ഹ്യൂണ്ടായ് ഐ10 സെഡാനിന്‍റെ രാഷ്ട്രീയം

തുര്‍ക്കിയില്‍ നടക്കുന്നത് ഇന്ത്യയെ ബാധിക്കില്ല എന്ന് ഖിലാഫത്ത് കാലം ഓര്‍മയിലുള്ള ആരും പറയില്ല. ഇതേ ന്യായത്തിന്‍റെ ബലത്തില്‍, ഹ്യൂണ്ടായ് കോംപാക്ട് സെഡാന്‍ ഇന്ത്യയില്‍ അധികം താമസിക്കാതെ എത്തിച്ചേരും എന്ന് എനിക്ക് പറയാനാവും. ഹ്യൂണ്ടായ് തുര്‍ക്കിയുടെ ചെയര്‍മാന്‍ ഉമിത് കരാര്‍സലന്‍ (Umit Karaarsalan), വരുംതലമുറ ഐ10ഉം ഐ10 കോംപാക്ട് സെഡാനും തുര്‍ക്കിയില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുന്നു.

ഹ്യൂണ്ടായ് ഐ10 ഹാച്ച്ബാക്ക് നിലവില്‍ വലിയതോതില്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുകയും വിദേശത്തേക്ക് കയറ്റിവിടുകയുമാണ് ചെയ്തുവരുന്നത്. രാജ്യത്ത് പൂര്‍ണ സന്നാഹങ്ങളിരിക്കെ, വിദേശത്തുനിന്ന് ഹ്യൂണ്ടായ് ഐ10 സെഡാന്‍ കൊണ്ടുവരേണ്ട കാര്യമൊന്നുമില്ല. ഇന്ത്യയില്‍ തന്നെയാകും നിര്‍മാണം. പക്ഷെ, ഉമിത് പറയുന്നതില്‍ നിന്ന് ഊഹിച്ചെടുക്കാവുന്ന ഒരു കാര്യം ഐ10 സെഡാന്‍ പ്രഖ്യാപനം തുര്‍ക്കി വിപണിക്ക് മാത്രം ബാധകമായ ഒന്നാണെന്നാണ്. ഖിലാഫത്ത് പോലെ ഹ്യൂണ്ടായ് ഐ10 ഇന്ത്യയിലേക്ക് കടന്നുവരണമെന്നില്ല എന്നര്‍ത്ഥം. പിന്നെയുള്ള സാധ്യത എന്താണ്?

Hyundai i20 Sedan

നിലവില്‍, ടാറ്റ ഇന്‍ഡിഗോ സിഎസ്, മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍ എന്നീ കോംപാക്ട് സെഡാനുകളാണ് വിപണിയിലുള്ളത്. ടാറ്റ മാന്‍സ, മഹീന്ദ്ര വെരിറ്റോ, ഹോണ്ട അമേസ് എന്നിവര്‍ ഇന്നോ നാളെയോ എന്ന കണക്കില്‍ വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുന്നു. ഈ വിഭാഗത്തില്‍ ഹ്യൂണ്ടായിയുടെ അസാന്നിധ്യം നടപ്പ് വിപണിസാഹചര്യത്തില്‍ നിര്‍ണായകമായ ഒന്നായിരിക്കും. ഈ അസാന്നിധ്യം സഹിക്കാന്‍ ഹ്യൂണ്ടായ് തയ്യാറാകില്ലെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ഇതിനിടയില്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യം കൂടി പറയാം. കോംപാക്ട് സെഡാന്‍ വിപണിയിലെത്തുമെന്നല്ലാതെ അത് ഐ10 ആണെന്നോ ഐ20 ആണെന്നോ പറയുന്നില്ല. ഐ20 സെഡാന്‍ പതിപ്പ് ആലോചനയിലുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇവിടെ ചില ഊഹങ്ങള്‍ നമ്മുടെ രക്ഷക്കെത്തുന്നു. ഐ20 പ്ലാറ്റ്ഫോം ഒരു കോംപാക്ട് സെഡാന് എത്രത്തോളം യോജിച്ചതാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാല്‍ പ്രശ്നം തീര്‍ന്നുകിട്ടും. മാരുതി സുസൂക്കി സ്വിഫ്റ്റിനെ കോംപാക്ട്‍വല്‍ക്കരിച്ചതിന്‍റെ കോലം നമ്മള്‍ കണ്ടതാണ്. ഈ പ്രശ്നം ഐ10നും ഉണ്ടാകാതെ തരമില്ല.

ഹ്യൂണ്ടായ് ഐ10 ഹാച്ച്ബാക്ക് ഒരു കോംപാക്ട് പതിപ്പിന് വളരെ വഴക്കമുള്ള ശരീരമാണ്. പ്ലാറ്റ്ഫോമിന്‍റെ വലിപ്പക്കുറവ് ബൂട്ട് പിടിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യം. ഒട്ടും മുഴച്ചുനില്‍ക്കില്ല.

ഇത്രയെല്ലാം പറഞ്ഞത് വെറും ഊഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നു ഓര്‍മിപ്പിച്ചുകൊള്ളട്ടെ. ഇനി ഹ്യൂണ്ടായ് തങ്ങളുടെ ഐ20 മോഡലിന് കോംപാക്ട് പതിപ്പ് കൊണ്ടുവന്നാല്‍ എന്നെ തല്ലാന്‍ വന്നേക്കരുത്. ഹ്യൂണ്ടായ്ക്കൊക്കെ എന്തും ആവാമല്ലോ?

Most Read Articles

Malayalam
English summary
Hyundai is planning to build a compact sedan version of i10 hatchback.
Story first published: Friday, January 4, 2013, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X