'ഇവര്‍ കാലത്തെ അതിജീവിച്ചവര്‍'; വിപണിയില്‍ വിസ്മയം ഉണര്‍ത്തുന്ന കാറുകള്‍

Written By:

ഇന്ത്യന്‍ തുടിപ്പ് അറിഞ്ഞ ആദ്യ കാറാണ് മാരുതി 800. ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800 നെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും.

അന്നും ഒരുപിടി കാറുകള്‍ നിരത്തുകളില്‍ സാന്നിധ്യമറിയിച്ചിരുന്നെങ്കിലും ഇന്ത്യന്‍ മനസ് കീഴടക്കിയത് മാരുതി 800 മാത്രമായിരുന്നു.

കാലഘട്ടത്തിനൊത്ത മാറ്റം അനിവാര്യമായി വന്നെത്തിയപ്പോള്‍, മാരുതി 800 അപ്രത്യക്ഷമായി. 

ഇത് പോലെ പുത്തന്‍ താരോദയങ്ങളുടെ പശ്ചാത്തലത്തില്‍ മാഞ്ഞ് പോയ കാറുകള്‍ നിരവധിയാണ്.

എന്നാല്‍ കാലഘട്ടത്തെ അതിജീവിച്ച് ഉത്പാദനം തുടരുന്ന മോഡലുകളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ?

'1966 ഫിയറ്റ് 124 ഒരിക്കല്‍ കൂടി വിപണിയില്‍ എത്തിയിരുന്നെങ്കില്‍' എന്ന് ആശിക്കുന്ന ഒത്തിരി ഒാട്ടോപ്രേമികൾ ഇന്നും വിപണിയിൽ ഉണ്ട്.

ഇത്തരക്കാര്‍ക്ക് ആശ്വാസമായാണ് പഴമയുടെ തനിമയില്‍ ഒരുകൂട്ടം കാറുകള്‍ ഇന്നും ജീവശ്വാസം നേടുന്നത്.

കാലത്തെ അതിജീവിച്ച് വിപണിയില്‍ വിസ്മയം ഉണര്‍ത്തുന്ന ചില കാറുകളെ ഇവിടെ പരിചയപ്പെടാം-

  • സുസൂക്കി ജിമ്‌നി

ജിമ്‌നിയുടെ മൂന്നാം തലമുറയെ ഓട്ടോപ്രേമികള്‍ക്ക് മുന്നില്‍ മുഖവുര നല്‍കേണ്ട ആവശ്യമില്ല.

പ്രായത്തിലും പ്രൗഢിയിലും ജാപ്പനീസ് യശസ്സ് ഉയര്‍ത്തി പിടിക്കുന്ന ജിമ്‌നി, ഒരു കാലത്ത് ഓഫ്-റോഡിംഗ് പ്രേമികളുടെ ഇഷ്ട മോഡലായിരുന്നു.

1970 ലെ LJ10 നെ (ലൈറ്റ് ജീപ്പ് 10) പശ്ചാത്തലമാക്കിയാണ് ഇന്ന് ജിമ്‌നികള്‍ ഒരുങ്ങുന്നത്. LJ10 ലൂടെയാണ് വിപണിയില്‍ മിനി എസ്‌യുവി സങ്കല്‍പത്തെ സുസൂക്കി അവതരിപ്പിച്ചത്.

മാത്രമല്ല, സുസൂക്കിയുടെ 4x4 പാരമ്പര്യത്തിന്റെ ഉറവിടവും ഇതേ LJ10 മിനി എസ്‌യുവിയാണ്.

359 സിസി എയര്‍കൂള്‍ഡ്, ടൂ-സ്‌ട്രോക്ക് ടൂ സിലിണ്ടര്‍ എഞ്ചിനിലാണ് LJ10 എത്തിയിരുന്നത്.

1988 ലെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിച്ചതിന് പിന്നാലെ സുസൂക്കി ജിമ്‌നി രാജ്യാന്തര ശ്രദ്ധ നേടുകയായിരുന്നു. 

സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം എന്ന വാക്കിന് അര്‍ത്ഥപൂര്‍ണത നല്‍കിയ ആദ്യ മോഡലാണ് സുസൂക്കി ജിമ്‌നി.

ബോഡി-ഓണ്‍-ഫ്രെയിം ചാസി, ഡ്യൂവല്‍ റേഷിയോ ട്രാന്‍സ്ഫര്‍ ബോക്‌സ്, വാക്കം-ലോക്കിംഗ് ഹബുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്‍പ്പെടുന്ന ജിമ്‌നിയുടെ ഓഫ്-റോഡിംഗ് ഫീച്ചറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ക്യാബിനുള്ളില്‍ തുറന്ന് കാട്ടിയ വയറുകളും, സ്‌ക്രൂകളും ജിമ്‌നിയുടെ മാത്രം പ്രത്യേകതയാണ്. ഹാര്‍ഡ് പ്ലാസ്റ്റിക്കിലാണ് ജിമ്‌നിയുടെ ക്യാബിന്‍ ഒരുക്കപ്പെട്ടിട്ടുള്ളത്.

