ട്‌ഫോണ്‍ വിശ്രമിക്കും എന്നത് പറയേണ്ടതില്ലല്ലോ?

            എതിരാളികള്‍

            എതിരാളികള്‍

            ബോള്‍ട്ട് നിരത്തിലിറങ്ങുന്നത് വമ്പന്മാരുമായി ഏറ്റുമുട്ടാനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാരുതി സ്വിഫ്റ്റ് എന്ന, വിപണിയുടെ അധികാരിയായ വാഹനവും ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 എന്ന വിപണിയില്‍ മികച്ച വിജയം നേടിയ വാഹനവും ബോള്‍ട്ടിനെ കാത്തിരിക്കുന്നു. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 4.3 ലക്ഷത്തിനും 5.8 ലക്ഷത്തിനും ഇടയിലാണ് കാറിന്റെ വില. മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിന് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. വില 4.4 ലക്ഷത്തിനും 5.9 ലക്ഷത്തിനും ഇടയില്‍.

            വിധി

            വിധി

            മികവ്

            • മികച്ച സ്‌പേസ്
            • മികച്ച റൈഡ് ക്വാളിറ്റി
            • സുഖകരമായ റൈഡ്
            • മികച്ച ബില്‍ഡ് ക്വളിറ്റിയും ഫിറ്റ് ആന്‍ഡ് ഫിനിഷും
            • മികച്ച ഇലക്ട്രോണിക് പവര്‍ സ്റ്റീയറിങ്
            • മള്‍ടി ഡ്രൈവിങ് സിസ്റ്റം
            • ഹര്‍മാന്‍ ഇന്‍ഫോടെയന്‍മെന്റ് ഓഡിയോ സിസ്റ്റം
            • കുറവ്

              • കാബിനിലെ സ്‌റ്റോറേജ് സൗകര്യങ്ങളുടെ കുറവ്
              • ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍ വേണ്ടത്ര പ്രതികരണക്ഷമമല്ല
              • എ പില്ലാറിന്റെ വീതിക്കൂടുതല്‍ ബ്ലൈന്‍ഡ് സ്‌പോട്ട് സൃഷ്ടിക്കുന്നു
              • എക്‌സ് ഫാക്ടര്‍

                • തന്ത്രപരമായി വിലയിടാന്‍ സാധിച്ചാല്‍ ടാറ്റ ബോള്‍ട്ട് വിപണിയില്‍ അര്‍മാദിച്ചേക്കും!
                • ടാറ്റ മികവ് കണ്ടെത്തേണ്ട ഇടം

                  • ടാറ്റയുടെ വില്‍പനാന്തരസേവനം വേണ്ടത്ര മത്സരക്ഷമമല്ല. മാരുതി, ഹ്യൂണ്ടായ്, ഫോഡ് തുടങ്ങിയ എതിരാളികള്‍ ഈ വഴിക്ക് ഏറെ മുന്നേറിയിട്ടുണ്ട്.
                  • ടാറ്റയെക്കുറിച്ച് ചില വസ്തുതകള്‍

                    ടാറ്റയെക്കുറിച്ച് ചില വസ്തുതകള്‍

                    • ഹെഡ്ക്വാര്‍ട്ടേഴ്‌സ്: ബോംബെ ഹൗസ് 24, ഹോമി മോഡി സ്ട്രീറ്റ്, മുംബൈ
                    • സ്ഥാപിച്ചത്: 1968ല്‍ ജംഷഡ്ജി നുസ്സര്‍വാഞ്ചി ടാറ്റ
                    • ബിസിനസ്സ്: ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എന്‍ജിനീയറിങ്, എനര്‍ജി, കെമിക്കല്‍സ്, കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍.
                    • ഷെയര്‍ഹോള്‍ഡര്‍ ബേസ്: 3.9 ദശലക്ഷം
                    • ഉടമസ്ഥതയിലുള്ള കമ്പനികള്‍: നൂറിലധികം
                    • തൊഴിലാളികളുടെ എണ്ണം: 581,470
                    • അന്താരാഷ്ട്ര സാന്നിധ്യം: 80ലധികം രാഷ്ട്രങ്ങളില്‍
                    • അന്താരാഷ്ട്ര വരുമാനം: 2013-14ല്‍ 69.4 ബില്യണ്‍ ഡോളര്‍

Most Read Articles

Malayalam
English summary
Fast forward to today,Tata's Bolt hatchback, scheduled for launch this yearend, has everyone sitting up and taking notice. Here is a test drive review of Tata Bolt hatchback.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X