ഓഫ്-റോഡിംഗ് സവിശേഷതകളുമായി വന്നെത്തുന്ന ജിമ്‌നിയില്‍ പിന്‍യാത്രക്കാര്‍ക്ക് അത്ര സുഖകരമായ അനുഭവം അല്ല ലഭിക്കുകയെന്ന് ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നുണ്ട്.

  • ലാദ നൈവ

റഷ്യയില്‍ നിന്നും രാജ്യാന്തര വിപണിയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കാറാണ് ലാദ.

1979 ല്‍ ആദ്യമായി അവതരിച്ച ലാദയെ പാശ്ചാത്ത്യ ലോകം വിളിച്ചിരുന്നത് റിവാ എന്നാണ്. 2012 ല്‍ റിവായുടെ ഉത്പാദനം നിര്‍ത്തിയെങ്കിലും, നൈവാ എന്ന മോഡലിലൂടെ റിവാ (ലാദ) വീണ്ടും ജീവശ്വാസം നേടി.

നിലവിൽ ലാദ 4x4 എന്ന പേരിലാണ് മോഡല്‍ രാജ്യാന്തര വിപണികളില്‍ സാന്നിധ്യമറിയിക്കുന്നത്.

കോയില്‍ സ്പ്രിംഗുകളോട് കൂടിയ സ്വതന്ത്രമായ ഫ്രണ്ട് സസ്‌പെന്‍ഷനും, യൂണിബോഡി ആര്‍ക്കിടെക്ച്ചറുമുള്ള ആദ്യ പ്രൊഡക്ഷന്‍ ഓഫ്-റോഡ് വാഹനമാണ് ലാദ നൈവ.

സുസൂക്കി വിതാര ഉള്‍പ്പെടുന്ന ക്രോസോവര്‍ എസ് യു വികള്‍ ഇന്ന് പാലിച്ച് പോരുന്നത് ലാദ നൈവയുടെ തത്വങ്ങളെയാണ് എന്നതും ശ്രദ്ധേയം.

മികച്ച ഓഫ്-റോഡിംഗ് അനുഭൂതിയ്ക്കായി ബോള്‍ ട്രാക്ക് സ്റ്റീയറിംഗ് ബോക്‌സാണ് ലാദ നൈവയില്‍ ഒരുങ്ങിയിട്ടുള്ളത്.

VAZ 2121 എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന നൈവ, റഷ്യയുടെ സിജെ സീരിസിനും, ഒരു പരിധി വരെ ജീപ്പ് റാംഗ്ലറിനും തത്തുല്യമാണ്. 'ചെലവ് കുറഞ്ഞ-മെയിന്റനന്‍സ് കുറഞ്ഞ' ഓഫ്-റോഡിംഗ് വാഹനമെന്ന ആശയത്തിലാണ് ലാദ നൈവ എത്തിയത്.

റഷ്യയുടെ അന്റാര്‍ട്ടിക് പര്യവേക്ഷണ കേന്ദ്രമായ ബെല്ലിംഗ്‌ഹൊസന്‍ സ്റ്റേഷനില്‍ ഉപയോഗിക്കുന്നത് ലാദ നൈവയാണ് എന്നത് മോഡലിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നു.

  • മോര്‍ഗന്‍ 4/4

കാലത്തെ അതിജീവിച്ചവരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് മോര്‍ഗന്‍ 4/4 ന്റെ സ്ഥാനം.

1955 4/4 സീരിസ് II ന് സമാനമായി പുറത്തിറങ്ങിയ 2016 മോര്‍ഗന്‍ 4/4 നെ കണ്ട വിപണിയുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല.

മോര്‍ഗന്‍ മോട്ടോര്‍ കമ്പനിയില്‍ നിന്നും നാല് ചക്രങ്ങളോട് കൂടിയെത്തിയ ആദ്യ മോഡലെന്ന ഖ്യാതിയും 1936 ല്‍ വന്നെത്തിയ മോര്‍ഗന്‍ 4/4 ന് ഉണ്ട്. പേരിലെ '4/4' സൂചിപ്പിക്കുന്നതും ഇതാണ്.

വിന്റേജ് കാറുകള്‍ക്ക് പ്രിയമേറുന്ന ഇന്നത്തെ വിപണിയില്‍ 20 ആം നൂറ്റാണ്ടിന്റെ പാരമ്പര്യ തനമ ഒട്ടും ചോരാതെയാണ് പുത്തന്‍ മോര്‍ഗന്‍ 4/4 പോലും എത്തുന്നത്.

1955 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ 386 യൂണിറ്റുകള്‍ മാത്രമാണ് മോര്‍ഗന്‍ മോട്ടോര്‍ കമ്പനി നിര്‍മ്മിച്ചിരുന്നത്. അക്കാലങ്ങളില്‍ മോഡലിന് കരുത്തേകിയതോ ഫോര്‍ഡ് 100E 1.2 ലിറ്റര്‍ എഞ്ചിനും.

ഫോര്‍ഡ് സിഗ്മ 1.6 ലിറ്റര്‍ എഞ്ചിനിലാണ് നിലവിലെ മോര്‍ഗന്‍ 4/4 എത്തുന്നത്. മാസ്ദയില്‍ നിന്നുമുള്ള 5 സ്പീഡ് സ്റ്റിക്ക് ട്രാന്‍സ്മിഷനാണ് 2009 മുതലുള്ള മോഡലില്‍ കമ്പനി നല്‍കുന്നത്.

ഉപഭോക്താക്കളുടെ ബജറ്റിനും ആവശ്യത്തിനും അനുസരിച്ച് മോര്‍ഗന്‍ 4/4 നെ കസ്റ്റമൈസ് ചെയ്താണ് കമ്പനി നല്‍കുന്നത്.

  • മെര്‍സിഡീസ് ബെന്‍സ് ജി-ക്ലാസ് (W463 ജനറേഷന്‍)

ജി-വാഗന്‍ എന്നും അറിയപ്പെടുന്ന മെര്‍സിഡീസ് ബെന്‍സ് ജി ക്ലാസിനെ നിര്‍മ്മിക്കുന്നത് ഓസ്ട്രിയയിലെ മാഗ്ന സ്റ്റെയറും വില്‍ക്കുന്നത് മെര്‍സിഡീസ് ബെന്‍സുമാണ്.

ചില വിപണികളില്‍ 'പഞ്ച് ജി' എന്ന പേരിലാണ് ഫോര്‍വീല്‍ ഡ്രൈവ് ലക്ഷ്വറി എസ്‌യുവിയെ മെര്‍സിഡീസ് അവതരിപ്പിക്കുന്നത്.

ബോഡി ഒണ്‍ ഫ്രെയിം ചാസി, ക്ലാസി-ബോക്‌സി സ്‌റ്റൈലിംഗ് എന്നീ ഘടകങ്ങളാണ് ജി വാഗനില്‍ എന്നും ശ്രദ്ധ നേടിയിട്ടുള്ളത്.

2006 ലാണ് യുണിബോഡി എസ്‌യുവി മെര്‍സിഡീസ് ബെന്‍സ് ജി ക്ലാസായി മോഡലിനെ മെര്‍സിഡീസ് പുനരവതരിപ്പിച്ചത്.

1979 ല്‍ ഇറാനിയന്‍ ഷാ, മുഹമ്മദ് റേസാ പല്‍വി നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് മെര്‍സിഡീസ്, ജി-ക്ലാസിനെ അവതരിപ്പിച്ചത്. ആ കാലഘട്ടത്തില്‍ മെര്‍സിഡീസിന്റെ നിര്‍ണായക ഓഹരി പങ്കാളിയായിരുന്നു ഇറാനിയന്‍ ഷാ.

ആദ്യ ഘട്ടത്തില്‍ സൈനികാവശ്യങ്ങള്‍ക്കായാണ് ജി ക്ലാസിനെ നിര്‍മ്മിച്ചതെങ്കിലും 1979 ല്‍ ജി-ക്ലാസിന്റെ സിവിലിയന്‍ വേര്‍ഷന്‍ വന്നെത്തി.

1979 വേര്‍ഷന്‍ ജി ക്ലാസിനെ പശ്ചാത്തലമാക്കിയാണ് ഇന്നും മെര്‍സിഡീസ് ബെന്‍സ് ജി ക്ലാസ് ഒരുങ്ങുന്നത്.

വിപണിയിൽ വിസ്മയം ഉണർത്തുന്ന കാറുകളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. ഫോക്‌സ്‌വാഗണില്‍ നിന്നും, ഫിയറ്റില്‍ നിന്നുമെല്ലാം ഇപ്പോഴും ഒരുപിടി 'പഴഞ്ചന്‍' കാറുകള്‍ ഇന്നും അരങ്ങ് വാഴുന്നുണ്ട്. വരും ഭാഗങ്ങളില്‍ കാലത്തെ അതിജീവിച്ച മറ്റ് കാറുകളെ ഇവിടെ അവതരിപ്പിക്കാം.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം #off beat
Story first published: Thursday, May 11, 2017, 12:48 [IST]
English summary
Oldest cars still in production. Read in Malayalam.
Please Wait while comments are loading...

Latest Photos